ഐക്യം പേരിന് പോലുമില്ല, പലരും തോന്ന്യാസം ചെയ്യുന്നു, ടീം ഇന്ത്യയ്‌ക്കെതിരെ ഗുരുതര കണ്ടെത്തലുമായി ബിസിസിഐ
ന്യൂസിലന്‍ഡിനും ഓസ്‌ട്രേലിയയ്ക്കുമെതിരായ ടെസ്റ്റ് പരമ്പരകളിലെ തോല്‍വികള്‍ക്ക് ശേഷം, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രകടനം മെച്ചപ്പെടുത്താന്‍ പ്രതിജ്ഞ ചെയ്ത് ബിസിസിഐ. ഇതിന്റെ ഭാഗമായി ടീമിലെ ഐക്യത്തിന്റെ അഭാവവും കളിക്കാരുടെ ഫിറ്റ്‌നസ് കുറവും അടക്കം നിരവധി ഘടകങ്ങള്‍ ബിസിസിഐ പരിശോധിക്കാന്‍ ഒരുങ്ങുന്നു.
മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ ഈ വിഷയങ്ങളില്‍ ബോര്‍ഡിന് ശക്തമായ ഫീഡ്ബാക്ക് നല്‍കിയിട്ടുണ്ടെങ്കിലും, അടുത്ത മാസം നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം അദ്ദേഹത്തിന്റെ പങ്കും ബിസിസിഐ വിലയിരുത്തും.
ബിസിസിഐ, ഗംഭീര്‍, ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ എന്നിവര്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ ചില കടുത്ത തീരുമാനങ്ങളെടുത്തിരുന്നു. ഇതില്‍ ഇന്ത്യയുടെ ദീര്‍ഘ പര്യടനങ്ങളില്‍ കളിക്കാര്‍ ഭാര്യമാര്‍ക്കും/പങ്കാളികള്‍ക്കുമൊപ്പം ചെലവഴിക്കുന്ന സമയം പരിമിതപ്പെടുത്തണമെന്ന് നിര്‍ദ്ദേശിക്കപ്പെട്ടിരുന്നു. ചില കളിക്കാര്‍ ഒറ്റയ്ക്ക് യാത്ര ചെയ്യാനും പര്യടനങ്ങളില്‍ പ്രത്യേക താമസസൗകര്യം ആവശ്യപ്പെടുന്നതും ബിസിസിഐയെ പ്രകോപിപ്പിക്കുന്നുണ്ട്. കൂടാതെ ടീമിന്റെ ഐക്യം വര്‍ദ്ധിപ്പിക്കുന്നതിനായി കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഗംഭീറിനോട് ബിസിസിഐ നിര്‍ദേശിക്കുകയും ചെയ്തു.
'ഒരു പതിറ്റാണ്ടിലേറെയായി എല്ലാ ഫോര്‍മാറ്റുകളിലും സ്ഥിരത പുലര്‍ത്തിയിരുന്ന ഒരു ടീം പെട്ടെന്ന് ഏകോപിപ്പിക്കാന്‍ ബുദ്ധിമുട്ടുന്നതില്‍ ബോര്‍ഡ് ആശങ്കാകുലരാണ്. ടീമില്‍ ഒരു പ്രചോദനാത്മക ശക്തിയുടെ അഭാവമാണ് ഇതിന് കാരണം. പരിശീലനമോ കളിയോ കഴിഞ്ഞാല്‍ കളിക്കാര്‍ അവരുടെ വ്യക്തിജീവിതത്തില്‍ മുഴുകിയിരിക്കുകയാണെന്ന് കണ്ടെത്തിയിട്ടുണ്ട്' ഒരു ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞു.
'ഇന്ന് കളിക്കാര്‍ക്ക് അവരുടെ കുടുംബാംഗങ്ങളും വലിയൊരു സംഘവും ഒപ്പമുണ്ട്. ചിലര്‍ വ്യത്യസ്ത ഹോട്ടലുകളില്‍ താമസിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. ചിലര്‍ രാജ്യത്തിനുള്ളില്‍ സ്വന്തം യാത്രാ ക്രമീകരണങ്ങള്‍ ചെയ്യുന്നു. ഈ കളിക്കാരെ ബാക്കി ടീമിനൊപ്പം കാണാറില്ല. ദീര്‍ഘ പര്യടനങ്ങളില്‍ കുടുംബാംഗങ്ങളുടെ താമസ ദൈര്‍ഘ്യം രണ്ടാഴ്ചയായി പരിമിതപ്പെടുത്തുന്നതിനെക്കുറിച്ച് ബോര്‍ഡ് ആലോചിക്കുന്നു' വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
കളിക്കു പുറത്തുള്ള സമയങ്ങളില്‍ ടീം സ്പിരിറ്റ് വളര്‍ത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയും ബിസിസിഐ ചൂണ്ടിക്കാട്ടുന്നു. 'പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റ് ഇന്ത്യ വിജയിച്ചതിന് ശേഷം ടീം ഒരു ആഘോഷ ഡിന്നര്‍ നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല. പകരം, ടീമിലെ എല്ലാവരും പല ഗ്രൂപ്പുകളായി പുറത്തുപോയി. രണ്ട് മാസത്തെ പര്യടനത്തിനിടെ ഒരു ടീം ഡിന്നര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മുന്‍ ടീം മാനേജ്മെന്റ് മുഴുവന്‍ ടീമിനെയും ഉള്‍പ്പെടുത്തി പുറത്തുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാറുണ്ടായിരുന്നു. ഇത് ടീം സ്പിരിറ്റ് വളര്‍ത്തിയെടുക്കാന്‍ സഹായിച്ചിരുന്നു' ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞു.
കളിക്കാര്‍ക്കിടയില്‍ ഐക്യം വര്‍ദ്ധിപ്പിക്കുന്നതിനായി ഗംഭീര്‍ ഓപ്ഷണല്‍ പരിശീലന സെഷനുകള്‍ റദ്ദാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ മനസ്സിലാക്കുന്നു. മുഴുവന്‍ ടീമും ഒരുമിച്ച് പരിശീലിക്കേണ്ടത് ആവശ്യമാണെന്നും ഒരുപിടി കളിക്കാര്‍ മാത്രം പരിശീലനത്തിനെത്തുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം കരുതുന്നു.
പരിക്കുകള്‍ തടയുന്നതിനു ടീം സെലക്ഷന് ഫിറ്റ്‌നസ് മാനദണ്ഡങ്ങള്‍ വീണ്ടും നടപ്പിലാക്കണമെന്ന് ബിസിസിഐ മെഡിക്കല്‍ ടീമിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിരാട് കോഹ്ലിയുടെ ക്യാപ്റ്റന്‍സി കാലത്ത് സെലക്ഷന് തിരഞ്ഞെടുപ്പിനുള്ള ഒരു പ്രധാന പാരാമീറ്ററായിരുന്ന യോ-യോ ടെസ്റ്റ് മുന്‍ ടീം മാനേജ്മെന്റ് ഒഴിവാക്കിയിരുന്നു. ഇത് പരിഹരിക്കാന്‍ ഒരു നിശ്ചിത ഫിറ്റ്‌നസ് പദ്ധതിയും ബിസിസിഐ അവതരിപ്പിച്ചേക്കും.