സഞ്ജുവിനായി ട്വീറ്റ് ചെയ്യാന്‍ ഗംഭീര്‍ കാത്തിരിക്കുമായിരുന്നു, വമ്പന്‍ വെളിപ്പെടുത്തലുമായി ഇന്ത്യന്‍ താരം
ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടി ക്രിക്കറ്റ് ലോകത്തെ ഒന്നാകെ ഞെട്ടിച്ച മലയാളി താരം സഞ്ജു സാംസണിനെ പ്രശംസ കൊണ്ട് മൂടി മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായി ആകാശ് ചോപ്ര. ഇന്ത്യ പരിശീലകന്‍ ഗൗതം ഗംഭീറും സഞ്ജു സാംസണും തമ്മിലുളള ബന്ധം ഓര്‍മിപ്പിച്ച ഇക്കാര്യം പറയുന്നത്.
സഞ്ജു സാംസണ്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ വേണ്ടി ഗൗതം ഗംഭീര്‍ എപ്പോഴും കാത്തിരിക്കാറുണ്ടെന്നാണ ചോപ്ര വെളിപ്പെടുത്തിയിരിക്കുന്നത്. സഞ്ജുവിനോടുള്ള ഗംഭീറിന്റെ ആരാധന സൂചിപ്പിക്ക്ുന്ന പഴയ ട്വീറ്റുകളും ചോപ്ര സൂചിപ്പിക്കുന്നു.
'സഞ്ജു സാംസണ്‍ എന്ന അമ്പരപ്പിക്കുന്ന പ്രതിഭാസത്തെ കുറിച്ച് സംസാരിക്കാം. സഞ്ജുവിനെ ആദ്യം തിരിച്ചറിഞ്ഞത ഗൗതം ഗംഭീറാണ്. സഞ്ജു ഇന്ത്യയുടെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മാത്രമല്ല, രാജ്യത്തെ ഏറ്റവും മികച്ച യുവ ബാറ്ററാണെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പെ ഗംഭീര്‍ മനസ്സിലാക്കുകയും അക്കാര്യം ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഒരിക്കല്‍ ഞാന്‍ സഞ്ജുവിനെ ഇന്റര്‍വ്യൂ നടത്തുമ്പോള്‍ ഞാന്‍ അവനോട് പറഞ്ഞു, ഗംഭീറിനെ ട്വീറ്റ് ചെയ്യാന്‍ പ്രേരിപ്പിച്ചു കൊണ്ടിരിക്കുക എന്നതായിരിക്കണം നിന്റെ ജീവിതത്തിലെ ഒരേയൊരു ലക്ഷ്യമെന്ന്' ചോപ്ര പറഞ്ഞു.
'സഞ്ജുവിന് വേണ്ടി ട്വീറ്റ് ചെയ്യാനായി ഗൗതം ഗംഭീര്‍ കാത്തിരിക്കുമായിരുന്നു. സഞ്ജുവിന്റെ വലിയ ആരാധകനാണ് ഗൗതം. ബംഗ്ലാദേശിനെതിരെ സഞ്ജു ബാറ്റ് ചെയ്ത രീതി തന്നെ നോക്കൂ. ആദ്യം, സഞ്ജു ഒരു ഓവറില്‍ അഞ്ച് സിക്‌സറുകള്‍ അടിച്ചു. അവന്‍ ക്രീസില്‍ നിന്ന് പുറത്തിറങ്ങിയും സിക്സും ബൗണ്ടറിയും മാറിമാറി അടിച്ചുകൊണ്ടേയിരുന്നു. സഞ്ജുവിന്റെ ബാറ്റിംഗ് എന്നത് കണ്ണിന് വളരെ ഇമ്പമുള്ള കാഴ്ചയാണ്. മുസ്തഫിസുര്‍ റഹ്മാനെതിരെ എക്സ്ട്രാ കവറിന് മുകളിലൂടെ സഞ്ജു പറത്തിയ സിക്സര്‍ കണ്ട് ഞാന്‍ ഞെട്ടിപ്പോയി' ചോപ്ര കൂട്ടിച്ചേര്‍ത്തു.
പൊതുവെ കര്‍ക്കശക്കാരനായ ഗംഭീര്‍ സഞ്ജുവിന്റെ നേട്ടത്തില്‍ പലപ്പോഴും സന്തോഷിക്കുന്നത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ബംഗ്ലാദേശിനെതിരെ സഞ്ജു സെഞ്ച്വറി നേടിയപ്പോഴും ഗംഭീറിന്റെ സന്തോഷം തുറന്ന് പ്രകടമായിരുന്നു. എഴുന്നേറ്റുനിന്ന് കൈയ്യടിച്ചാണ് സഞ്ജുവിനെ ഗംഭീര്‍ അഭിനന്ദിച്ചത്.