ഇന്തെന്തൊരു ക്യാപ്റ്റന്‍സി, രോഹിത്തിനെതിരെ ആഞ്ഞടിച്ച് രവി ശാസ്ത്രി
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസം രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. അമിത പ്രതിരോധ തന്ത്രങ്ങളാണ് രോഹിത് പയറ്റുന്നതെന്നാണ് ശാസ്ത്രി തുറന്നടിച്ചത്.
രണ്ടാം ദിവസത്തെ രണ്ടാം സെഷനില്‍, ശാസ്ത്രിയും മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ മുരളി കാര്‍ത്തിക്കും രോഹിതിന്റെ തന്ത്രങ്ങളെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്തു.
ന്യൂസിലാന്‍ഡ് ബാറ്റ്‌സ്മാന്‍മാര്‍ ഇന്ത്യന്‍ ഫീല്‍ഡര്‍മാരെ പിന്നിലേക്ക് തള്ളിയിട്ടുവെന്നും ബാറ്റിന് സമീപം ആരുമില്ലെന്നും കാര്‍ത്തിക് ചൂണ്ടിക്കാട്ടി. ടോം ലാതവും വില്‍ യങ്ങും ആക്രമണാത്മകമായി ബാറ്റ് ചെയ്യുമ്പോള്‍, അവരുടെ സ്‌കോറിംഗ് നിയന്ത്രിക്കാന്‍ രോഹിത് ഫീല്‍ഡ് വിശാലമാക്കിയിരിക്കുകയാണെന്നും വിലയിരുത്തി.
100 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഇന്ത്യ ന്യൂസിലാന്‍ഡിനെ 120 റണ്‍സിന് പുറത്താക്കണമെന്ന് ശാസ്ത്രി പറഞ്ഞു. ആക്രമണാത്മക ഫീല്‍ഡിംഗ് അത്യാവശ്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഒരു ബൗളര്‍ കുറച്ച് റണ്‍സ് വഴങ്ങിയ ഉടന്‍ റണ്ണൊഴുക്ക് തടയാന്‍ ഫീല്‍ഡ് വിശാലമാക്കുന്ന തന്ത്രത്തെ ശാസ്ത്രി വിമര്‍ശിച്ചു.
'ഇന്ത്യ ന്യൂസിലാന്‍ഡിനെ 120 റണ്‍സിന് പുറത്താക്കാന്‍ ശ്രമിക്കണമെന്ന് ഇത് കാണിക്കുന്നു. അതിനായി നിങ്ങള്‍ വിക്കറ്റുകളെക്കുറിച്ച് ചിന്തിക്കണം, ആക്രമണാത്മക സ്ഥാനങ്ങളില്‍ ആളുകളെ ആവശ്യമുണ്ട്. കിവീസ് ടീം വിക്കറ്റ് നഷ്ടപ്പെടാതെ 60 റണ്‍സെടുക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് വ്യത്യസ്തമായി ചിന്തിക്കാന്‍ തുടങ്ങാം. ഇത് ബൗളറെ വിക്കറ്റുകള്‍ വേണമെന്ന് ചിന്തിപ്പിക്കും. രോഹിത്ത് നിര്‍ത്തിയിരിക്കുന്നത് പോലെ ഒരു വിശാലമായ ഫീല്‍ഡിലൂടെയല്ല തന്ത്രങ്ങള്‍ ഒരുക്കേണ്ടത്' ശാസ്ത്രി പറഞ്ഞു.
മിച്ചല്‍ സാന്റ്‌നര്‍ 7 വിക്കറ്റുകള്‍ വീഴ്ത്തിയതോടെ ഇന്ത്യ ആദ്യ ഇന്നിംഗ്‌സില്‍ 156 റണ്‍സിന് ഓള്‍ ഔട്ടായി. ഇതോടെ ന്യൂസിലാന്‍ഡിന് ഒന്നാം ഇന്നിംഗ്‌സില്‍ 103 റണ്‍സിന്റെ ലീഡ് ലഭിച്ചു. രണ്ടാം ഇന്നിംഗ്‌സില്‍ രണ്ടാം ദിനം കളി നിര്‍മ്പോള്‍ ന്യൂസിലാന്‍ഡ് 5 വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെടുത്തിട്ടുണ്ട്. ക്യാപ്റ്റന്‍ ടോം ലാതം 86 റണ്‍സ് നേടി. ന്യൂസിലാന്‍ഡിന് ഇപ്പോള്‍ 301 റണ്‍സിന്റെ ലീഡുണ്ട്.
ഇന്ത്യയില്‍ ഇതുവരെ ഒരു ടെസ്റ്റ് പരമ്പരയും ജയിച്ചിട്ടില്ലാത്ത ന്യൂസിലാന്‍ഡ് മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0 ന് മുന്നിലാണ്.