അവിശ്വസനീയം, 43 പന്തില്‍ 133 റണ്‍സുമായി റാസ, ടി20യില്‍ സിംബാബ്‌വെ അടിച്ച് കൂട്ടിയത് 344 റണ്‍സ്!
ടി20 ക്രിക്കറ്റില്‍ പുതിയ റെക്കോര്‍ഡ് സ്‌കോര്‍ സ്ഥാപിച്ച് സിംബാബ്വെ. നെയ്റോബിയിലെ റുഅരക സ്പോര്‍ട്സ് ക്ലബ് ഗ്രൗണ്ടില്‍ ബുധനാഴ്ച ഗാംബിയയ്ക്കെതിരെ നടന്ന മത്സരത്തില്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 344 റണ്‍സാണ് അടിച്ചെടുത്തത്. ടി20 ക്രിക്കറ്റിലെ ഏറ്റവും വലിയ സ്‌കോറാണിത്.
ക്യാപ്റ്റന്‍ സികന്ദര്‍ റാസ വെടിക്കെട്ട് സെഞ്ച്വറി നേടി. കേവലം 43 പന്തില്‍ നിന്ന് 15 ഫോറും ഏഴ് സിക്‌സും സഹിതം 133 റണ്‍സാണ് സിക്കന്ദര്‍ റാസ നേടിയത്.
ടി20 ലോകകപ്പ് ആഫ്രിക്ക സബ് റീജിയണല്‍ ക്വാളിഫയറില്‍ ടൂര്‍ണമെന്റിലാണ് സിംബാബ്വെ ആറാടിയത്. കഴിഞ്ഞ വര്‍ഷം ഹാങ്ഷൗവില്‍ നേപ്പാള്‍ മംഗോളിയയ്ക്കെതിരെ നേടിയ 314-3 എന്ന ടി20 റെക്കോര്‍ഡ് സ്‌കോര്‍ ആണ് സിംബാബ്വെ മറികടന്നത്.
ഏഴാം ഓവറില്‍ രണ്ടാം വിക്കറ്റ് വീണപ്പോള്‍ ക്രീസിലെത്തിയ റാസ ഏഴ് ഫോറുകളും 15 സിക്സറുകളും നേടി. 33 പന്തില്‍ സെഞ്ച്വറി നേടിയ റാസ, ടി20യിലെ രണ്ടാമത്തെ വേഗതയേറിയ സെഞ്ച്വറിയുടെ റെക്കോര്‍ഡ് നമീബിയയുടെ ജാന്‍ നിക്കോള്‍ ലോഫ്റ്റി-ഈറ്റണുമായി പങ്കിടുന്നു.
ജൂണില്‍ എസ്റ്റോണിയയ്ക്കായി സൈപ്രസിനെതിരെ സാഹില്‍ ചൗഹാന്‍ 27 പന്തില്‍ നേടിയ സെഞ്ച്വറിയാണ് ഏറ്റവും വേഗതയേറിയത്.
2018 ല്‍ ഹരാരെയില്‍ സിംബാബ്വെയ്ക്കെതിരെ ഓസ്ട്രേലിയന്‍ ഓപ്പണര്‍ ആരോണ്‍ ഫിഞ്ച് നേടിയ 172 റണ്‍സാണ് ടി20യിലെ വ്യക്തിഗത ഉയര്‍ന്ന സ്‌കോര്‍.
മറുപടി ബാറ്റിംഗല്‍ ഗാംബിയയെ 14.4 ഓവറില്‍ 54 റണ്‍സിന് സിംബാബ് വെ പുറത്താക്കി. ഇതോടെ 290 റണ്‍സിന്റെ ചരിത്ര വിജയമാണ് സിംബാബ്വെ സ്വന്തമാക്കിയത്. ടി20യിലെ ഏറ്റവും വലിയ വിജയമാണിത്.