റണ്‍സടിച്ച് കൂട്ടിയിട്ടും തിരിഞ്ഞു നോക്കുന്നില്ല, നിരാശപരസ്യമാക്കി ഇന്ത്യന്‍ താരം
തുടര്‍ച്ചയായി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ഇന്ത്യന്‍ ടീമില്‍ ഇടം നേടാനാകാത്തതില്‍ നിരാശ പ്രകടിപ്പിച്ച് ബംഗാള്‍ ഓപ്പണര്‍ അഭിമന്യു ഈശ്വരന്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ മനസ്സ് തുറന്നത്.
'എന്റെ ടീമിന്റെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് കളിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. റണ്‍സ് നേടുക എന്നതാണ് എന്റെ ലക്ഷ്യം. ഇന്ത്യന്‍ ടീമിലെത്താന്‍ എനിക്ക് ഒന്നും ചെയ്യാനാകില്ല, അത് സെലക്ടര്‍മാരുടെ തീരുമാനമാണ്. ഞാന്‍ എന്റെ പ്രകടനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു' അഭിമന്യു പറഞ്ഞു.
രഞ്ജി ട്രോഫിയില്‍ ഉത്തര്‍പ്രദേശിനെതിരെ സെഞ്ച്വറി നേടിയ അഭിമന്യുവിന് ഇത് 15 ദിവസത്തിനിടെ നാലാമത്തെ സെഞ്ച്വറിയാണ്. ദുലീപ് ട്രോഫിയില്‍ രണ്ട് സെഞ്ച്വറിയും ഇറാനി ട്രോഫിയില്‍ ഒരു സെഞ്ച്വറിയും അദ്ദേഹം നേടിയിരുന്നു. മുംബൈയ്ക്കെതിരായ ഇറാനി കപ്പില്‍ 191 റണ്‍സുമായി ഇരട്ട സെഞ്ച്വറിയിലെത്താതെ പുറത്താകുകയും ചെയ്തു.
ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റില്‍ 99 മത്സരങ്ങള്‍ കളിച്ച അഭിമന്യു 7,638 റണ്‍സ് നേടിയിട്ടുണ്ട്. 27 സെഞ്ച്വറികള്‍ ഉള്‍പ്പെടെ 49.92 ആണ് അദ്ദേഹത്തിന്റെ ശരാശരി. ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ സ്വദേശിയായ അഭിമന്യു മികച്ച അവസരങ്ങള്‍ക്കായി ബംഗാള്‍ ക്രിക്കറ്റിലേക്ക് മാറുകയായിരുന്നു.