300 ഡോളര്‍ സമ്മാനം, അമ്പരപ്പിക്കുന്ന ഫീല്‍ഡിംഗ് പരിശീലനവുമായി ടീം ഇന്ത്യ
മെല്‍ബണ്‍: ഓസ്‌ട്രേലിയയ്ക്കെതിരായ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി പരമ്പരയിലെ ബോക്‌സിംഗ് ഡേ ടെസ്റ്റിന് മുന്നോടിയായി ഇന്ത്യന്‍ ടീം രസകരമായ ഒരു ഫീല്‍ഡിംഗ് പരിശീലനത്തില്‍ ഏര്‍പ്പെട്ടു. 300 ഡോളര്‍ സമ്മാനത്തുകയുള്ള ഈ പരിശീലനത്തിന്റെ വീഡിയോ ബിസിസിഐ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.
ഇന്ത്യന്‍ ഫീല്‍ഡിംഗ് പരിശീലകന്‍ ടി ദിലീപ് പരിശീലന സെഷന്‍ വിശദീകരിക്കുന്നത് വീഡിയോയില്‍ കാണാം. മൂന്ന് സ്റ്റമ്പുകള്‍ ലക്ഷ്യമാക്കി പന്തെറിയുക എന്നതായിരുന്നു പരിശീലനം. വലിയ സ്റ്റമ്പില്‍ കൊള്ളിച്ചാല്‍ ഒരു പോയിന്റ്, ചെറിയ സ്റ്റമ്പില്‍ കൊണ്ടാല്‍ രണ്ട് പോയിന്റ്, മധ്യത്തിലെ സ്റ്റമ്പില്‍ പന്ത് കൊണ്ടാല്‍ നാല് പോയിന്റ് എന്നിങ്ങനെയായിരുന്നു പോയിന്റ് സമ്പ്രദായം.
മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞാണ് താരങ്ങള്‍ പരിശീലനം നടത്തിയത്. ഈ പോരാട്ടത്തില്‍ ധ്രുവ് ജുറേലിന്റെ ഗ്രൂപ്പാണ് വിജയിച്ചത്, അദ്ദേഹത്തിന് 300 ഡോളര്‍ സമ്മാനമായി ലഭിച്ചു.
'പോയിന്റ് സിസ്റ്റം ഉപയോഗിച്ച് ടാര്‍ഗെറ്റ് ഹിറ്റിംഗ്. യുവ ക്യാപ്റ്റന്‍മാര്‍ നയിക്കുന്ന 3 ഗ്രൂപ്പുകള്‍. ക്യാഷ് റിവാര്‍ഡ്. രസകരവും ഊര്‍ജ്ജസ്വലവുമായ പരിശീലനം - ഫീല്‍ഡിംഗ് പരിശീലകന്‍ ടി ദിലീപിനൊപ്പം മെല്‍ബണ്‍ ടെസ്റ്റിനായി ടീം ഇന്ത്യ ഒരുങ്ങുന്നു,' എന്ന അടിക്കുറിപ്പോടെയാണ് ബിസിസിഐ വീഡിയോ പങ്കുവെച്ചത്.
ഡിസംബര്‍ 26 ന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ചാണ് ബോക്‌സിംഗ് ഡേ ടെസ്റ്റ് ആരംഭിക്കുന്നത്. നിലവില്‍ പരമ്പര 1-1 എന്ന നിലയില്‍ സമനിലയിലാണ്.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, അഭിമന്യു ഈശ്വരന്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ദേവ്ദത്ത് പടിക്കല്‍, കെ.എല്‍. രാഹുല്‍, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍.
ഓസ്‌ട്രേലിയന്‍ ടീം: പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഷോണ്‍ അബോട്ട്, സ്‌കോട്ട് ബോളണ്ട്, അലക്‌സ് കാരി, ട്രാവിസ് ഹെഡ് (വൈസ് ക്യാപ്റ്റന്‍), ജോഷ് ഇംഗ്ലിസ്, ഉസ്മാന്‍ ഖവാജ, സാം കോണ്‍സ്റ്റാസ്, മാര്‍നസ് ലബുഷെയ്ന്‍, നഥാന്‍ ലിയോണ്‍, മിച്ചല്‍ മാര്‍ഷ്, ജെയ് റിച്ചാര്‍ഡ്സണ്‍, സ്റ്റീവ് സ്മിത്ത് (വൈസ് ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, ബ്യൂ വെബ്സ്റ്റര്‍.