രഹാനെ വിളയിച്ച വിജയം! മുംബൈ സയ്യിദ് മുഷ്താഖ് അലി ട്രോഫി ഫൈനലില്‍
അജിങ്ക്യ രഹാനെയുടെ തകര്‍പ്പന്‍ ബാറ്റിങ്ങിന്റെ കരുത്തില്‍ മുംബൈ സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ക്രിക്കറ്റ് ഫൈനലില്‍ പ്രവേശിച്ചു. സെമി ഫൈനലില്‍ കരുത്തരായ ബറോഡയെ ആറ് വിക്കറ്റിന് തകര്‍ത്താണ് മുംബൈയുടെ ഫൈനല്‍ പ്രവേശനം. 56 പന്തില്‍ നിന്ന് 98 റണ്‍സ് നേടിയ രഹാനെയാണ് മുംബൈയുടെ വിജയശില്‍പി.
ടോസ് നേടിയ മുംബൈ ബറോഡയെ ബാറ്റിങ്ങിനയച്ചു. പുറത്താകാതെ 36 റണ്‍സെടുത്ത ശിവലിക് ശര്‍മയാണ് ബറോഡ നിരയിലെ ടോപ് സ്‌കോറര്‍. ഓപ്പണര്‍ ശശാവത് റാവത്ത് 33 റണ്‍സും ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ 30 റണ്‍സും നേടി. ബറോഡയ്ക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് മാത്രമേ നേടാനായുള്ളൂ. മുംബൈ നിരയില്‍ പന്തെറിഞ്ഞ എല്ലാവരും വിക്കറ്റെടുത്തു.
മറുപടി ബാറ്റിങ്ങില്‍ മുംബൈക്ക് എട്ട് റണ്‍സില്‍ പൃഥ്വി ഷായുടെ വിക്കറ്റ് നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ രഹാനെയും ശ്രേയസ് അയ്യരും ചേര്‍ന്ന് മുംബൈ ഇന്നിംഗ്‌സ് കരുത്തുറ്റതാക്കി. 30 പന്തില്‍ 46 റണ്‍സെടുത്ത ശ്രേയസ് പുറത്തായെങ്കിലും രഹാനെ മുംബൈയെ വിജയത്തിലേക്ക് നയിച്ചു.
11 ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു രഹാനെയുടെ ഇന്നിംഗ്‌സ്. രഹാനെ പുറത്താകുമ്പോള്‍ മുംബൈയ്ക്ക് വിജയിക്കാന്‍ ഒരു റണ്‍സ് മാത്രമായിരുന്നു വേണ്ടിയിരുന്നത്. സൂര്യകുമാര്‍ യാദവ് സിക്‌സറിലൂടെ മുംബൈയെ വിജയത്തിലെത്തിച്ചു.
സീസണിലെ റണ്‍വേട്ടയില്‍ രഹാനെ മുന്നില്‍
സയ്യിദ് മുഷ്താഖ് അലി ട്രോഫി സീസണിലെ റണ്‍വേട്ടയില്‍ അജിങ്ക്യ രഹാനെയാണ് മുന്നില്‍. എട്ട് മത്സരങ്ങളില്‍ നിന്ന് അഞ്ച് അര്‍ധ സെഞ്ച്വറിയടക്കം 424 റണ്‍സ് രഹാനെ നേടിയിട്ടുണ്ട്. സെമി ഫൈനലിന് യോഗ്യത നേടിയ ടീമുകളില്‍ ഇനി റണ്‍വേട്ടയില്‍ മുന്നിലുള്ളത് ഒമ്പതാം സ്ഥാനത്തുള്ള പ്രിയാന്‍ഷ് ആര്യയാണ്. ഇതിനാല്‍ ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ രഹാനെ തന്നെയായിരിക്കുമെന്ന് ഏതാണ്ട് ഉറപ്പായി.