സഞ്ജുവിനെ ഓപ്പണറാക്കാന്‍ പറഞ്ഞു, അവഗണിച്ചു, അതിനവര്‍ അനുഭവിച്ചെന്ന് ഇന്ത്യന്‍ താരം
മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെ ആദ്യമായി ഓപ്പണറാക്കണമെന്ന് നിര്‍ദേശിച്ചത് താനാണെന്ന് മുന്‍ ഇന്ത്യന്‍ താരം അമ്പാടി റായുഡുവിന്റെ വെളിപ്പെടുത്തല്‍. സഞ്ജുവിനെ ഐപിഎല്ലില്‍ ഓപ്പണറാക്കി ഇറക്കണമെന്ന് രാജസ്ഥാന്‍ റോയല്‍സിന് താന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നതായാണ് റായുഡു വെളിപ്പെടുത്തുന്നത്.
ടീം ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിങ്ങിലേക്ക് വന്നതിന് ശേഷം സഞ്ജുവിന്റെ പ്രകടനത്തില്‍ വലിയ മാറ്റമുണ്ടായെന്നും റായുഡു ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഐപിഎല്‍ സീസണില്‍ യശസ്വി ജയ്സ്വാളിനൊപ്പം സഞ്ജുവിനെ ഓപ്പണറാക്കണമെന്ന് റോയല്‍സിനോട് നിര്‍ദ്ദേശിച്ചിരുന്നുവെന്ന് റായുഡു പറഞ്ഞു. മൂന്നാം നമ്പറില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സഞ്ജുവിന് ഓപ്പണറായാല്‍ ഇന്നിങ്‌സ് നിയന്ത്രിക്കാന്‍ കഴിയുമെന്നും 20 ഓവറും ബാറ്റ് ചെയ്യാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടെന്നും റായുഡു അഭിപ്രായപ്പെട്ടു.
എന്നാല്‍, ടോം കോഹ്ലര്‍-കാഡ്‌മോറിനെ ഓപ്പണിങ്ങില്‍ പരീക്ഷിക്കാനായിരുന്നു റോയല്‍സിന്റെ തീരുമാനം. ഈ തീരുമാനം അവരുടെ സീസണിനെ പ്രതികൂലമായി ബാധിച്ചുവെന്നും റായുഡു കൂട്ടിച്ചേര്‍ത്തു.
ടീം ഇന്ത്യയ്ക്ക് വേണ്ടി മൂന്ന് സെഞ്ച്വറികള്‍ നേടിയ സഞ്ജു ടി20യില്‍ ഇന്ത്യയുടെ ഓപ്പണിംഗ് സ്ഥാനം ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു. ബംഗ്ലാദേശിനും ദക്ഷിണാഫ്രിക്കയ്ക്കുമെതിരായ ടി20 പരമ്പരകളില്‍ ശുഭ്മാന്‍ ഗില്ലിന്റെയും യശസ്വി ജയ്സ്വാളിന്റെയും അഭാവത്തിലാണ് സഞ്ജുവിന് ഓപ്പണിംഗ് അവസരം ലഭിച്ചത്.