സെവന്‍സില്‍ നടുക്കുന്ന സംഭവം, വീണുകിടന്ന താരത്തിന്റെ നെഞ്ചില്‍ ബൂട്ടിട്ട് ചവിട്ടി
അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഞെട്ടിപ്പിക്കും സംഭവം. മത്സരത്തിനിടെ എതിര്‍ ടീം താരത്തിന്റെ നെഞ്ചില്‍ ബൂട്ടിട്ട് ചവിട്ടിയ സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറത്തിന്റെ വിദേശ താരം സാമുവലിന് സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ വിലക്ക് ഏര്‍പ്പെടുത്തി.
എടത്തനാട്ടുകര ചലഞ്ചേഴ്‌സ് ക്ലബ് ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഫ്‌ലഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ച നടന്ന മത്സരത്തിനിടെയാണ് നടുക്കുന്ന സംഭവമുണ്ടായത്. ഗ്രൗണ്ടില്‍ വീണുകിടന്ന ഉദയ പറമ്പില്‍പീടിക ടീമിലെ താരത്തിന്റെ നെഞ്ചിലാണ് സാമുവല്‍ ബൂട്ടിട്ട് ചവിട്ടിയത്.
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് ഫുട്‌ബോള്‍ പ്രേമികളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി.
സാമുവലിനെ സീസണില്‍ കളിക്കുന്നതില്‍ നിന്ന് വിലക്കുകയും ഉടന്‍ നാട്ടിലേക്ക് തിരിച്ചയക്കണമെന്നും സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറത്തിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. എസ്എഫ്എ പ്രസിഡന്റ് ഹബീബ്, ജനറല്‍ സെക്രട്ടറി സൂപ്പര്‍ അഷറഫ് ബാവ, ട്രഷറര്‍ എസ് എം അന്‍വര്‍ എന്നിവര്‍ ചേര്‍ന്നാണ് തീരുമാനം ഔദ്യോഗികമായി അറിയിച്ചത്.