ഞെട്ടിപ്പിച്ച് പുറത്തായ ഇന്ത്യന്‍ സീനിയര്‍ താരം, കൊല്‍ക്കത്തയക്കടിച്ചത് ലോട്ടറി
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ഏതാണ്ട് പുറത്തായെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ തന്റെ മികവ് തെളിയിച്ചുകൊണ്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കുന്ന രഹാനെ വിദര്‍ഭയ്‌ക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലിലും മികവ് ആവര്‍ത്തിച്ചു. മത്സരത്തില്‍ 45 പന്തില്‍ 85 റണ്‍സാണ് രഹാനെ അടിച്ചുകൂട്ടിയത്.
ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ നിരാശപ്പെടുത്തിയപ്പോള്‍ രഹാനെയുടെ പ്രകടനമാണ് മുംബൈയെ വിജയത്തിലെത്തിച്ചത്. 222 റണ്‍സ് വിജയകരമായി പിന്തുടര്‍ന്ന മുംബൈ സെമിയിലേക്ക് മുന്നേറി.
ഈ വിജയത്തോടെ മുംബൈ റെക്കോര്‍ഡ് ബുക്കിലും ഇടം നേടി. പുരുഷ ട്വന്റി20 ക്രിക്കറ്റിലെ നോക്കൗട്ട് റൗണ്ടില്‍ പിന്തുടര്‍ന്നു ജയിക്കുന്ന ഏറ്റവും മികച്ച സ്‌കോറാണിത്. 2010ല്‍ പാക്കിസ്ഥാനിലെ ഫൈസല്‍ ബാങ്ക് ട്വന്റി20യില്‍ കറാച്ചി ഡോള്‍ഫിന്‍സ് സ്ഥാപിച്ച റെക്കോര്‍ഡാണ് മുംബൈ മറികടന്നത്.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഇതുവരെ ആറ് ഇന്നിങ്‌സുകളില്‍ നിന്ന് 334 റണ്‍സാണ് രഹാനെ നേടിയത്. നാല് അര്‍ദ്ധസെഞ്ച്വറികളും ഇതില്‍ ഉള്‍പ്പെടുന്നു.
രഹാനെയുടെ മികച്ച ഫോം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആശ്വാസം പകരുന്നതാണ്. കഴിഞ്ഞ ഐപിഎല്ലില്‍ 1.5 കോടി രൂപയ്ക്ക് കൊല്‍ക്കത്ത രഹാനെയെ സ്വന്തമാക്കിയിരുന്നു. 2024 ഐപിഎല്ലില്‍ ശ്രേയസ് അയ്യര്‍ ടീം വിട്ട സാഹചര്യത്തില്‍ പുതിയ ക്യാപ്റ്റനെ തേടുന്ന കൊല്‍ക്കത്തയ്ക്ക് രഹാനെ മികച്ചൊരു ഓപ്ഷനാണ്.
വെങ്കടേഷ് അയ്യര്‍ ക്യാപ്റ്റന്‍സി സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ടെങ്കിലും, സീനിയര്‍ താരമായ രഹാനെയ്ക്ക് തന്നെയാണ് സാധ്യത കൂടുതല്‍. വന്‍ പ്രതിഫലം വാങ്ങുന്ന വെങ്കടേഷ് അയ്യര്‍, റിങ്കു സിങ്, സുനില്‍ നരെയ്ന്‍ തുടങ്ങിയ താരങ്ങളെ നയിക്കാന്‍ രഹാനെയ്ക്ക് കഴിയുമെന്നാണ് കൊല്‍ക്കത്തയുടെ പ്രതീക്ഷ.