തെറിപറയരുത്, തിലകിനേക്കാള്‍ എത്രയോ കേമനാണ് സഞ്ജു, തുറന്ന് പറഞ്ഞ് ഡിവില്ലേഴ്‌സ്
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ട്വന്റി20യില്‍ തിലക് വര്‍മ കളിയിലെ കേമനായെങ്കിലും, മികച്ച ഇന്നിങ്‌സും സെഞ്ചറിയും സഞ്ജു സാംസണിന്റേതായിരുന്നുവെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എ.ബി. ഡിവില്ലിയേഴ്‌സ്. തിലക് വര്‍മയുടെ സെഞ്ചറി മോശമാണെന്നല്ല, കുറച്ചുകൂടി നിയന്ത്രണത്തോടെയും ബാറ്റ് കൃത്യമായി മിഡില്‍ ചെയ്തും കളിച്ചത് സഞ്ജുവാണെന്ന് ഡിവില്ലിയേഴ്‌സ് അഭിപ്രായപ്പെട്ടു. യുട്യൂബ് ചാനലിലെ ലൈവ് വിഡിയോയിലാണ് ഡിവില്ലിയേഴ്‌സിന്റെ പ്രതികരണം.
ഡിവില്ലിയേഴ്‌സ് പറഞ്ഞത്:
'ഇന്ത്യദക്ഷിണാഫ്രിക്ക നാലാം ട്വന്റി20 മത്സരത്തിലെ സഞ്ജു സാംസണിന്റെയും തിലക് വര്‍മയുടെയും സെഞ്ചറി നേട്ടങ്ങളെക്കുറിച്ച് നമുക്ക് സംസാരിക്കാം. തിലക് വര്‍മ 47 പന്തില്‍ 120 റണ്‍സോടെയും സഞ്ജു 56 പന്തില്‍ 109 റണ്‍സോടെയും പുറത്താകാതെ നിന്നു. പറയാന്‍ പോകുന്ന കാര്യത്തിന്റെ പേരില്‍ എന്നെ ദയവായി ക്രൂശിക്കരുത്. ഈ മത്സരത്തില്‍ തിലക് വര്‍മയേക്കാള്‍ മികച്ച പ്രകടനം സഞ്ജുവിന്റേതായിരുന്നു എന്നാണ് എനിക്കു തോന്നിയത്.
'തിലക് വര്‍മ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന താരം തന്നെയാണ്. വളരെ മികച്ച ബാറ്റര്‍. അടുത്ത 5-10 വര്‍ഷത്തേക്ക് ഇന്ത്യയുടെ ഏറ്റവും മികച്ച താരങ്ങളിലൊരാളാകുമെന്ന് ഈ ഇന്നിങ്‌സിലൂടെ തിലക് അടയാളപ്പെടുത്തിക്കഴിഞ്ഞു…. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി താരമെന്ന് സംശയമേതുമില്ലാതെ പറയാം.
'പക്ഷേ, ഈ സെഞ്ചറി അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഇന്നിങ്‌സാണെന്ന് ഞാന്‍ കരുതുന്നില്ല… ഈ ഇന്നിങ്‌സില്‍ തിലക് പന്തുകള്‍ കൃത്യമായി മിഡില്‍ ചെയ്യാനാകാതെ ബുദ്ധിമുട്ടിയിരുന്നു എന്നതാണ് യാഥാര്‍ഥ്യം. എന്നിട്ടും സെഞ്ചറി നേടി… 47 പന്തില്‍ 120 റണ്‍സടിച്ച ആ ഇന്നിങ്‌സിന്റെ മഹത്വം ആര്‍ക്കും കുറച്ചു കാട്ടാനുമാകില്ല… മികച്ച താരങ്ങള്‍ക്ക് മറ്റു സാഹചര്യങ്ങള്‍ പ്രശ്‌നമല്ല.
'പിഴവുകള്‍ തീരെ കുറഞ്ഞ ഇന്നിങ്‌സായിരുന്നു സഞ്ജുവിന്റേത്. എന്നത്തേയും പോലെ വളരെ നിയന്ത്രണമുള്ള, പന്തുകള്‍ കൃത്യമായി മിഡില്‍ ചെയ്ത ഇന്നിങ്‌സ്. സഞ്ജു മികച്ച ഫോമില്‍ കളിക്കുന്നതു കാണുമ്പോള്‍ സന്തോഷമുണ്ട്… ഒരു ട്വന്റി20 പരമ്പരയില്‍ത്തന്നെ രണ്ടു സെഞ്ചറികള്‍ വല്ലപ്പോഴും മാത്രം സംഭവിക്കുന്നതാണ്. ഇന്ത്യയുടെ യുവ ബാറ്റര്‍മാര്‍ക്ക് അഭിനന്ദനങ്ങള്‍. അവരുടെ ബാറ്റിങ് നിരയുടെ ആഴം ശ്രദ്ധേയമാണ്.'