ഇരട്ട വെടിക്കെട്ട് സെഞ്ച്വറി, രഞ്ജിയില്‍ തീയായി സമദ്, കശ്മീരിനായി ചരിത്രം കുറിച്ചു
രഞ്ജി ട്രോഫി മത്സരത്തില്‍ ഒഡീഷയ്ക്കെതിരായ ഇരു ഇന്നിംഗ്‌സുകളിലും സെഞ്ച്വറി നേടി അബ്ദുള്‍ സമദ് ചരിത്രം കുറിച്ചു. ഇതോടെ ഒരു രഞ്ജി മത്സരത്തില്‍ രണ്ട് സെഞ്ച്വറി നേടുന്ന ആദ്യ ജമ്മു കശ്മീര്‍ താരമായി മാറി 22-കാരനായ സമദ്.
ബാരാബതി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒഡീഷയെ പൂര്‍ണമായും സമദ് നിഷ്പ്രഭമാക്കി. ആദ്യ ഇന്നിംഗ്‌സില്‍ 117 പന്തില്‍ നിന്ന് 127 റണ്‍സും രണ്ടാം ഇന്നിംഗ്‌സില്‍ 108 പന്തില്‍ നിന്ന് 108 റണ്‍സുമാണ് സമദ് അടിച്ചുകൂട്ടിയത്. രണ്ടാം ഇന്നിംഗ്‌സില്‍ 6 സിക്‌സറുകളും 5 ബൗണ്ടറികളും അദ്ദേഹം നേടി.
സമദിന്റെ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ജമ്മു കശ്മീര്‍ രണ്ടാം ഇന്നിംഗ്‌സില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 270 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. ഒഡീഷയ്ക്ക് 269 റണ്‍സ് വിജയലക്ഷ്യം നല്‍കി.
ഐപിഎല്‍ 2025 ലേലത്തിന് മുന്നോടിയായുള്ള മികച്ച പ്രകടനമാണ് സമദ് കാഴ്ചവെച്ചത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമായ സമദിനെ ടീം വിട്ടയച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍, നവംബറില്‍ നടക്കുന്ന ഐപിഎല്‍ മെഗാ ലേലത്തില്‍ മറ്റ് ടീമുകളുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ സമദിന് ഈ പ്രകടനം സഹായകമാകും.
കഴിഞ്ഞ രഞ്ജി സീസണില്‍ 7 മത്സരങ്ങളില്‍ നിന്ന് 276 റണ്‍സ് നേടിയ സമദ്, ഈ സീസണില്‍ ഇതിനകം തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.