നാഗ്പൂരില്‍ അരങ്ങേറ്റത്തിന് യുവതാരം, കീപ്പറാകാന്‍ കടുത്ത മത്സരം, ടീം ഇന്ത്യ ഇങ്ങനെ
ഇംഗ്ലണ്ടിനെ 4-1ന് തകര്‍ത്ത് ടി20 പരമ്പര അനായാസം സ്വന്തമാക്കിയതിന്റെ ആവേശത്തില്‍ ടീം ഇന്ത്യ, ഇനി ഏകദിന പരീക്ഷയ്ക്ക് ഒരുങ്ങുകയാണ്. ഈ മാസം അവസാനത്തോടെ ആരംഭിക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി മൂന്ന് മത്സരങ്ങളുടെ പരമ്പരയാണ് ഇരു ടീമുകളും കളിക്കുന്നത്. ഈ പരമ്പര, പരിശീലകരായ ഗൗതം ഗംഭീറിനും ബ്രണ്ടന്‍ മക്കല്ലത്തിനും തങ്ങളുടെ ടീം കോമ്പിനേഷനുകളും തന്ത്രങ്ങളും മെച്ചപ്പെടുത്താനുള്ള അവസാന അവസരമാണ്.
ഇന്ത്യയുടെ ടോപ് ഫോര്‍ ഏകദേശം ഉറപ്പിച്ചു കഴിഞ്ഞു. ആദ്യ നാല് സ്ഥാനങ്ങളില്‍ മാറ്റങ്ങളുണ്ടാകാന്‍ സാധ്യതയില്ല. രണ്ട് മുന്‍നിര പേസര്‍മാരെയും ഉള്‍പ്പെടുത്തി ഏകദേശം ആറ് കളിക്കാര്‍ പരമ്പരയില്‍ തുടര്‍ച്ചയായി കളിക്കും. മധ്യനിരയിലും സ്പിന്‍ ബൗളിംഗ് വിഭാഗത്തിലുമാണ് ചോദ്യങ്ങള്‍ ഉയരുന്നത്. പ്രത്യേകിച്ച് സ്പിന്‍ വിഭാഗത്തില്‍, അഞ്ച് ഓപ്ഷനുകള്‍ ഉള്ളതിനാല്‍ ഗംഭീറിന് നിരവധി പരീക്ഷണങ്ങള്‍ നടത്താനാകും.
മുഹമ്മദ് ഷമിയും അര്‍ഷ്ദീപ് സിംഗുമായിരിക്കും പേസ് വിഭാഗത്തെ നയിക്കുന്നത്. എന്നാല്‍ സ്പിന്നര്‍മാരുടെ കാര്യത്തില്‍ അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍, കൂടുതലായി ഉള്‍പ്പെടുത്തിയ വരുണ്‍ ചക്രവര്‍ത്തി എന്നിവരില്‍ ആരെല്ലാം കളിക്കുമെന്നത് കാത്തിരുന്നു കാണേണ്ട ഒന്നാണ്. പരിക്ക് കഴിഞ്ഞ് തിരിച്ചുവരുന്ന കുല്‍ദീപിന്റെ സ്ഥാനം ഏകദേശം ഉറപ്പാണെന്നാണ് വിലയിരുത്തപ്പെടുന്നത്. വരുണ്‍ ചക്രവര്‍ത്തിയ്ക്ക് ഏകദിന അരങ്ങേറ്റം ഉണ്ടാകാനുളള സാധ്യതയും തല്‌ളി കളയാനാകില്ല.
രണ്ട് ഓള്‍റൗണ്ട് സ്പിന്നര്‍മാരെ കളിപ്പിച്ച് ബാറ്റിംഗ് ശക്തി വര്‍ദ്ധിപ്പിക്കാന്‍ ഗംഭീര്‍ തീരുമാനിച്ചേക്കാം. വരുണിനെ ഏകദിന ടീമില്‍ എടുത്തത് അദ്ദേഹത്തിന് ഏകദിന അരങ്ങേറ്റം ലഭിക്കുമെന്ന സൂചന നല്‍കുന്നു. നിലവില്‍ അക്‌സര്‍ പട്ടേലിനാണ് അവസാന സ്ഥാനത്തേക്ക് മുന്‍ഗണന ഉള്ളത്. അദ്ദേഹത്തിന്റെ മികച്ച ബൗളിംഗ് ജഡേജയെക്കാള്‍ മുന്നില്‍ നില്‍ക്കുന്നു.
രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍ എന്നിവര്‍ ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിനാല്‍ ടോപ് ഫോര്‍ സ്ഥാനങ്ങള്‍ നിലനിര്‍ത്തും. എന്നാല്‍ ഋഷഭ് പന്ത്, കെഎല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ രണ്ട് സ്ഥാനങ്ങള്‍ക്കായി പോരാടും. ഹാര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ടര്‍ കഴിവുകളും മൂന്നാമത്തെ പേസറായും ഉള്ള സാന്നിധ്യവും അദ്ദേഹത്തെ ടീമില്‍ ഉറപ്പിക്കുന്നു. ഇതോടെ വിക്കറ്റ് കീപ്പര്‍മാരുടെ പോരാട്ടമായിരിക്കും പ്രധാനമായും നടക്കുക. കെഎല്‍ രാഹുലിന് തന്നെയാണ് ടീമില്‍ ആദ്യ അവസരം ലഭിക്കുക.
ഇന്ത്യന്‍ സാധ്യത ഇലവന്‍:
ബാറ്റ്സ്മാന്‍മാര്‍: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍
വിക്കറ്റ് കീപ്പര്‍: കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍)
ഓള്‍റൗണ്ടര്‍മാര്‍: ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍
സ്പിന്‍ ബൗളര്‍മാര്‍: കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി
പേസ് ബൗളര്‍മാര്‍: അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് ഷമി