ഇന്ത്യയുടെ വീഴ്ച്ച, രൂക്ഷ പരിഹാസവുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ
ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ ആദ്യ ഇന്നിങ്സില്‍ വെറും 46 റണ്‍സിന് പുറത്തായ ഇന്ത്യന്‍ ടീമിനെ പരിഹസിച്ചു ക്രിക്കറ്റ് ഓസ്ട്രേലിയ. 2020ല്‍ അഡ്ലെയ്ഡില്‍ ഓസീസിനെതിരെ 36 റണ്‍സിന് ഇന്ത്യ കൂടാരം കയറിയതിന്റെ വീഡിയോ ഹൈലൈറ്റുകള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ട്രോള്‍.
'ഇന്നത്തെ 'ഓള്‍ ഔട്ട് 46' ആണോ 'പുതിയ ഓള്‍ ഔട്ട് 36'?' എന്നായിരുന്നു ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ചോദ്യം.
അന്ന് രണ്ടാം ഇന്നിങ്സിലാണ് ഇന്ത്യ 36 റണ്‍സിന് പുറത്തായത്. എന്നാല്‍ പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കിയ കാര്യം ഓസ്ട്രേലിയ മറന്നുപോയെന്ന് തോന്നുന്നു.
അതേസമയം, ബെംഗളൂരു ടെസ്റ്റില്‍ ന്യൂസിലാന്‍ഡ് ശക്തമായ നിലയിലാണ്. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ അവര്‍ 134 റണ്‍സിന്റെ ലീഡിലാണ്.
ഇന്ത്യയുടെ ബാറ്റര്‍മാര്‍ തകര്‍ന്നടിഞ്ഞ പിച്ചില്‍ കിവീസ് താരങ്ങള്‍ ശ്രദ്ധയോടെ ബാറ്റ് ചെയ്തു. സ്വന്തം മണ്ണില്‍ നടന്ന ടെസ്റ്റുകളിലെ ഏറ്റവും ചെറിയ സ്‌കോറെന്ന മോശം റെക്കോര്‍ഡാണ് ഇന്ത്യക്ക് സ്വന്തമാക്കേണ്ടി വന്നത്.
ഇന്ത്യന്‍ പിച്ചില്‍ ഏതൊരു ടീമിന്റെയും ഏറ്റവും കുറഞ്ഞ സ്‌കോറും ഇന്ത്യയുടെ ഈ 46 റണ്‍സാണ്. 2021ല്‍ ന്യൂസിലാന്‍ഡ് മുംബൈയില്‍ നേടിയ 62 റണ്‍സ് ഇതോടെ രണ്ടാം സ്ഥാനത്തായി.