Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

'കോഹ്ലി സ്വയം നിശ്ചയിച്ച നിലവാരം നിലനിര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ പോകേണ്ട സമയമായി' തുറന്ന് പറഞ്ഞ് അഗാര്‍ക്കര്‍

08:34 PM May 24, 2025 IST | Fahad Abdul Khader
Updated At : 08:34 PM May 24, 2025 IST
Advertisement

ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ വിടവുകളിലൊന്നാണ് വിരാട് കോഹ്ലിയുടെ വിരമിക്കല്‍. രോഹിത് ശര്‍മ്മയ്ക്കും ആര്‍. അശ്വിനും ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുന്ന പ്രധാനപ്പെട്ട താരമാണ് കോഹ്ലി. അതിനാല്‍ തന്നെ കോഹലിയുടെ വിരമിക്കല്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിന് ഏല്‍പ്പിക്കുന്ന അഘാതം ചെറുതല്ല.

Advertisement

ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ ഇക്കാര്യം എടുത്ത് പറഞ്ഞു. ഇന്ത്യന്‍ ടീമില്‍ 'വിരാട് കോഹ്ലി ഉണ്ടാക്കിയ വലുപ്പമുള്ള' വിടവ് നികത്താനുണ്ട് എന്ന് മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ സമ്മതിച്ചു. അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് ടീമിന് നഷ്ടമാകുമെങ്കിലും, യുവതാരങ്ങള്‍ക്ക് മുന്നോട്ട് വരാനുള്ള ഒരു അവസരം കൂടിയാണിതെന്നും അഗാര്‍ക്കര്‍ പറഞ്ഞു. കോഹ്ലി വിരമിക്കാനുള്ള ആഗ്രഹം ഏപ്രിലില്‍ തന്നെ അറിയിച്ചിരുന്നു എന്നും അഗാര്‍ക്കര്‍ വെളിപ്പെടുത്തി.

'വലിയ വിടവുകള്‍ നികത്താനുണ്ട്'

Advertisement

'ഇവരെപ്പോലുള്ള കളിക്കാര്‍ വിരമിക്കുമ്പോള്‍ അത് എല്ലായ്‌പ്പോഴും വലിയ വിടവുകള്‍ സൃഷ്ടിക്കും. അശ്വിന്‍ പോലും ഏതാനും മാസങ്ങള്‍ക്കുമുമ്പ് വിരമിച്ചിരുന്നു. ഇവരൊക്കെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ നെടുംതൂണുകളാണ്. ഇത് എല്ലായ്‌പ്പോഴും ഒരു പ്രയാസമുള്ള കാര്യമാണ്. ഇതിനെ മറ്റൊരു രീതിയില്‍ നോക്കുകയാണെങ്കില്‍, മറ്റുള്ളവര്‍ക്ക് അവസരം ലഭിക്കുകയാണ്' അഗാര്‍ക്കര്‍ പറഞ്ഞു.

കഴിഞ്ഞ ഏതാനും മാസങ്ങളായി രോഹിതുമായും കോഹ്ലിയുമായും താന്‍ സംസാരിച്ചിരുന്നതായും അഗാര്‍ക്കര്‍ വ്യക്തമാക്കി. 'വിരാട് ഏപ്രില്‍ ആദ്യം തന്നെ തനിക്ക് കളി മതിയാക്കണം എന്ന് പറഞ്ഞു. കളിക്കുമ്പോള്‍ ഓരോ പന്തിലും 200 ശതമാനം നല്‍കാന്‍ ശ്രമിക്കുന്ന ഒരാളാണ് അദ്ദേഹം. ബാറ്റ് ചെയ്യുമ്പോഴോ ഫീല്‍ഡിലോ ആയിരിക്കുമ്പോള്‍ പോലും. തനിക്ക് കഴിയാവുന്നതെല്ലാം നല്‍കി എന്നും, വര്‍ഷങ്ങളായി താന്‍ സ്വയം നിശ്ചയിച്ച നിലവാരം പുലര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ ഒരുപക്ഷേ പോകേണ്ട സമയമായി എന്നും അദ്ദേഹത്തിന് തോന്നിയിരിക്കാം,' അഗാര്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.

'അദ്ദേഹത്തിന്റെ തീരുമാനത്തെ മാനിക്കണം'

'ഇത് അദ്ദേഹത്തിന് പ്രയാസമുള്ള കാര്യമാണ്, അത് നാം മാനിക്കണം. രോഹിതും കോഹ്ലിയും ആ ആദരവ് നേടിയെടുത്തിട്ടുണ്ട്. വലിയ കളിക്കാര്‍ക്ക് ഒരു കാര്യമുണ്ട്, അവര്‍ സ്വയം സത്യസന്ധരാണ്. 123 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച ഒരു കളിക്കാരന്‍ വിരമിക്കുമ്പോള്‍, തീര്‍ച്ചയായും അവരെ നമുക്ക് മിസ്സ് ചെയ്യും. ആ സ്ഥാനം നികത്താന്‍ പ്രയാസമാണ്, പക്ഷേ മറ്റൊരാള്‍ക്ക് അതൊരു അവസരമാണ്. ഈ തലത്തില്‍ വിജയിക്കാന്‍ എന്താണ് ചെയ്യേണ്ടതെന്ന് അദ്ദേഹം കാണിച്ചുതന്നിട്ടുണ്ട്' അഗാര്‍ക്കര്‍ വിശദമാക്കി.

വിരാട് കോഹ്ലിയുടെ ടെസ്റ്റ് കരിയര്‍ ഒരു നോട്ടത്തില്‍:

വിരാട് കോഹ്ലി തന്റെ ടെസ്റ്റ് കരിയറില്‍ 123 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 46.9 ശരാശരിയില്‍ 9230 റണ്‍സ് നേടി. ഇതില്‍ 30 സെഞ്ച്വറികളും 31 അര്‍ദ്ധ സെഞ്ച്വറികളും ഉള്‍പ്പെടുന്നു. 254 നോട്ടൗട്ട് ആണ് അദ്ദേഹത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ഇന്ത്യയുടെ ഏറ്റവും വിജയകരമായ ടെസ്റ്റ് ക്യാപ്റ്റന്‍മാരില്‍ ഒരാളായിരുന്ന കോഹ്ലി, ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിനെ ലോകത്തിന്റെ നെറുകയിലെത്തിക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. അദ്ദേഹത്തിന്റെ വിരമിക്കല്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരു യുഗത്തിന്റെ അവസാനത്തെയാണ് അടയാളപ്പെടുത്തുന്നത്. എങ്കിലും യുവതാരങ്ങള്‍ക്ക് തങ്ങളുടെ കഴിവ് തെളിയിക്കാനുള്ള വലിയൊരു അവസരം കൂടിയാണിത്.

Advertisement
Next Article