75 വര്‍ഷത്തിനിടെ ഇതാദ്യം, ചരിത്രമെഴുതി ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാര്‍
ചിറ്റഗോംഗില്‍ ബുധനാഴ്ച നടന്ന രണ്ടാം ടെസ്റ്റിലും ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെതിരെ വലിയ മുന്നേറ്റമാണ നടത്തുന്നത്. ഓള്‍റൗണ്ടര്‍ വിയാന്‍ മുള്‍ഡര്‍ നേടിയ കന്നി സെഞ്ച്വറി മത്സരത്തിലെ ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സില്‍ പിറന്ന മൂന്നാമത്ത ടെസ്റ്റ് സെഞ്ച്വറിയായി. ടോണി ഡി സോര്‍സി (177), ട്രിസ്റ്റന്‍ സ്റ്റബ്‌സ് (106) എന്നിവര്‍ക്കൊപ്പം മുള്‍ഡറും (105) സെഞ്ച്വറി നേടിയതോടെ 75 വര്‍ഷത്തിനിടെ ആദ്യമായി ഒരു ടെസ്റ്റില്‍ മൂന്ന് ബാറ്റ്‌സ്മാന്‍മാര്‍ ആദ്യ സെഞ്ച്വറി നേടുന്ന അപൂര്‍വ്വ നേട്ടത്തിന് ദക്ഷിണാഫ്രിക്ക ഉടമയായി.
മുള്‍ഡര്‍ 150 പന്തില്‍ നിന്ന് 105 റണ്‍സ് ആമ് നേടിയത്. ഡി സോര്‍സി അഞ്ചാം ടെസ്റ്റിലും സ്റ്റബ്‌സ് എട്ടാം ടെസ്റ്റിലും മുള്‍ഡര്‍ പതിനാറാം ടെസ്റ്റിലുമാണ് കരിയറിലെ തങ്ങളുടെ കന്നി സെഞ്ച്വറി നേടിയത്. 1948 നവംബറില്‍ വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയെ സന്ദര്‍ശിച്ചപ്പോഴാണ് ഇതിന് മുമ്പ് ഇത്തരമൊരു സംഭവം ഉണ്ടായത്. ഡല്‍ഹിയില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ക്ലൈഡ് വാല്‍കോട്ട് (152), ഗെറി ഗോമസ് (101), എവര്‍ട്ടണ്‍ വീക്ക്‌സ് (128), റോബര്‍ട്ട് ക്രിസ്റ്റ്യാനി (107) എന്നിവരുടെ സെഞ്ച്വറികളുടെ പിന്‍ബലത്തില്‍ അവര്‍ ആദ്യ ഇന്നിംഗ്‌സില്‍ 631 റണ്‍സ് നേടിയിരുന്നു. വാല്‍കോട്ട്, ഗോമസ്, ക്രിസ്റ്റ്യാനി എന്നിവര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അവരുടെ ആദ്യ സെഞ്ച്വറികള്‍ നേടിയപ്പോള്‍, വീക്ക്‌സിന് അത് രണ്ടാമത്തെ സെഞ്ച്വറിയായിരുന്നു.
അതെസമയം രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ബുധനാഴ്ച്ച ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെ ഒമ്പത് ഓവറില്‍ 38/4 എന്ന നിലയിലേക്ക് ചുരുക്കി. കാഗിസോ റബാഡ ആദ്യ ഓവറില്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ഡെയ്ന്‍ പാറ്റേഴ്‌സണും കേശവ് മഹാരാജും യഥാക്രമം 15, നാല് റണ്‍സിന് ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മുമ്പ്, 307/2 എന്ന ഓവര്‍നൈറ്റ് സ്‌കോറില്‍ നിന്ന് പുനരാരംഭിച്ച ഡി സോര്‍സിയും ഡേവിഡ് ബെഡിംഗ്ഹാമും ദക്ഷിണാഫ്രിക്കയുടെ സ്‌കോര്‍ വേഗത്തില്‍ ഉയര്‍ത്തി. ഡി സോര്‍സി 235 പന്തില്‍ നിന്ന് 150 റണ്‍സിലെത്തുകയും ബെഡിംഗ്ഹാം 70 പന്തില്‍ അര്‍ദ്ധ സെഞ്ച്വറി പൂര്‍ത്തിയാക്കുകയും ചെയ്തു. മൂന്നാം വിക്കറ്റില്‍ അവര്‍ 116 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ബെഡിംഗ്ഹാമിനെ 59 റണ്‍സിന് തൈജുല്‍ ഇസ്ലാം പുറത്താക്കി. ഡി സോര്‍സിയും താമസിയാതെ പുറത്തായി. 269 പന്തില്‍ നിന്ന് 177 റണ്‍സ് നേടിയ ഡി സോര്‍സിയെ തൈജുല്‍ എല്‍ബിഡബ്ല്യു ആക്കി.
വിയാന്‍ മുള്‍ഡറും സെനുരന്‍ മുത്തുസാമിയും (68 നോട്ടൗട്ട്) ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 152 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ദക്ഷിണാഫ്രിക്ക 575/6 എന്ന നിലയില്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു.
മിര്‍പൂരില്‍ നടന്ന ആദ്യ ടെസ്റ്റ് ഏഴ് വിക്കറ്റിന് ജയിച്ചതിന് ശേഷം, രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ക്ലീന്‍ സ്വീപ്പ് നേടാന്‍ ഐഡന്‍ മാര്‍ക്രമിന്റെ നേതൃത്വത്തിലുള്ള ദക്ഷിണാഫ്രിക്കക്ക് മികച്ച അവസരമാണുള്ളത്.
ചുരുക്കത്തില്‍:
ദക്ഷിണാഫ്രിക്ക 575/6 ഡിക്ലയര്‍ (ടോണി ഡി സോര്‍സി 177, ട്രിസ്റ്റന്‍ സ്റ്റബ്‌സ് 106, ഡേവിഡ് ബെഡിംഗ്ഹാം 59, കൈല്‍ വെറെയ്ന്‍ 105 നോട്ടൗട്ട്, സെനുരന്‍ മുത്തുസാമി 68 നോട്ടൗട്ട്; തൈജുല്‍ ഇസ്ലാം 5-198)
ബംഗ്ലാദേശ് 38/4 ഒമ്പത് ഓവറില്‍ (മഹ്മുദുല്‍ ഹസന്‍ ജോയ് 10; കാഗിസോ റബാഡ 2-8) 537 റണ്‍സിന് ലീഡ് ചെയ്യുന്നു.