എനിക്ക് മതിയായി, എല്ലാത്തിനേയും പുറത്താക്കും, സീനിയര്‍ താരങ്ങള്‍ക്കെതിരെ പൊട്ടിത്തെറിച്ച് ഗംഭീര്‍
മെല്‍ബണ്‍ ടെസ്റ്റിലെ ദയനീയ പരാജയത്തിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സീനിയര്‍ താരങ്ങള്‍ക്ക് കടുത്ത മുന്നറിയിപ്പുമായി ഹെഡ് കോച്ച് ഗൗതം ഗംഭീര്‍. പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കില്‍ സീനിയര്‍ താരങ്ങളെ ടീമില്‍ നിന്ന് ഒഴിവാക്കാന്‍ മടിക്കില്ലെന്ന് ഗംഭീര്‍ വ്യക്തമാക്കിയതായി പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മെല്‍ബണ്‍ ടെസ്റ്റിന് ശേഷം ഡ്രസ്സിംഗ് റൂമില്‍ നടന്ന യോഗത്തിലാണ് ഗംഭീര്‍ താരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ടീമിന്റെ തന്ത്രങ്ങള്‍ പാലിക്കുന്നതിന് പകരം വ്യക്തിഗത പ്രകടനത്തിന് മുന്‍തൂക്കം നല്‍കുന്ന സീനിയര്‍ താരങ്ങളുടെ പ്രവണതയെ ഗംഭീര്‍ രൂക്ഷമായി വിമര്‍ശിച്ചു.
കഴിഞ്ഞ ആറുമാസമായി താരങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയെങ്കിലും ഇനി മുതല്‍ തന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും അല്ലാത്തപക്ഷം പുറത്തുപോകാമെന്നും ഗംഭീര്‍ വ്യക്തമാക്കി.
മെല്‍ബണ്‍ ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്‌സുകളിലും റിഷഭ് പന്തിന്റെ അശ്രദ്ധമായ ഷോട്ടുകള്‍ ഇന്ത്യയുടെ തകര്‍ച്ചയ്ക്ക് കാരണമായി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെയും തുടര്‍ച്ചയായി ഓഫ് സ്റ്റമ്പിന് പുറത്തുള്ള പന്തില്‍ ബാറ്റ് ചെയ്ത് പുറത്താകുന്ന വിരാട് കോഹ്ലിയുടെയും പ്രകടനത്തിലും ഗംഭീര്‍ അതൃപ്തനാണ്.
ഗംഭീറിന്റെ ഈ നിലപാട് ഇന്ത്യന്‍ ടീമില്‍ വലിയ ചലനങ്ങള്‍ക്ക് കാരണമായേക്കാം. അടുത്ത ടെസ്റ്റില്‍ സീനിയര്‍ താരങ്ങള്‍ക്ക് പകരം പുതുമുഖങ്ങള്‍ക്ക് അവസരം ലഭിച്ചേക്കാം. ഈ സാഹചര്യം ടീമിനുള്ളില്‍ സംഘര്‍ഷത്തിന് വഴിവെച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഗംഭീറിന്റെ കര്‍ശനമായ നിലപാട് ടീമിന് ഗുണം ചെയ്യുമോ എന്നത് കണ്ടറിയണം. ഓസ്‌ട്രേലിയയ്ക്കെതിരായ അഞ്ചാം ടെസ്റ്റ് ഇന്ത്യയ്ക്ക് നിര്‍ണായകമാണ്. ഈ മത്സരം ഗംഭീറിന്റെ കോച്ചിംഗ് ശേഷിയുടെയും ടീമിന്റെ ഭാവിയുടെയും ഒരു പരീക്ഷണമായിരിക്കും.