വീണ്ടും ഇംഗ്ലണ്ടിനെ തല്ലി അഫ്ഗാന്‍ പോരാട്ട വീര്യം; ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് ബ്രിട്ടീഷുകാര്‍ പുറത്ത്
ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് ഇംഗ്ലണ്ട് പുറത്ത്. അഫ്ഗാനിസ്ഥാനെതിരായ നിര്‍ണ്ണായ മത്സരത്തില്‍ എട്ട് റണ്‍സിന് തോറ്റതോടെയാണ് ആദ്യ റൗണ്ടില്‍ തന്നെ ഇംഗ്ലണ്ട് പുറത്താകുമെന്ന് ഉറപ്പായത്്. അഫ്ഗാനിസ്ഥാന്‍ ആകട്ടെ ടൂര്‍ണമെന്റില്‍ തങ്ങളുടെ ആദ്യ വിജയവും സ്വന്തമാക്കി.
ആവേശകരമായ പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാന്‍ 324 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ട് വെച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനെ 317 റണ്‍സില്‍ അഫ്ഗാനിസ്ഥാന്‍ ചുരുട്ടിക്കെട്ടി.
ഇബ്രാഹിം സദ്രാന്റെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് അഫ്ഗാനിസ്ഥാന്റെ വിജയത്തില്‍ നിര്‍ണായകമായത്. 177 റണ്‍സ് നേടി സദ്രാന്‍ ചാമ്പ്യന്‍സ് ട്രോഫിയിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ എന്ന റെക്കോര്‍ഡ് സ്ഥാപിച്ചു. ഇതിനു മുന്‍പ് ബെന്‍ ഡക്കറ്റിന്റെ പേരിലായിരുന്നു റെക്കോര്‍ഡ്. മാത്രമല്ല, ചാമ്പ്യന്‍സ് ട്രോഫിയില്‍ അഫ്ഗാനിസ്ഥാനായി ആദ്യ സെഞ്ച്വറിയും ഏകദിന ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാനായി ഏറ്റവും ഉയര്‍ന്ന സ്‌കോറും സദ്രാന്റെ പേരിലായി.
തുടക്കത്തില്‍ തകര്‍ന്ന അഫ്ഗാനിസ്ഥാന്‍ പിന്നീട് ശക്തമായി തിരിച്ചുവന്നു. സദ്രാന് കൂട്ടായി ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷാഹിദി, അസ്മത്തുള്ള ഒമര്‍സായി, മുഹമ്മദ് നബി എന്നിവര്‍ മികച്ച പ്രകടനം നടത്തി. ഇംഗ്ലണ്ടിനായി ജൊഫ്ര ആര്‍ച്ചര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ടിന് തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിട്ടു. ജോ റൂട്ടിന്റെ ഒറ്റയാള്‍ പോരാട്ടം ഇംഗ്ലണ്ടിനെ വിജയത്തിന് അടുത്തെത്തിച്ചെങ്കിലും, അഫ്ഗാന്‍ ബൗളര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞു. അസ്മത്തുള്ള ഒമര്‍സായിയുടെ അഞ്ച് വിക്കറ്റ് പ്രകടനം അഫ്ഗാനിസ്ഥാന് വിജയം നേടിക്കൊടുത്തു. 111 പന്തില്‍ 11 ഫോറും ഒരു സിക്‌സും സഹിതം 120 റണ്‍സാണ് റൂട്ട് നേടിയത്. ആറ് വര്‍ഷത്തിന് ശേഷമാണ് റൂട്ട് ഏകദിനത്തില്‍ ഒരു സെഞ്ച്വറി സ്വന്തമാക്കുന്നത്.
അഫ്ഗാനിസ്ഥാന്റെ പോരാട്ടവീര്യം പ്രകടമാക്കുന്ന വിജയമാണിത്. ക്രിക്കറ്റ് ലോകത്ത് തങ്ങളുടെ സ്ഥാനം ഉറപ്പിക്കുന്ന പ്രകടനമാണ് അഫ്ഗാന്‍ പുറത്തെടുത്തത്.