ഇന്ത്യയ്ക്കായി കളിക്കാന്‍ അവസാന ശ്വാസം വരെ പോരാടും, തുറന്നടിച്ച് രഹാനെ
ഇന്ത്യന്‍ ടീം സ്‌ക്വാഡില്‍ ഒരു സ്ഥാനം നേടാന്‍ താന്‍ ഇപ്പോഴും പോരാടാന്‍ ആഗ്രഹിക്കുന്നുവെന്ന് വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ താരവും മുംബൈ നായകനുമായ അജിന്‍ക്യ രഹാനെ. കഴിഞ്ഞ 18 മാസത്തിനിടയില്‍ തന്നെ പ്രചോദിപ്പിക്കുന്ന ചില കാര്യങ്ങള്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2023 ജൂലൈയില്‍ ആണ് രഹാനെ അവസാനമായി ഇന്ത്യയ്ക്കായി ടെസ്റ്റ് കളിച്ചത്.
'എയര്‍പോര്‍ട്ടിലായാലും ഹോട്ടലിലായാലും സുരക്ഷാ പരിശോധനയിലായാലും ഗ്രൗണ്ടിലായാലും കൗണ്ടി ക്രിക്കറ്റിലായാലും ഞാന്‍ എവിടെ പോയാലും എല്ലാവരും എന്നോട് പറഞ്ഞു: അജ്ജു ഭായ്, നിങ്ങള്‍ ടീമില്‍ ഉണ്ടാകണം. അത് കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നും. ഒന്ന് ശ്രമിച്ചുനോക്കാന്‍ ആ വാക്കുകള്‍ എന്നെ പ്രേരിപ്പിക്കുന്നു, കുറഞ്ഞത് എന്റെ കരിയറിലെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലെങ്കിലും ഞാന്‍ എന്റെ പരമാവധി നല്‍കിയിട്ടുണ്ട്' രഹാനെ പറഞ്ഞു.
'ഒരു ക്രിക്കറ്റ് അനലിസ്റ്റ് ആകാന്‍ എനിക്ക് ഒരു ഓഫര്‍ ലഭിച്ചു. എളുപ്പമുളളതും നല്ല പണമുള്ളതുമായിരുന്നു ആ ഓഫര്‍. പക്ഷേ എന്റെ ഉള്ളില്‍, ഒരാള്‍ ഇപ്പോഴും എനിക്ക് (ടീമില്‍ തിരിച്ചെത്താന്‍) കഴിയുമെന്ന് പറയുന്നു. ഇന്ത്യന്‍ ടീമില്‍ തിരഞ്ഞെടുക്കപ്പെടണോ വേണ്ടയോ എന്നത് എന്റെ കയ്യിലുളള തീരുമാനമല്ല. പക്ഷെ. പിന്നീട്, എനിക്ക് ഒരു ഖേദം തോന്നരുത്, കാരണം ഈ എക്‌സ്‌പേര്‍ട്ട് അസൈന്‍മെന്റ് എനിക്ക് പിന്നീട് പോലും എടുക്കാം. എന്നാല്‍ എനിക്ക് ഒരവസരം കൂടി ശ്രമിക്കാമായിരുന്നു എന്ന് തോന്നിയാല്‍ പിന്നീട് അത് നടക്കില്ല' രഹാനെ കൂട്ടിച്ചേര്‍ത്തു.
നിലവില്‍ രഞ്ജിയില്‍ മുംബൈയെ നയിക്കുകയാണ് രഹാനെ. സെമി വിദര്‍ഭയെയാണ് മുംബൈ നേരിടുന്നത്. കഴിഞ്ഞ രഞ്ജി മത്സരത്തില്‍ രഹാനെ സെഞ്ച്വറിയും നേടിയിരുന്നു.
രഞ്ജിയ്ക്ക് പുറമെ ഈ വര്‍ഷത്തെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ 469 റണ്‍സുമായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം എന്ന പദവിയും രഹാനെ കരസ്ഥമാക്കിയിരുന്നു. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായും രഹാനെ തിരഞ്ഞെടുക്കപ്പെട്ടു. ഐപിഎല്‍ ലേലത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ആണ് അദ്ദേഹത്തെ സ്വന്തമാക്കിയിരിക്കുന്നത്. ടീമിന്റെ ക്യാപ്റ്റനാകാനുള്ള സാധ്യതയുമുണ്ട്.