സഞ്ജു ഇഫക്ട് കത്തുന്നു, വെടിക്കെട്ട് രാജ്യന്തര സെഞ്ച്വറിയുമായി മറ്റൊരു മലയാളി താരം കൂടി
മലയാളി താരം സഞ്ജു സാംസണിന്റെ തുടര്‍ച്ചയായ രണ്ട് ടി20 സെഞ്ച്വറികളുടെ ആവേശം അടങ്ങും മുന്‍പേ മറ്റൊരു മലയാളി താരം ടി20യില്‍ സെഞ്ച്വറി നേടിയിരിക്കുന്നു. എന്നാല്‍ ഇത്തവണ ഇന്ത്യന്‍ ജേഴ്‌സിയിലല്ല, ആഫ്രിക്കന്‍ രാജ്യമായ ബോട്‌സ്വാനയ്ക്കു വേണ്ടിയാണ് വിനു ബാലകൃഷ്ണന്‍ ഈ നേട്ടം കൈവരിച്ചത്.
ഐസിസി ടി20 ലോകകപ്പിന്റെ ആഫ്രിക്കന്‍ യോഗ്യതാ റൗണ്ടില്‍ എസ്വാറ്റിനിക്കെതിരെയാണ് വിനുവിന്റെ തകര്‍പ്പന്‍ സെഞ്ച്വറി. ഈ മത്സരത്തില്‍ ബോട്‌സ്വാന 45 റണ്‍സിന് വിജയിച്ചപ്പോള്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും വിനുവിനെ തേടിയെത്തി.
ഓപ്പണറായി ഇറങ്ങിയ വിനു 66 പന്തില്‍ നിന്ന് 12 ഫോറും 2 സിക്‌സറും സഹിതം 101 റണ്‍സ് നേടി. അദ്ദേഹം റിട്ടയേര്‍ഡ് ഔട്ടാവുകയായിരുന്നു.
വിനുവിന്റെ മികച്ച പ്രകടനത്തിന്റെ ബലത്തില്‍ ബോട്‌സ്വാന 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് നേടി. എസ്വാറ്റിനി 18.4 ഓവറില്‍ പുറത്തായി.
തൃശ്ശൂര്‍ സ്വദേശിയായ വിനു വലംകൈയന്‍ ബാറ്റ്‌സ്മാനും ഓഫ് ബ്രേക്ക് ബൗളറുമാണ്. 35 വയസ്സുള്ള ഈ താരം ബോട്‌സ്വാനയ്ക്കു വേണ്ടി ഇതിനകം 33 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 678 റണ്‍സും 6 വിക്കറ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്.