ഐപിഎല്ലില്‍ ആര്‍സിബി എത്തുക അവസാന സ്ഥാനത്ത്, തുറന്നടിച്ച് ആദം ഗില്‍ക്രിസ്റ്റ്
ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ (ആര്‍സിബി) തങ്ങളുടെ ഭാഗ്യ വര്‍ഷം ഇതാണെന്ന് പ്രതീക്ഷിച്ചാണ് 18-ാം സീസണിലേക്ക് പ്രവേശിക്കുന്നത്. ഈ നീണ്ട കാലയളവിനിടെ മൂന്ന് ഐപിഎല്‍ ഫൈനലുകള്‍ കളിച്ചിട്ടും ആര്‍സിബിക്ക് ഇതുവരെ കിരീടം നേടാന്‍ കഴിഞ്ഞിട്ടില്ല.
എന്നാല്‍ ഇത്തവണയും ആര്‍സിബി കിരീടമൊന്നും പ്രതീക്ഷിക്കേണ്ടെന്നാണ് ഇതിഹാസ ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററും മുന്‍ ഐപിഎല്‍ ജേതാവുമായ ആദം ഗില്‍ക്രിസ്റ്റ് പറയുന്നത്. ഈ വര്‍ഷം ആര്‍സിബി അവസാന സ്ഥാനത്തായിരിക്കും ഫിനിഷ് ചെയ്യുകയെന്നാണ് ഗില്‍ക്രിസ്റ്റ് പ്രവചിക്കുന്നത്. അതിനുളള കാരണം ഗില്‍ക്രിസ്റ്റ് ഒരു തമാശയായാണ് അവതരിപ്പിച്ചത്.
'ആര്‍സിബി അവസാന സ്ഥാനത്ത് എത്താന്‍ സാധ്യതയുണ്ട്. കാരണം, അവരുടെ ടീമില്‍ ഒരുപാട് ഇംഗ്ലീഷ് കളിക്കാര്‍ ഉണ്ട്. അതുകൊണ്ടാണ് ഞാന്‍ ഇങ്ങനെ പറയുന്നത്' ക്ലബ് പ്രെയ്റി ഫയര്‍ പോഡ്കാസ്റ്റില്‍ സംസാരിക്കവെ ഗില്‍ക്രിസ്റ്റ് പരിഹാസരൂപേണ പറഞ്ഞു.
മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണിനൊപ്പാണ് ക്ലബ് പ്രെയ്റി ഫയര്‍ പോഡ്കാസ്റ്റില്‍ ഗില്‍ക്രിസ്റ്റ് പങ്കെടുത്തത്. ഇത് വോണിനെ കളിയാക്കാന്‍ വേണ്ടി പറഞ്ഞതും ആകാം.
'വിരാടിനോടോ അവരുടെ ആരാധകരോടോ എനിക്ക് എതിര്‍പ്പൊന്നുമില്ല. ആരാധകരോട് ഞാന്‍ ക്ഷമ ചോദിക്കുന്നു, പക്ഷേ നിങ്ങള്‍ നിങ്ങളുടെ റിക്രൂട്ടിംഗ് ഏജന്റുമാരോട് സംസാരിക്കേണ്ടതുണ്ട്' ഗില്‍ക്രിസ്റ്റ് കൂട്ടിച്ചേര്‍ത്തു.
ഐപിഎല്‍ 2009-ല്‍ ഡെക്കാന്‍ ചാര്‍ജേഴ്സിനെ കിരീടത്തിലേക്ക് നയിച്ച ഗില്‍ക്രിസ്റ്റാണ് ഐപിഎല്‍ ഫൈനലില്‍ ആര്‍സിബിയെ തോല്‍പ്പിച്ച ആദ്യ ക്യാപ്റ്റന്‍.
അതെസമയം ഐപിഎല്‍ 2025 മെഗാ ലേലത്തില്‍ ആര്‍സിബി ഇംഗ്ലീഷ് കളിക്കാര്‍ക്കായി വലിയ തുകയാണ് മുടക്കിയത്. ആര്‍സിബി ടീമില്‍ മൂന്ന് ഇംഗ്ലീഷ് താരങ്ങളുണ്ട്, ഇവര്‍ മൂന്നു പേരും പ്ലെയിംഗ് ഇലവനില്‍ ഇടം നേടാന്‍ സാധ്യതയുണ്ട്.
നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി (കെകെആര്‍) തിളങ്ങിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഫില്‍ സാള്‍ട്ടിനെയാണ് ആര്‍സിബി ഏറ്റവും കൂടുതല്‍ തുക നല്‍കി വാങ്ങിയത്. 11.5 കോടി രൂപയ്ക്കാണ് സാള്‍ട്ടിനെ ആര്‍സിബി വാങ്ങിയത്.
മെഗാ ലേലത്തില്‍ 8.75 കോടി രൂപയ്ക്ക് ലിയാം ലിവിംഗ്‌സ്റ്റോണിനെയും 2.6 കോടി രൂപയ്ക്ക് ജേക്കബ് ബെഥേലിനെയും ഫ്രാഞ്ചൈസി സ്വന്തമാക്കി.
അതേസമയം, ഡല്‍ഹി ക്യാപിറ്റല്‍സ് (ഡിസി) ഈ ഐപിഎല്ലില്‍ അവസാന സ്ഥാനത്ത് എത്തുമെന്നാണ് മൈക്കല്‍ വോണ്‍ പ്രവചിച്ചത്. ഉയര്‍ന്ന നിലവാരമുള്ള ഇന്ത്യന്‍ ബാറ്റര്‍മാരുടെ അഭാവം അവരുടെ സാധ്യതകളെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'അവര്‍ക്ക് (ഡിസി) മികച്ച ഒരു ടീം ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ഐപിഎല്ലില്‍ കളിക്കാന്‍ ഉയര്‍ന്ന നിലവാരമുള്ള ഇന്ത്യന്‍ ബാറ്റര്‍മാര്‍ വേണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവര്‍ക്ക് കെഎല്‍ രാഹുല്‍ ഉണ്ട്, അത്രമാത്രം. അവര്‍ക്ക് വേണ്ടത്ര നിലവാരമുള്ള ഇന്ത്യന്‍ ബാറ്റര്‍മാര്‍ ഇല്ലെന്ന് ഞാന്‍ കരുതുന്നു' വോണ്‍ പറഞ്ഞു.
ഐപിഎല്ലിന്റെ എല്ലാ സീസണുകളിലും പങ്കെടുത്ത എന്നാല്‍ ഒരിക്കല്‍ പോലും കപ്പ് നേടാന്‍ കഴിയാത്ത ഫ്രാഞ്ചൈസികളാണ് ആര്‍സിബിയും ഡിസിയും എന്നത് ശ്രദ്ധേയമാണ്. മാര്‍ച്ച് 22 ശനിയാഴ്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് ആര്‍സിബി തങ്ങളുടെ സീസണ്‍ ആരംഭിക്കുന്നത്.