ലൂണ ബ്ലാസ്റ്റേഴ്‌സ് വിട്ടേക്കും, മഞ്ഞപ്പടയ്ക്ക് 'എഞ്ചിനും' നഷ്ടമാകുന്നു?
കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരെ നിരാശയിലാഴ്ത്തിക്കൊണ്ട് ടീമിന്റെ യുറഗ്വായ് മിഡ്ഫീല്‍ഡര്‍ അഡ്രിയന്‍ ലൂണ ടീം വിട്ടേക്കുമെന്നുള്ള സൂചനകള്‍ ശക്തമാകുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പ്രമുഖ ടീമുകളായ എഫ്‌സി ഗോവയും മുംബൈ സിറ്റി എഫ്‌സിയും ലൂണയെ സ്വന്തമാക്കാന്‍ രംഗത്തുണ്ട്. ബ്ലാസ്റ്റേഴ്‌സോ ലൂണയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, വഴിപിരിയലിന്റെ സാധ്യതകള്‍ വളരെ വലുതാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലൂണയ്ക്ക് അപ്പുറത്തേക്കുള്ള ഒരു ടീമിനെക്കുറിച്ചാണ് ബ്ലാസ്റ്റേഴ്‌സ് ചിന്തിക്കുന്നതെങ്കില്‍, കഴിഞ്ഞ നാല് സീസണുകളായി ടീമിന്റെ മധ്യനിരയില്‍ ഊര്‍ജ്ജം പകര്‍ന്നു വന്ന 'എഞ്ചിന്‍' ആയ ലൂണയെയാകും അവര്‍ക്ക് നഷ്ടമാവുക. തല്‍ക്കാലം ഈ വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് ലൂണയും.
കരാര്‍ കാലാവധി ബാക്കിയിരിക്കെ വഴിപിരിയല്‍?
2027 മേയ് 31 വരെ കേരള ബ്ലാസ്റ്റേഴ്‌സുമായി ലൂണയ്ക്ക് കരാര്‍ കാലാവധി ബാക്കിയുണ്ടായിരിക്കെയാണ് ഈ വിടവാങ്ങല്‍ നീക്കം എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ സീസണില്‍ ടീമിന്റെ പ്രകടനം മോശമായത് ലൂണയെ കടുത്ത നിരാശയിലാഴ്ത്തിയിരുന്നു. ആഗ്രഹമുണ്ടായിട്ടും ബ്ലാസ്റ്റേഴ്‌സില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന സൂചനകളും അദ്ദേഹം നേരത്തെ നല്‍കിയിരുന്നു. കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍ മാര്‍ച്ച് 7-ന് മുംബൈ സിറ്റിയെ തോല്‍പ്പിച്ചതിന് ശേഷം ലൂണയുടെ ഒരു തുറന്നു പറച്ചില്‍ ഏറെ ചര്‍ച്ചയായിരുന്നു. 'ബ്ലാസ്റ്റേഴ്‌സില്‍ തുടരുന്നതില്‍ ഞാന്‍ സന്തോഷവാനാണ്. പക്ഷേ, നിരാശാജനകമായ ഒരു സീസണിന് ശേഷം തീര്‍ച്ചയായും പുനര്‍വിചിന്തനം നടത്തണം, സാഹചര്യങ്ങള്‍ വിലയിരുത്തണം,' ലീഗില്‍ ഒരു മത്സരം മാത്രം അവശേഷിക്കെയായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം. പുതിയ കോച്ച് ദവീദ് കറ്റാല ചുമതലയേറ്റ ശേഷം നടന്ന സൂപ്പര്‍ കപ്പിലും ബ്ലാസ്റ്റേഴ്‌സ് കാര്യമായ പ്രകടനം കാഴ്ചവെക്കാതെ വന്നതോടെ വഴിപിരിയല്‍ ചര്‍ച്ചകള്‍ കൂടുതല്‍ ശക്തമായി.
മോശം സീസണും പ്രകടനത്തിലെ മങ്ങലും
കഴിഞ്ഞ സീസണില്‍ ഒരു ഗോള്‍ പോലും നേടാതെയാണ് ലൂണ മടങ്ങുന്നത്. 22 കളികളില്‍ ടീമിനായി ഇറങ്ങിയ ലൂണ, 6 അസിസ്റ്റുകള്‍ നേടി. കഠിനാധ്വാനം ചെയ്‌തെങ്കിലും ആദ്യ മൂന്നു സീസണുകളിലെ തിളക്കം ഇത്തവണ അദ്ദേഹത്തിനുണ്ടായിരുന്നില്ല. സെര്‍ബിയന്‍ സൂപ്പര്‍ കോച്ച് ഇവാന്‍ വുക്കോമനോവിച്ചിന്റെ കീഴില്‍ 2021-22 സീസണില്‍ ബ്ലാസ്റ്റേഴ്‌സിനായി അരങ്ങേറ്റം കുറിച്ച ലൂണ, 6 ഗോളുകള്‍ നേടി ടീമിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. തുടര്‍ന്നുള്ള രണ്ട് വര്‍ഷങ്ങളിലും മികച്ച പ്രകടനവും പ്ലേ ഓഫ് ബെര്‍ത്തും ബ്ലാസ്റ്റേഴ്‌സിന് നേടിക്കൊടുക്കുന്നതില്‍ ലൂണയുടെ സംഭാവന വലുതായിരുന്നു. എന്നാല്‍, കഴിഞ്ഞ സീസണില്‍ വുക്കോമനോവിച്ചിന് പകരമെത്തിയ മികേല്‍ സ്റ്റാറെയുടെ ഗെയിം പ്ലാനില്‍ ലൂണയ്ക്ക് മതിയായ റോള്‍ ലഭിച്ചിരുന്നില്ലെന്നും ഇത് അദ്ദേഹത്തിന്റെ പ്രകടനത്തെ ബാധിച്ചുവെന്നും വിലയിരുത്തപ്പെടുന്നു.
ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകരുടെ മനസ്സില്‍ എന്നും ഒരു നായകനെപ്പോലെ സ്ഥാനമുറപ്പിച്ച ലൂണ ടീം വിട്ടുപോകുകയാണെങ്കില്‍ അത് മഞ്ഞപ്പടയ്ക്ക് വലിയ തിരിച്ചടിയാകും. അദ്ദേഹത്തിന്റെ മധ്യനിരയിലെ സാന്നിധ്യം, കളി നിയന്ത്രിക്കാനുള്ള കഴിവ്, നിര്‍ണായക അസിസ്റ്റുകള്‍ എന്നിവയെല്ലാം ടീമിന് വലിയ മുതല്‍ക്കൂട്ടായിരുന്നു. ലൂണയുടെ ഭാവി നീക്കങ്ങള്‍ക്കായി ഉറ്റുനോക്കുകയാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകം.