കളിക്കിടെ ക്യാപ്റ്റനുമായി തെറ്റി, ആരോടും പറയാതെ മൈതാനത്ത് നിന്നും പിണങ്ങിപ്പോയി അല്‍സാരി ജോസഫ്
ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിനിടെ വെസ്റ്റിന്‍ഡീസ് തകര്‍പ്പന്‍ ജയം നേടിയെങ്കിലും ടീമിനെ നാണംകെടുത്തുന്ന ചില അപ്രതീക്ഷിത സംഭവങ്ങളുമുണ്ടായി. ക്യാപ്റ്റന്‍ ഷായി ഹോപ്പുമായി അഭിപ്രായവ്യത്യാസമുണ്ടായതിനെ തുടര്‍ന്ന് പേസര്‍ അല്‍സാരി ജോസഫ് മത്സരത്തിനിടെ ആരോടും പറയാതെ മൈതാനത്ത് നിന്നും പിണങ്ങിപ്പോകുകയായിരുന്നു.
നാലാം ഓവറില്‍ ഹോപ്പ് ഒരുക്കിയ ഫീല്‍ഡിങ്ങില്‍ ജോസഫിന് തൃപ്തിയുണ്ടായിരുന്നില്ല. എന്നാല്‍ ഈ ഓവറില്‍ തന്നെ ജോര്‍ദാന്‍ കോക്സിനെ പുറത്താക്കാന്‍ ജോസഫിന് കഴിഞ്ഞു. പക്ഷേ വിക്കറ്റ് നേട്ടം ആഘോഷിക്കുന്നതിന് പകരം ജോസഫ് ക്യാപ്റ്റനോട് ദേഷ്യപ്പെടുകയാണുണ്ടായത്.
ഓവര്‍ പൂര്‍ത്തിയാക്കിയ ശേഷം ജോസഫ് ദേഷ്യത്തോടെ കളം വിടുകയായിരുന്നു. പരിശീലകന്‍ ഡാരന്‍ സാമി ഇടപെട്ടെങ്കിലും ജോസഫ് ശ്രദ്ധിച്ചില്ല. ഏതാനും ഓവറുകള്‍ക്ക് ശേഷമാണ് അദ്ദേഹം തിരിച്ചെത്തിയത്.
ഈ സംഭവത്തിനിടയിലും വിന്‍ഡീസ് മികച്ച പ്രകടനം കാഴ്ചവച്ചു. ബ്രാന്‍ഡന്‍ കിങ്ങിന്റെ (102) സെഞ്ച്വറിയും കീസി കാര്‍ട്ടിയുടെ (119*) മികച്ച ഇന്നിംഗ്സും വിന്‍ഡീസിന് എട്ട് വിക്കറ്റ് വിജയം സമ്മാനിച്ചു. ഈ വിജയത്തോടെ വിന്‍ഡീസ് പരമ്പര 2-1ന് കൈക്കലാക്കി.