ഹാര്‍ദിക്കിനെതിരെ അംബാനിയുടെ രോഷം; വൈറലായി പ്രതികരണം
ഐപിഎല്‍ സീസണില്‍ എവേ മത്സരങ്ങളിലെ മുംബൈ ഇന്ത്യന്‍സിന്റെ ദുരവസ്ഥ തുടരുന്നു. ലഖ്നൗ സൂപ്പര്‍ ജയന്റ്സിനോട് (എല്‍എസ്ജി) ലഖ്നൗവിലെ ഭാരത് രത്ന ശ്രീ അടല്‍ ബിഹാരി വാജ്പേയി ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 12 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങിയതോടെ ഇത് അവരുടെ തുടര്‍ച്ചയായ മൂന്നാം എവേ തോല്‍വിയാണ്.
ടോസ് നേടി ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിച്ച മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഹാര്‍ദിക് പാണ്ഡ്യ പന്തുകൊണ്ട് മിന്നുന്ന പ്രകടനം കാഴ്ചവെച്ചികുന്നു. അഞ്ച് വിക്കറ്റ് നേടിയ ഹാര്‍ദിക്, ഐപിഎല്‍ ചരിത്രത്തില്‍ ഒരു ക്യാപ്റ്റനായി അഞ്ച് വിക്കറ്റ് നേടുന്ന ആദ്യ താരം എന്ന നേട്ടവും സ്വന്തമാക്കി. എന്നാല്‍ ഹാര്‍ദിക്കിന്റെ ഈ മികച്ച പ്രകടനം ഉണ്ടായിട്ടും ലഖ്നൗ 207 റണ്‍സ് പടുത്തുയര്‍ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരെ നഷ്ടമായി. എന്നാല്‍ നമന്‍ ധീറും സൂര്യകുമാര്‍ യാദവും നടത്തിയ വെടിക്കെട്ട് ബാറ്റിംഗ് മുംബൈക്ക് പ്രതീക്ഷ നല്‍കി. എന്നാല്‍ തിലക് വര്‍മ്മയ്ക്ക് ഈ കളിയില്‍ താളം കണ്ടെത്താനായില്ല. അവസാന ഓവറുകളില്‍ റണ്‍സ് ഉയര്‍ത്താന്‍ വിഷമിച്ച തിലക് വര്‍മ്മയെ ഏഴ് പന്തുകള്‍ ബാക്കിനില്‍ക്കെ മുംബൈ അപ്രതീക്ഷിതമായി 'റിട്ടയര്‍ ഔട്ട്' ചെയ്യുകയും മിച്ചല്‍ സാന്റ്നറെ ക്രീസിലേക്ക് അയക്കുകയും ചെയ്തു.
19-ാം ഓവറിലെ അവസാന പന്തില്‍ ക്രീസിലെത്തിയ സാന്റ്നര്‍ ആദ്യ പന്തില്‍ രണ്ട് റണ്‍സ് നേടി. അവസാന ഓവറിലെ ആദ്യ പന്തില്‍ ഹാര്‍ദിക് സിക്‌സര്‍ നേടിയെങ്കിലും പിന്നീട് കാര്യമായ ചലനം സൃഷ്ടിക്കാന്‍ സാധിച്ചില്ല. മൂന്നാമത്തെയും നാലാമത്തെയും പന്തുകളില്‍ ഹാര്‍ദിക് സിംഗിള്‍ എടുക്കാന്‍ വിസമ്മതിക്കുകയും സ്‌ട്രൈക്ക് നിലനിര്‍ത്തുകയും ചെയ്തു.
റണ്‍സ് കുറയ്ക്കുന്നതിന് സിംഗിള്‍ എടുക്കാന്‍ ഹാര്‍ദിക് വിസമ്മതിച്ചതില്‍ മുംബൈ ഇന്ത്യന്‍സ് ഉടമ ആകാശ് അംബാനിക്ക് അതൃപ്തിയുണ്ടായി. അദ്ദേഹത്തിന്റെ ഈ നിരാശ ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഈ സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.