അച്ചടക്കമില്ലായ്മ; ജയ്‌സ്വാളിനെ തഴഞ്ഞു രോഹിത് ; ടീം ബ്രിസ്ബേനിലേക്ക് പോയത് യുവതാരത്തെ ഒഴിവാക്കി
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ യുവതാരം യശസ്വി ജയ്‌സ്വാളിനെതിരെ അച്ചടക്ക നടപടിയുമായി ടീം മാനേജ്‌മെന്റ്. ബ്രിസ്‌ബേനിലേക്കുള്ള യാത്രയ്ക്കിടെ ജയ്‌സ്വാളിനെ ടീം ബസിൽ കയറ്റാതെ ടീം മാനേജ്‌മെന്റ് സ്ഥലം വിട്ടു.
ബുധനാഴ്ച രാവിലെയാണ് സംഭവം. അഡ്‌ലെയ്ഡിൽ നിന്ന് ബ്രിസ്‌ബേനിലേക്ക് പോകാനായി ടീം ബസ് ഹോട്ടലിൽ നിന്ന് പുറപ്പെടാൻ തയ്യാറായി നിൽക്കവേ ജയ്‌സ്വാൾ ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങി വരാൻ വൈകി. ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് അടക്കമുള്ള ടീമംഗങ്ങൾക്ക് ഇതുമൂലം ഏറെ നേരം കാത്തിരിക്കേണ്ടി വന്നു.
രാവിലെ 8:30 ന് ഹോട്ടലിൽ നിന്ന് ടീം ബസ് പുറപ്പെടേണ്ടതായിരുന്നു. ക്യാപ്റ്റൻ രോഹിത് ശർമ്മ, പരിശീലകൻ ഗൗതം ഗംഭീർ, ചീഫ് സെലക്ടർ അജിത് അഗാർക്കർ തുടങ്ങിയവർ ലോബിയിൽ എത്തിയെങ്കിലും ജയ്‌സ്വാളിനെ കാണാനില്ലായിരുന്നു.
ക്ഷമ നശിച്ച രോഹിത്, ജയ്‌സ്വാളിനെ കാത്തുനിൽക്കാതെ ടീം ബസുമായി വിമാനത്താവളത്തിലേക്ക് യാത്ര തിരിച്ചു. ഏകദേശം 20 മിനിറ്റ് കഴിഞ്ഞ് ജയ്‌സ്വാൾ ഹോട്ടൽ ലോബിയിൽ എത്തിയപ്പോഴേക്കും ബസ് പോയിരുന്നു.
പിന്നീട് ടീം മാനേജ്‌മെന്റ് ജയ്‌സ്വാളിനായി ഒരു കാർ ഏർപ്പാടാക്കി. സുരക്ഷാ ഉദ്യോഗസ്ഥനൊപ്പം ജയ്‌സ്വാൾ തനിയെ വിമാനത്താവളത്തിലേക്ക് പോയി. പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ സെഞ്ച്വറി നേടിയ ജയ്‌സ്വാൾ, അഡ്‌ലെയ്ഡിൽ നിരാശപ്പെടുത്തിയിരുന്നു. രണ്ടാം ഇന്നിംഗ്‌സിൽ വെറും 24 റൺസ് മാത്രമാണ് അദ്ദേഹം നേടിയത്. ഗാബയിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ ജയ്‌സ്വാളിന് തിരിച്ചുവരവ് നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.
ജയ്‌സ്വാളിന് പുറമെ, വിരാട് കോഹ്‌ലിയും ജസ്പ്രീത് ബുംറയും തങ്ങളുടെ കുടുംബത്തോടൊപ്പം ചാർട്ടേഡ് വിമാനത്തിലാണ് ബ്രിസ്‌ബേനിലേക്ക് യാത്ര തിരിച്ചത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇടം നേടാൻ ഇന്ത്യയ്ക്ക് ഈ മത്സരം നിർണായകമാണ്. തുടർച്ചയായി മൂന്നാം തവണയും ഡബ്ല്യുടിസി ഫൈനലിൽ എത്തണമെങ്കിൽ ഇന്ത്യ ശേഷിക്കുന്ന മത്സരങ്ങളെല്ലാം ജയിക്കണം.