പാകിസ്ഥാനോടുളള തോല്‍വിയ്ക്ക് ജപ്പാനോട് കണക്ക് തീര്‍ത്ത് ഇന്ത്യന്‍ ടീം
അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ജപ്പാനെതിരെ കൂറ്റന്‍ ജയവുമായി ഇന്ത്യന്‍ യുവനിര. 211 റണ്‍സിന്റെ വമ്പന്‍ വിജയമാണ് ക്യാപ്റ്റന്‍ മുഹമ്മദ് അമാന്റെ നേതൃത്വത്തിലുള്ള ടീം സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സ് കുറിച്ചു. അമാന്റെ അപരാജിത സെഞ്ച്വറി (118 പന്തില്‍ 122), ആയുഷ് മാത്രെയുടെയും (29 പന്തില്‍ 54) കെ പി കാര്‍ത്തികേയയുടെയും (49 പന്തില്‍ 57) അര്‍ദ്ധസെഞ്ച്വറികള്‍ ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്തിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ജപ്പാന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ. ഓപ്പണര്‍ ഹ്യൂഗോ കെല്ലി (111 പന്തില്‍ 50) ആണ് ജപ്പാന്റെ ടോപ് സ്‌കോറര്‍. ഇന്ത്യയ്ക്കായി ഹാര്‍ദിക് രാജ്, കെ പി കാര്‍ത്തികേയ, ചേതന്‍ ശര്‍മ്മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഈ വിജയത്തോടെ ഇന്ത്യ ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനത്തെത്തി. പാകിസ്ഥാന്‍ ഒന്നാമതും യുഎഇ മൂന്നാമതുമാണ്. ബുധനാഴ്ച യുഎഇയുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം. ജപ്പാനെതിരായ ഈ മിന്നും വിജയം ഇന്ത്യയുടെ സെമി പ്രതീക്ഷകള്‍ക്ക് കരുത്ത് പകരുന്നതാണ്.