സഞ്ജുവിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ബിസിസിഐ, പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലാന്‍ കൂട്ടുനിന്ന് കെസിഎ
ചാമ്പ്യന്‍സ് ട്രോഫി ടീമിലേക്ക് പരിഗണിക്കപ്പെടുന്ന മലയാളി താരം സഞ്ജു സാംസണിന് കനത്ത തിരിച്ചടി. സഞ്ജു വിജയ് ഹസാരെ ട്രോഫിയില്‍ നിന്ന് വിട്ടുനിന്നതില്‍ ബിസിസിഐ അന്വേഷണം പ്രഖ്യാപിച്ചു.
ദേശീയ ടീമിലേക്ക് പരിഗണിക്കപ്പെടണമെങ്കില്‍ താരങ്ങള്‍ നിര്‍ബന്ധമായും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്ന് ബിസിസിഐ നേരത്തെ നിഷ്‌കര്‍ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിജയ് ഹസാരെ ട്രോഫിയില്‍ നിന്ന് സഞ്ജുവിന്റെ വിട്ടുനില്‍ക്കലിനെ ചൊല്ലി അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം, വിജയ് ഹസാരെ ട്രോഫിയില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള സഞ്ജുവിന്റെ തീരുമാനത്തില്‍ ബിസിസിഐ ഉദ്യോഗസ്ഥരും സെലക്ടര്‍മാരും അതൃപ്തരാണ്. ടൂര്‍ണമെന്റിന് മുന്നോടിയായുള്ള പരിശീലന ക്യാമ്പില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ലെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
'ആഭ്യന്തര ക്രിക്കറ്റിന്റെ പ്രാധാന്യത്തെക്കുറിച്ച് സെലക്ടര്‍മാരും ബോര്‍ഡും വളരെ വ്യക്തമാണ്. കഴിഞ്ഞ വര്‍ഷം, ഇഷാന്‍ കിഷനും ശ്രേയസ് അയ്യരും അനുമതിയില്ലാതെ ആഭ്യന്തര മത്സരങ്ങള്‍ നഷ്ടപ്പെടുത്തിയതിന് സെന്‍ട്രല്‍ കരാറുകള്‍ നഷ്ടപ്പെട്ടിരുന്നു' എന്ന് ടൈംസ് ഓഫ് ഇന്ത്യ ഉദ്ധരിച്ച ഒരു ബിസിസിഐ വൃത്തം പറഞ്ഞു.
'സഞ്ജുവിന്റെ കാര്യത്തിലും, ടൂര്‍ണമെന്റ് നഷ്ടപ്പെടുത്താന്‍ കാരണം എന്താണെന്ന് ബോര്‍ഡിനോ സെലക്ടര്‍മാര്‍ക്കോ അറിയില്ല. ദുബായില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതായി മാത്രമേ ഇതുവരെ അറിയൂ' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റിപ്പോര്‍ട്ട് അനുസരിച്ച്, ടൂര്‍ണമെന്റ് നഷ്ടപ്പെടുത്താനുള്ള കാരണം സഞ്ജു വ്യക്തമാക്കണമെന്ന് സെലക്ടര്‍മാര്‍ ആഗ്രഹിക്കുന്നു.
'സെലക്ടര്‍മാര്‍ക്ക് സാധുവായ ഒരു കാരണം വേണം. അല്ലാത്തപക്ഷം, ഏകദിന പരമ്പരകള്‍ക്കായി അദ്ദേഹത്തെ പരിഗണിക്കുന്നത് ബുദ്ധിമുട്ടായിരിക്കും. കെസിഎയുമായി സഞ്ജുവിന് മോശം ബന്ധമാണുള്ളത്, പക്ഷേ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെങ്കില്‍ അത് പരിഹരിക്കേണ്ടതുണ്ട്' ബിസിസിഐ വൃത്തം പറഞ്ഞു.
'സംസ്ഥാന അസോസിയേഷനുമായി അദ്ദേഹത്തിന് തെറ്റിദ്ധാരണയുണ്ടെന്നും അദ്ദേഹം കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നുവെന്നും പറയാനാവില്ല. വിജയ് ഹസാരെ ട്രോഫിക്ക് മുമ്പുള്ള സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ അദ്ദേഹം കളിച്ചിരുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചാമ്പ്യന്‍സ് ട്രോഫിയിലേക്കുള്ള രണ്ട് വിക്കറ്റ് കീപ്പര്‍ സ്ഥാനങ്ങളിലേക്ക് കെഎല്‍ രാഹുല്‍, ധ്രുവ് ജുറേല്‍, റിഷഭ് പന്ത് എന്നിവരോടൊപ്പം സഞ്ജുവും മത്സരിക്കുന്നു.
കേന്ദ്ര കരാറിലുള്ള എല്ലാ കളിക്കാരും ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് ബിസിസിഐ നിര്‍ബന്ധമാക്കിയിട്ടുണ്ട്. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍, ബിസിസിഐക്ക് ബന്ധപ്പെട്ട കളിക്കാരനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാം.