സഞ്ജു ഗോള്‍ഡണ്‍ ഡെക്കാവുമോ, ആ സെഞ്ച്വറി ചതിക്കും, ആശങ്ക പരക്കുന്നു
സഞ്ജു സാംസണിന് വിക്കറ്റ് കീപ്പര്‍-ഓപ്പണറുടെ ഇരട്ട റോള്‍ ഭദ്രമാക്കാനുള്ള സുവര്‍ണാവസരമാണ് സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പര. എന്നാല്‍, സഞ്ജു കളിക്കാനിറങ്ങുമ്പോള്‍ ചില ആശങ്കകളും പരക്കുന്നുണ്ട്.
അവസാന അന്താരാഷ്ട്ര മത്സരത്തിലെ സെഞ്ച്വറി നേട്ടമാണ് ആരാധകരെ ആശങ്കപ്പെടുത്തുന്നത്. കാരണം, കഴിഞ്ഞ തവണയും സെഞ്ച്വറിക്ക് ശേഷമുള്ള മത്സരത്തില്‍ സഞ്ജു ഗോള്‍ഡന്‍ ഡക്കായിരുന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 21നു സൗത്താഫ്രിക്കയിലെ പാളില്‍ നടന്ന ഏകദിനത്തിലായിരുന്നു സഞ്ജു കന്നി ഏകദിന സെഞ്ച്വറി കുറിച്ചത്. മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലെ അവസാനത്തെ കളിയിലായിരുന്നു ഇത്. അന്നു മൂന്നാം നമ്പറില്‍ ഇറങ്ങിയ അദ്ദേഹം 114 ബോളില്‍ ആറു ഫോറും മൂന്നു സിക്സറുമടക്കം 108 റണ്‍സുമായാണ് മിന്നിച്ചത്. അതിനു ശേഷം സഞ്ജു ഇന്ത്യക്കായി അടുത്ത മല്‍സരം കളിക്കുന്നത് ഈ വര്‍ഷം ജനുവരിയിലാണ്.
അഫ്ഗാനിസ്താനുമായി നാട്ടില്‍ നടന്ന മൂന്നു ടി20കളുടെ പരമ്പരയില്‍ അദ്ദേഹം ടീമിന്റെ ഭാഗമായിരുന്നു. പക്ഷെ ആദ്യ രണ്ടു കളിയിലും ജിതേഷ് ശര്‍മയെയാണ് ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി ഇന്ത്യ കളിപ്പിച്ചത്. അവസാന മല്‍സരത്തിലാണ് സഞ്ജുവിനു ടീമിലേക്കു വിളിയെത്തിയത്. സൗത്താഫ്രിക്കന്‍ മണ്ണിലെ ഗംഭീര സെഞ്ച്വറിക്കു ശേഷം അദ്ദേഹം ആദ്യമായി കളിച്ച മല്‍സരമെന്ന നിലയില്‍ ആരാധകരുടെ പ്രതീക്ഷകളും വാനോളമായിരുന്നു. പക്ഷെ ഈ കളിയില്‍ സഞ്ജു വന്‍ ദുരന്തമായി മാറുകയാണ് ചെയ്തത്. അഞ്ചാമനായി ഇറങ്ങിയ അദ്ദേഹം ഗോള്‍ഡന്‍ ഡെക്കാവുകയായിരുന്നു. ഇനി സൗത്താഫ്രിക്കയിലും ഇതേ ചരിത്രം ആവര്‍ത്തിക്കുമോയെന്നതാണ് ആരാധകരെ ആശങ്കപ്പെടുത്തുന്ന കാര്യം.
അതെസമയം ബംഗ്ലാദേശുമായുള്ള കഴിഞ്ഞ പരമ്പരയില്‍ ഹൈദരാബാദില്‍ നടന്ന മൂന്നാമത്തെയും അവസാനത്തെയും കളിയിലാണ് അദ്ദേഹത്തിന്റെ സെഞ്ച്വറി നേട്ടം. അന്നു 47 ബോളില്‍ സഞ്ജു വാരിക്കൂട്ടിയത് 111 റണ്‍സാണ്. ടി20യില്‍ അദ്ദേഹത്തിന്റെ കന്നി സെഞ്ച്വറിയും കൂടിയാണിത്. അതിനു ശേഷം സഞ്ജു കളിക്കുന്ന ആദ്യ മല്‍സരം കൂടിയാണ് സൗത്താഫ്രിക്കയുമായുള്ള ആദ്യ ടി20. ഇതു തന്നെയാണ് ആരാധകരുടെ ആശങ്കയ്ക്കു പ്രധാന കാരണം.
സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ തുടര്‍ച്ചയായി ആറ് ടി20കളില്‍ ജയിച്ച ഇന്ത്യ, ഈ വിജയക്കുതിപ്പ് തുടരാനാഗ്രഹിക്കുന്നു. അഭിഷേക് ശര്‍മയ്ക്കൊപ്പം ഓപ്പണിംഗ് ചെയ്യുന്ന സഞ്ജുവിന്, ഈ പരമ്പരയിലെ പ്രകടനം ടീമിലെ സ്ഥാനം ഭദ്രമാക്കാന്‍ നിര്‍ണായകമാണ്.
യശസ്വി ജയ്സ്വാളിനൊപ്പം സ്ഥിരം ഓപ്പണറാകാനും, ശുഭ്മന്‍ ഗില്ലിന്റെ സ്ഥാനം ഏറ്റെടുക്കാനും സഞ്ജുവിന് അവസരമുണ്ട്.