വടിയെടുത്തപ്പോള്‍ ഭയന്നു, മറ്റൊരു ഇന്ത്യന്‍ സൂപ്പര്‍ താരം കൂടി രഞ്ജി കളിക്കാനൊരുങ്ങുന്നു
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയയോട് 1-3 ന് പരാജയപ്പെട്ട് വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്കുള്ള യോഗ്യത നഷ്ടപ്പെട്ട ഇന്ത്യ വലിയ തിരിച്ചടി നേരിടുകയാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ഉള്‍പ്പെടെ നിരവധി താരങ്ങള്‍ പരമ്പരയില്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല. ഇതോടെ താരങ്ങളെല്ലാം കടുത്ത വിമര്‍ശനവും നേരിട്ടു. കൂടാതെ ഇന്ത്യന്‍ താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്ന ആവശ്യവും ഉയര്‍ന്നു.
ഇപ്പോഴിതാ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഭാവിയില്‍ ടീമില്‍ ഇടം നേടണമെങ്കില്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്ന് ബിസിസിഐ താരങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടത്രെ. ജനുവരി 23 ന് രഞ്ജി ട്രോഫി പുനരാരംഭിക്കുന്നതിന് മുമ്പ് രോഹിത് തന്നെ മുംബൈ ടീമിനൊപ്പം പരിശീലനത്തിന് ഇറങ്ങിയിട്ടുണ്ട്. രോഹിത്തിന് പിന്നാലെ മറ്റൊരു താരം കൂടി രഞ്ജി കളിക്കാന്‍ ഒരുങ്ങുകയാണ്.
ശുഭ്മാന്‍ ഗില്‍ രഞ്ജിയിലേക്ക്
ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം, ജനുവരി 23 മുതല്‍ കര്‍ണാടകയ്ക്കെതിരായ രഞ്ജി ട്രോഫി ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ശുഭ്മാന്‍ ഗില്‍ പഞ്ചാബിനായി കളിക്കും. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ഗില്ലിനെ തിരഞ്ഞെടുത്തിട്ടില്ല, അതിനാല്‍ അദ്ദേഹത്തിന് പ്രീമിയര്‍ റെഡ്-ബോള്‍ ടൂര്‍ണമെന്റില്‍ കളിക്കാന്‍ സമയമുണ്ട്.
'അതെ, ജനുവരി 23 ന് കര്‍ണാടകയ്ക്കെതിരായ പഞ്ചാബിന്റെ രഞ്ജി മത്സരത്തിന് ശുഭ്മാന്‍ ഗില്‍ ലഭ്യമാണ്,' പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനുമായി അടുത്ത വൃത്തങ്ങള്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.
കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഗില്‍ രണ്ട് ആഭ്യന്തര മത്സരങ്ങള്‍ മാത്രമാണ് കളിച്ചിട്ടുള്ളത്. 2022 ല്‍ മധ്യപ്രദേശിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തിലാണ് അദ്ദേഹം അവസാനമായി പഞ്ചാബിനായി രഞ്ജി ട്രോഫി കളിച്ചത്. 2024ലെ ദുലീപ് ട്രോഫിയിലായിരുന്നു അദ്ദേഹത്തിന്റെ അവസാന റെഡ്-ബോള്‍ ആഭ്യന്തര മത്സരം.
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഗില്‍ മോശം പ്രകടനമാണ് കാഴ്ച്ചവെച്ചത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് 91 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്. മെല്‍ബണിലെ നാലാം ടെസ്റ്റില്‍ ഗില്‍ ടീമില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.
ആഭ്യന്തര ക്രിക്കറ്റില്‍ പങ്കെടുക്കാന്‍ ബിസിസിഐയുടെ ആഹ്വാനം
ദി ഹിന്ദുവിന്റെ റിപ്പോര്‍ട്ട് പ്രകാരം, രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ ബിസിസിഐ എല്ലാ ക്രിക്കറ്റ് താരങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്, ഇത് നിര്‍ബന്ധമല്ലെങ്കിലും. ടൂര്‍ണമെന്റില്‍ കളിക്കുന്നില്ലെങ്കില്‍ സെലക്ടര്‍മാര്‍ക്ക് ഉചിതമായ നടപടിയെടുക്കാം.
'ഇത് നിര്‍ബന്ധമാക്കിയിട്ടില്ല, പക്ഷേ എല്ലാ ക്രിക്കറ്റ് താരങ്ങളോടും, ഫ്രിഞ്ച് കളിക്കാരോട് പോലും, രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അവര്‍ കളിക്കുന്നില്ലെങ്കില്‍, ഉചിതമായ നടപടിയെടുക്കേണ്ടത് സെലക്ടര്‍മാരുടെ വിവേചനാധികാരമാണ്' ബിസിസിഐ വൃത്തം ദി ഹിന്ദുവിനോട് പറഞ്ഞു.