ക്യാപ്റ്റനുമായി ഉടക്കി മൈതാനം വിട്ട സംഭവം, ജോസഫിന് കനത്ത ശിക്ഷ
ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ അനുവാദമിലലതെ ഫീല്‍ഡ് വിട്ടുപോയതിന് പേസര്‍ അല്‍സാരി ജോസഫിന് രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ്. ഫീല്‍ഡ് പ്ലേസ്മെന്റുകളെച്ചൊല്ലി ക്യാപ്റ്റന്‍ ഷായ് ഹോപ്പുമായുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് അല്‍സാരി ജോസഫ് മത്സരത്തിനിടെ ഫീല്‍ഡ് വിട്ടിറങ്ങിയിത്.
മത്സരത്തിനിടെ, ബൗളിംഗ് ചെയ്യുമ്പോള്‍ ഫീല്‍ഡ് പ്ലേസ്മെന്റുകളില്‍ ജോസഫ് അതൃപ്തി പ്രകടിപ്പിക്കുകയും ഹോപ്പുമായി രൂക്ഷമായ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് പേസര്‍ ഫീല്‍ഡ് വിട്ട് ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങി. ഇത് വെസ്റ്റ് ഇന്‍ഡീസ് ടീമിനെ കുറച്ച് നേരം ഷോര്‍ട്ട് ഹാന്‍ഡഡ് ആക്കി.
'എന്റെ വികാരം എന്നെ കീഴടക്കിയെന്ന് ഞാന്‍ തിരിച്ചറിയുന്നു. ക്യാപ്റ്റന്‍ ഷായ് ഹോപ്പിനോടും എന്റെ സഹതാരങ്ങളോടും മാനേജ്മെന്റിനോടും ഞാന്‍ വ്യക്തിപരമായി ക്ഷമാപണം നടത്തിയിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസ് ആരാധകരോടും ഞാന്‍ ഹൃദയപൂര്‍വ്വം ക്ഷമ ചോദിക്കുന്നു. തീരുമാനങ്ങളിലെ ഒരു ചെറിയ പിഴവ് പോലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് എനിക്ക് മനസ്സിലായി, അത് ഉണ്ടാക്കിയ നിരാശയില്‍ ഞാന്‍ അഗാധമായി ഖേദിക്കുന്നു' അല്‍സാരി ജോസഫ് മത്സര ശേഷം പറഞ്ഞു.
ജോസഫിന്റെ പ്രവൃത്തി അസ്വീകാര്യമാണെന്ന് വെസ്റ്റ് ഇന്‍ഡീസ് പരിശീലകന്‍ ഡാരന്‍ സാമി പരസ്യമായി പ്രസ്താവിച്ചിരുന്നു. ജോസഫിന്റെ പെരുമാറ്റം പ്രതീക്ഷിച്ച നിലവാരത്തിന് അനുസൃതമായില്ലെന്ന് ക്രിക്കറ്റ് ബോര്‍ഡും വ്യക്തമാക്കി.
'ഇത്തരം പെരുമാറ്റത്തെ അവഗണിക്കാന്‍ കഴിയില്ല, സാഹചര്യത്തിന്റെ ഗൗരവം പൂര്‍ണ്ണമായി അംഗീകരിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ നിര്‍ണ്ണായക നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്' വിന്‍ഡീസ്് ക്രിക്കറ്റ് ഡയറക്ടര്‍ മൈല്‍സ് ബാസ്‌കോംബ് പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ ബുധനാഴ്ചത്തെ മത്സരത്തില്‍ എട്ട് വിക്കറ്റിന് വെസ്റ്റ് ഇന്‍ഡീസ് വിജയിച്ചിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര 2-1നും വെസ്റ്റിന്‍ഡീസ് സ്വന്തമാക്കി.
ഇനി ടി20 പരമ്പരയാണ് അവശേഷിക്കുന്നത്. അഞ്ച് ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങളില്‍ ആദ്യത്തേത് ശനിയാഴ്ച കെന്‍സിംഗ്ടണ്‍ ഓവലില്‍ നടക്കും.