ആ 125 കോടി എങ്ങനെ ഭാഗിക്കും, സഞ്ജുവിനെത്ര കിട്ടും, ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമായി
ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ബിസിസിഐ നല്‍കിയ സമ്മാനത്തുക 125 കോടി രൂപയാണ്. ഈ സമ്മാനത്തുക എങ്ങനെ വിതരണം ചെയ്യുമെന്ന ആരാധര്‍ക്കിടയില്‍ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. ഇപ്പോഴിതാ ഈ സംശയങ്ങള്‍ക്ക് ഉത്തരമായിരിക്കുകയാണ്. 42 അംഗ ഇന്ത്യന്‍ സംഘമാണ് ലോകകപ്പിനായി പോയത്.
സമ്മാനത്തുക വീതംവെപ്പ് ഇങ്ങനെ
ടീമിലെ 15 അംഗങ്ങള്‍ക്കും 5 കോടി വീതം: ലോകകപ്പ് ടീമിലെ 15 അംഗങ്ങള്‍ക്കും അഞ്ച് കോടി രൂപ വീതം ലഭിക്കും. പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കാത്ത സഞ്ജു സാംസണ്‍, യശസ്വി ജയ്സ്വാള്‍, യുസ്വേന്ദ്ര ചാഹല്‍ എന്നിവരും ഇതില്‍ ഉള്‍പ്പെടുന്നു.
പരിശീലകര്‍ക്കും കോടികള്‍: മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്, ബാറ്റിംഗ് കോച്ച് വിക്രം റാത്തോഡ്, ഫീല്‍ഡിംഗ് കോച്ച് ടി ദിലീപ്, ബൗളിംഗ് കോച്ച് പരസ് മാംബ്രെ എന്നിവര്‍ക്ക് 2.5 കോടി രൂപ വീതമാകും ലഭിക്കുക
സെലക്ഷന്‍ കമ്മിറ്റിക്കുമുണ്ട് സമ്മാനം: ലോകകപ്പ് ടീം സെലക്ഷന്‍ നടത്തിയ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയിലെ അഞ്ച് അംഗങ്ങള്‍ക്കും ഒരോ കോടി രൂപ വീതം ലഭിക്കും.
സപ്പോര്‍ട്ട് സ്റ്റാഫിനും വിഹിതം: ഫിസിയോ തെറാപ്പിസ്റ്റുകള്‍, ത്രോ ഡൗണ്‍ സ്പെഷലിസ്റ്റുകള്‍, മസാജര്‍മാര്‍, സ്‌ട്രെങ്ത് ആന്‍ഡ് കണ്ടീഷനിംഗ് കോച്ച് എന്നിവര്‍ ഉള്‍പ്പെടെയുള്ള സപ്പോര്‍ട്ട് സ്റ്റാഫിന് രണ്ട് കോടി രൂപ വീതം ലഭിക്കും.
റിസര്‍വ് താരങ്ങളേയും മറന്നിട്ടില്ല : റിസര്‍വ് താരങ്ങളായിരുന്ന ശുഭ്മാന്‍ ഗില്‍, റിങ്കു സിംഗ്, ആവേശ് ഖാന്‍, ഖലീല്‍ അഹമ്മദ് എന്നിവര്‍ക്ക് ഓരോ കോടി വീതം ലഭിക്കും.
മറ്റ് അംഗങ്ങള്‍ക്കും വിഹിതം: വീഡിയോ അനലിസ്റ്റ്, മീഡിയ ഓഫീസര്‍, ലോജിസ്റ്റിക് മാനേജര്‍ എന്നിവര്‍ക്കും സമ്മാനത്തുകയില്‍ നിന്ന് ഒരു ഭാഗം ലഭിക്കും.