സഞ്ജുവുമായി മത്സരിച്ച് പണിവാങ്ങരുത്, പന്തിന് നിര്‍ണ്ണായക ഉപദേശവുമായി ഇന്ത്യന്‍ താരം
ഐപിഎല്ലില്‍ ഇത്തവണ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ നയിക്കാന്‍ ഒരുങ്ങുകയാണ് റിഷ്. ഡല്‍ഹി ക്യാപിറ്റല്‍സ് നായകനായിരുന്ന റിഷബ് പന്തിനെ 27 കോടി മുടക്കിയാണ് ലഖ്നൗ ടീമിലെത്തിച്ച് നായകനാക്കിയത്. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പ് കളിച്ച ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന റിഷബ് പന്തിന് പിന്നീട് ഇന്ത്യന്‍ ടി20 ടീമിലെ സ്ഥാനം നഷ്ടമായിരുന്നു.
ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ടി20 ടീമില്‍ തിരിച്ചെത്താന്‍ റിഷബ് പന്തിന് ലഭിക്കുന്ന സുവര്‍ണാവസരമായിരിക്കും ഇത്തവണത്തെ ഐപിഎല്‍ എന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര.
സഞ്ജുവുമായി മത്സരിക്കരുത്
റിഷബ് പന്തിന് പകരം വിക്കറ്റ് കീപ്പറും ഓപ്പണറുമായി ടീമിലെത്തിയ മലയാളി താരം സഞ്ജു സാംസണ്‍ മൂന്ന് സെഞ്ചുറികളുമായി ഓപ്പണറായി തിളങ്ങുകയും ചെയ്തിരുന്നല്ലോ. ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താന്‍ സഞ്ജു സാംസണോട് മത്സരിച്ച് റിഷാബ് പന്ത് ഒരിക്കലും ഓപ്പണറാകരുതെന്നും മിഡില്‍ ഓര്‍ഡറില്‍ നിക്കോളാസ് പുരാനും ഡേവിഡ് മില്ലര്‍ക്കുമൊപ്പം ബാറ്റ് ചെയ്യുകയാണ് വേണ്ടതെന്നും ആകാശ് ചോപ്ര പറഞ്ഞു.
നിര്‍ണായക അവസരം
റിഷബ് പന്തിന് ഇത്തവണത്തെ ഐപിഎല്‍ വലിയ അവസരമാണ്. എന്തുകൊണ്ടെന്നാല്‍ പന്ത് ഇപ്പോള്‍ ഇന്ത്യയുടെ ടി20 ടീമിന്റെ ഭാഗമല്ല. ടി20 ടീമിലേക്ക് പന്തിനെ പരിഗണിക്കുന്നതുപോലുമില്ല. ആക്രമണോത്സുക ക്രിക്കറ്റ് കളിക്കുന്ന പന്തിനെ എന്തുകൊണ്ട് ടി20 ടീമിലേക്ക് പരിഗണിക്കുന്നില്ലെന്ന് ആളുകള്‍ അത്ഭുതപ്പെടുന്നുണ്ടാവും. അതുകൊണ്ട് ഇതാണ് റിഷാബ് പന്തിന്റെ അവസരം, ഈ സീസണില്‍ പരമാവധി റണ്‍സടിച്ച് എല്ലാവരെയും പിടിച്ചുകുലുക്കാന്‍ അവനാവണം.
ബാറ്റിംഗ് ഓര്‍ഡര്‍
റിഷാബ് പന്ത് ബാറ്റിംഗ് ഓര്‍ഡറില്‍ എവിടെ ബാറ്റ് ചെയ്യുമെന്നതാണ് വലിയ ചോദ്യം. റിഷാബ് പന്തിനെ ഓപ്പണറായി പരീക്ഷിക്കണമെന്ന വാദവും ഉയരുന്നുണ്ട്. എന്നാല്‍ ഓപ്പണറായി സഞ്ജുവുമായി മത്സരിക്കാന്‍ നില്‍ക്കേണ്ടെന്നാണ് എനിക്ക് പറയാനുള്ളത്. മൂന്നാം നമ്പറിന് മുകളില്‍ റിഷാബ് പന്ത് ബാറ്റ് ചെയ്യേണ്ട ഒരു സാഹചര്യവുമില്ല. ടീമിന് മികച്ച തുടക്കം ലഭിച്ചാല്‍ മാത്രം മൂന്നാം നമ്പറിലിറങ്ങുകയും അല്ലെങ്കില്‍ നാലാമനായി ക്രീസിലിറങ്ങുകയാണ് വേണ്ടത്. അതുവഴി നാലും അഞ്ചും ആറും ബാറ്റര്‍മാര്‍ ഇടം കൈയന്‍മാരാണെന്ന ആനുകൂല്യം ലഭിക്കും.
ലോകകപ്പ് സാധ്യതകള്‍
അടുത്ത ടി20 ലോകകപ്പിന് മുമ്പ് ഇനിയും ഇന്ത്യന്‍ ടീമില്‍ മാറ്റം വരാമെന്നതിനാല്‍ റിഷാബ് പന്തിന് ഇനിയും ഇന്ത്യന്‍ ടി20 ടീമില്‍ തിരിച്ചെത്താന്‍ അവസരമുണ്ട്. എന്നാല്‍ അതിനുള്ള നിര്‍ണായക ചവിട്ടുപടിയാകും ഇത്തവണത്തെ ഐപിഎല്ലെന്നും ആകാശ് ചോപ്ര പറഞ്ഞു.