24 പന്തിൽ ഫിഫ്റ്റി; പതിമൂന്ന് കാരന്റെ ചിറകിലേറി ഇന്ത്യ ഫൈനലിലേക്ക്
13-കാരനായ വൈഭവ് സൂര്യവംശിയുടെ മിന്നും പ്രകടനത്തിന്റെ കരുത്തിൽ ഇന്ത്യ അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിൽ പ്രവേശിച്ചു. ശ്രീലങ്കയ്‌ക്കെതിരായ സെമിഫൈനലിൽ വെറും 36 പന്തിൽ നിന്ന് 67 റൺസ് നേടിയ വൈഭവ്, ഇന്ത്യയുടെ ഏഴ് വിക്കറ്റ് വിജയത്തിൽ നിർണായക പങ്ക് വഹിച്ചു.
ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) രാജസ്ഥാൻ റോയൽസ് 1.1 കോടി രൂപയ്ക്ക് വാങ്ങിയ വൈഭവ്, ഏഷ്യാ കപ്പിൽ തുടക്കം മുതൽ തന്നെ ശ്രദ്ധാകേന്ദ്രമായിരുന്നു. പാകിസ്ഥാനെതിരെയും ജപ്പാനെതിരെയും വൈഭവിന് തിളങ്ങാനായില്ലെങ്കിലും യുഎഇയ്‌ക്കെതിരെ 76 റൺസിന്റെ മികച്ച ഇന്നിംഗ്സ് കളിച്ച താരം വരവറിയിച്ചു.
സെമിഫൈനലിലും വൈഭവ് തന്റെ മിന്നും ഫോം തുടർന്നു. 24 പന്തിൽ നിന്ന് അർദ്ധസെഞ്ച്വറി നേടിയ വൈഭവ്, ആറ് ഫോറുകളും അഞ്ച് സിക്സറുകളും അടക്കമാണ് വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവച്ചത്. ഇന്നിംഗ്സിലെ രണ്ടാം ഓവറിൽ തന്നെ 31 റൺസ് നേടാൻ ഇന്ത്യയെ സഹായിച്ചത് വൈഭവിന്റെ ആക്രമണോത്സുകമായ ബാറ്റിങ്ങാണ്.
ശ്രീലങ്കയുടെ മോശം ബൗളിംഗും വൈഭവിന് ഗുണം ചെയ്തു. ഡൽനിത്ത് സിഗേര തുടർച്ചയായി പന്തുകൾ വൈഡ് എറിഞ്ഞു സ്വയം സമ്മർദ്ധത്തിലായപ്പോൾ അവസരം മുതലെടുക്കാൻ വൈഭവിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. സിഗേരയുടെ ഈ ഓവറിൽ ആകെ 27 റൺസാണ് ഇന്ത്യ നേടിയത്.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 46.3 ഓവറിൽ 173 റൺസിന് പുറത്തായിരുന്നു. വൈഭവന്റെയും, അയുഷ് മാത്രെയുടെയും ബാറ്റിംഗ് മികവിൽ ഇന്ത്യ വിജയലക്ഷ്യം 21.4ഓവറിൽ മറികടന്നു . ഇന്ത്യയ്ക്ക് വേണ്ടി ചേതൻ ശർമ്മ മൂന്ന് വിക്കറ്റുകളും, കിരൺ ചോർമലെ, അയുഷ് മാത്രെ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.
ഇന്ത്യൻ ബാറ്റിങ്ങിൽ വൈഭവിന് പുറമെ, അയുഷ് മാത്രെ 34 റൺസും, മുഹമ്മദ് അമാൻ 25 റൺസും, ആന്ദ്രേ സിദ്ധാർത്ഥ് 22 റൺസും, കെ പി കാർത്തികേയ 11 റൺസും നേടി.