മാഞ്ചസ്റ്റർ സിറ്റിയിൽ അൽവാരസ് തന്നെ താരം, സിറ്റിയെ വിജയത്തിലെത്തിച്ചത് അർജന്റീന താരം
ഖത്തർ ലോകകപ്പിൽ നിറം മങ്ങിയ ലൗറ്റാറോ മാർട്ടിനസിനു പകരക്കാരനായി ലഭിച്ച സ്ഥാനം കൃത്യമായി ഉപയോഗിച്ച് അർജന്റീനയെ കിരീടത്തിലേക്ക് നയിക്കാൻ സഹായിച്ച് തന്റെ മികവ് കാണിച്ചു തന്ന താരമാണ് ജൂലിയൻ അൽവാരസ്. കഴിഞ്ഞ സീസണിൽ ഹാലാൻഡിന്റെ പകരക്കാരനെന്ന നിലയിൽ മാത്രം കളിച്ചതിനാൽ സിറ്റിക്കൊപ്പം തന്റെ കഴിവുകൾ തെളിയിക്കാൻ താരത്തിന് കഴിയാതിരുന്നത്. എങ്കിലും ട്രെബിൾ കിരീടനേട്ടത്തിൽ നിർണായകമായ പങ്കു വഹിക്കാൻ അൽവാരസിനു കഴിഞ്ഞു.
കെവിൻ ഡി ബ്രൂയ്ൻ പരിക്കേറ്റു പുറത്തു പോയതിനാൽ ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ആദ്യ ഇലവനിൽ സ്ഥിരസാന്നിധ്യമായ അൽവാരസ് ഇന്നലെ നടന്ന മത്സരത്തിലും തന്റെ മികവ് തെളിയിക്കുകയുണ്ടായി. ആദ്യപകുതിയുടെ അവസാന മിനുട്ടിൽ മാഞ്ചസ്റ്റർ സിറ്റിയെ ഞെട്ടിച്ച് റെഡ് സ്റ്റാർ ബെൽഗ്രേഡ് മുന്നിലെത്തിയ മത്സരത്തിൽ തന്റെ ടീമിനെ തിരിച്ചു കൊണ്ടുവന്നത് അൽവാരസായിരുന്നു. രണ്ടു കിടിലൻ ഗോളുകളാണ് താരം മാഞ്ചസ്റ്റർ സിറ്റിക്കു വേണ്ടി നേടിയത്.
രണ്ടാംപകുതിയുടെ തുടക്കത്തിൽ തന്നെയായിരുന്നു അൽവാരസിന്റെ ആദ്യത്തെ ഗോൾ. ഹാലാൻഡിന്റെ പാസിൽ ഗോൾകീപ്പറെ മറികടന്നതിനു ശേഷം ഒരു ക്ലിനിക്കൽ ഫിനിഷിംഗിലൂടെ അൽവാരസ് പന്ത് വലയിലെത്തിച്ചു. അതിനു ശേഷം അറുപതാം മിനുട്ടിൽ ഒരു ഫ്രീകിക്കിൽ നിന്നും താരം രണ്ടാമത്തെ ഗോളും നേടി. അസാധ്യമായ ഒരു ആംഗിളിൽ നിന്നുമാണ് അൽവാരസ് ഫ്രീകിക്ക് ഗോൾ നേടിയത്. കഴിഞ്ഞ മത്സരത്തിൽ തന്റെ ഫ്രീകിക്ക് ബാറിലടിച്ചു പോയതിനു പകരം വീട്ടാൻ താരത്തിനായി.
അതിനു ശേഷം റോഡ്രി നേടിയ ഗോളിലാണ് മാഞ്ചസ്റ്റർ സിറ്റി പട്ടിക പൂർത്തിയാക്കിയത്. എന്തായാലും അൽവാരസിന്റെ പ്രകടനം ഏവരെയും അത്ഭുതപ്പെടുത്തുന്ന ഒന്നായിരുന്നു. മത്സരത്തിന്റെ തുടക്കം മുതൽ അവസാനം വരെ കൃത്യമായി പ്രെസ് ചെയ്യാനും ഗോളടിക്കാനും അവസരങ്ങൾ സൃഷ്‌ടിക്കാനുമെല്ലാം താരത്തിന് ഒരുപോലെ കഴിവുണ്ട്. ഈ സീസണിൽ കൂടുതൽ മികച്ച പ്രകടനം താരത്തിൽ നിന്നും പ്രതീക്ഷിക്കാമെന്ന് തീർച്ചയാണ്.