BGT: ട്രാവിസ് ഹെഡിനോട് മാപ്പ് ചോദിച്ച് ആകാശ് ദീപ്
ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റിന്റെ അഞ്ചാം ദിനത്തില്‍ ഓസീസ് സൂപ്പര്‍ താരം ട്രാവിസ് ഹെഡിനോട് ക്ഷമാപണം നടത്തി ഇന്ത്യന്‍ യുവതാരം ആകാശ ദീപ്. നേഥന്‍ ലയണിനെതിരെ ആക്രമണോത്സുകമായി ബാറ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് ക്ഷമാപണത്തിന് ആധാരമായ സംഭവം.
ഒരു സ്ലോഗ് സ്വീപ്പ് കളിക്കാന്‍ ശ്രമിച്ച ആകാശ് ദീപിന് പന്ത് പൂര്‍ണമായും മിസ് ചെയ്തു. അത് പാഡിനുള്ളില്‍ കുടുങ്ങി. പെട്ടെന്ന് പന്ത് പുറത്തെടുത്ത് നിലത്തേക്ക് ആകാശ് ദീപ് എറിയുകയായിരുന്നു. എന്നാല്‍ ഈ സമയം സില്ലി പോയന്റില്‍ നിന്നിരുന്ന ഹെഡ് പന്ത് തരാന്‍ കൈനീട്ടിയത് ആകാശ് ദീപ് ശ്രദ്ധിച്ചില്ല. ഇത് ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരവുമായി ഒരു ചെറിയ വാഗ്വാദത്തിന് കാരണമായി.
എന്നിരുന്നാലും, സാഹചര്യം വഷളാകുന്നതിന് മുമ്പ് ആകാശ് ദീപ് ക്ഷമാപണം നടത്തുകയായിരുന്നു. ഒടുവില്‍ ട്രാവിസ് ഹെഡ് ആകാശ് ദീപിനെ പുറത്താക്കി ഇന്ത്യന്‍ ഇന്നിംഗ്‌സ് അവസാനിപ്പിച്ചു.
252/9 എന്ന നിലയില്‍ അഞ്ചാം ദിനം കളി പുനരാരംഭിച്ച ഇന്ത്യ എട്ട് റണ്‍സ് കൂടി ചേര്‍ത്ത് 260 റണ്‍സിന് പുറത്തായി. ജസ്പ്രീത് ബുംറ (10*), ആകാശ് ദീപ് (31) എന്നിവര്‍ അവസാന വിക്കറ്റില്‍ 47 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഓസ്‌ട്രേലിയയ്ക്ക് ഒന്നാം ഇന്നിംഗ്‌സില്‍ 185 റണ്‍സ് ലീഡ് ലഭിച്ചു.
അതെസമയം ഇന്ത്യ-ഓസ്‌ട്രേലിയ ഗാബ ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞു. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 275 റണ്‍സ് വിജയലക്ഷ്യം പിന്തുടരവെ മഴയെത്തിയതോടെയാണ് ഇരുക്യാപ്റ്റന്മാരും സമനിലയില്‍ പിരിയാന്‍ തീരുമാനിച്ചത്. ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ എട്ട് റണ്‍സ് എന്ന നിലയില്‍ ബാറ്റ് ചെയ്യുമ്പോഴാണ് വീണ്ടും രസംകൊല്ലിയായി മഴയെത്തിയത്. നാല് റണ്‍സ് വീതമെടുത്ത് യശ്വസ്വി ജയ്‌സ്വാളും കെഎല്‍ രാഹുലുമായിരുന്നു ക്രീസില്‍.