സെഞ്ച്വറിയിലും ഗുരുവിനെ മറക്കാതെ അഭിഷേക്, ഈ വാക്കുകള്‍ അത്ര നിസാരമല്ല
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20 മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടി കളിയിലെ താരമായ ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ്മ മത്സരശേഷം തന്റെ ഗുരുവിനെ മറന്നില്ല. തന്റെ മെന്ററായ മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗിന്റെ ആഗ്രഹം ആയിരുന്നു ഈ പ്രകടനമെന്നാണ് അഭിഷേക ശര്‍മ്മ പറഞ്ഞത്. ഇന്നിംഗ്‌സിന്റെ ഗണ്യമായ ഭാഗം ക്രീസില്‍ നില്‍ക്കുക എന്നതായിരുന്നു യുവി തനിയ്ക്ക് നല്‍കിയ ഉപദേശമെന്ന അഭിഷേക് ഓര്‍ക്കുന്നു.
'ഇതിനുശേഷം അദ്ദേഹം സന്തോഷിക്കും എന്ന് ഞാന്‍ കരുതുന്നു,' യുവരാജിനെക്കുറിച്ച് ശര്‍മ്മ പറഞ്ഞു. 'എന്നാല്‍ അദ്ദേഹം എപ്പോഴും എന്നോട് 15, 20 ഓവര്‍ വരെ ബാറ്റ് ചെയ്യാന്‍ പറയുമായിരുന്നു. ഞാനിപ്പോള്‍ ഈ ടീമില്‍ കളിയ്ക്കുമ്പോള്‍ ഗൗതി ഭായിയും (ഗൗതം ഗംഭീര്‍) അതുതന്നെയാണ് ആവശ്യപ്പെട്ടത്. അതിനാല്‍, ഇന്ന് എന്റെ ദിവസമായിരുന്നു, അത് ഞാന്‍ നന്നായി നടപ്പിലാക്കി' അഭിഷേക് പറഞ്ഞു.
അഭിഷേക് ശര്‍മ്മ മുന്‍പ് മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ടെങ്കിലും, അവയെ വലിയ ഇന്നിംഗ്‌സുകളാക്കി മാറ്റുന്നത് പലപ്പോഴും പരാജയപ്പെട്ടിരുന്നു. എന്നാല്‍ അഞ്ചാം ടി20യില്‍ എല്ലാം ഒത്തുവന്നു. അദ്ദേഹം ക്രീസില്‍ നില്‍ക്കുക മാത്രമല്ല, ബൗണ്ടറികളുടെ ഒരു ആക്രമണ പരമ്പര തന്നെ അഴിച്ചുവിട്ടു, യുവരാജ് എപ്പോഴും അഭിഷേകില്‍ കണ്ടിരുന്ന ആ വിനാശകരമായ സാധ്യതകള്‍ ആണ് അദ്ദേഹം നടപ്പിലാക്കിയത്.
7 ഫോറുകളും 13 സിക്‌സറുകളും അടങ്ങിയതായിരുന്നു ശര്‍മ്മയുടെ ഇന്നിംഗ്‌സ്. ടി20യില്‍ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറായ ശുഭ്മാന്‍ ഗില്ലിന്റെ 126* റണ്‍സും അദ്ദേഹം മറികടന്നു. രോഹിത്ത് ശര്‍മ്മയ്ക്ക് ശേഷം ഇന്ത്യയുടെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ ടി20 സെഞ്ച്വറിയും അദ്ദേഹത്തിന്റേതായിരുന്നു.
'പരിശീലകനും ക്യാപ്റ്റനും എന്നെ നന്നായി പിന്തുണച്ചു. ആദ്യ ദിവസം മുതല്‍ അവര്‍ ഈ രീതിയിലുള്ള കളി ആഗ്രഹിച്ചു. ഞാന്‍ കളിക്കുന്ന രീതിയില്‍ അവര്‍ എപ്പോഴും പിന്തുണ നല്‍കി. അത് എനിക്ക് വലിയ കാര്യമായിരുന്നു,' ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.