പന്ത് പുറത്താകും, സഞ്ജു ടീമില്‍ സ്ഥാനമുറപ്പിച്ച് കഴിഞ്ഞു, തുറന്ന് പറഞ്ഞ് ഇന്ത്യന്‍ ബാറ്റിംഗ് കോച്ച്
ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയില്‍ സഞ്ജു സാംസണ്‍ ടീമില്‍ സ്ഥാനമുറപ്പിച്ചെന്ന് മുന്‍ ഇന്ത്യന്‍ ബാറ്റിങ് കോച്ച് സഞ്ജയ് ബാംഗാറിന്റെ വിലയിരുത്തല്‍. ട്വന്റി 20 പരമ്പരയില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ഋഷഭ് പന്തിനേക്കാള്‍ മുന്‍തൂക്കം മലയാളി താരത്തിനാണെന്നും ബാംഗര്‍ അഭിപ്രായപ്പെട്ടു.
വിക്കറ്റ് കീപ്പര്‍ റോളിലേക്ക് രണ്ട് കളിക്കാരെ ഉള്‍പ്പെടുത്തുന്നത് വെല്ലുവിളിയാണ്. സഞ്ജു സാംസണിന്റെ മികച്ച പ്രകടനം പന്തിന് അവസരം നഷ്ടമാകാന്‍ ഇടയാക്കുമെന്നും ബാംഗര്‍ പറഞ്ഞു.
'വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എന്ന റോളില്‍ രണ്ടുപേരെ ഉള്‍പ്പെടുത്താന്‍ സാധിക്കില്ല. സഞ്ജു ഇക്കാര്യത്തില്‍ മികച്ച പ്രകടനമാണ് നടത്തുന്നത്. പന്ത് ഇലവനില്‍ കളിക്കാനുള്ള സാധ്യതയില്ല. തിലക് വര്‍മ അടക്കം പല ഇടംകൈയ്യന്‍ താരങ്ങളും ടീമിലുണ്ട്. ഇതിനാല്‍ ഇടകയ്യന്‍ ബാറ്റര്‍ എന്ന ഫാക്ടര്‍ വര്‍ക്കാവില്ല' അദ്ദേഹം സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ചര്‍ച്ചയ്ക്കിടെ പറഞ്ഞു.
ട്വന്റി 20 ക്രിക്കറ്റില്‍ മികച്ച പ്രകടനമാണ് സഞ്ജു സാംസണ്‍ നടത്തുന്നത്. 2024 ല്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ ട്വന്റി 20 താരം സഞ്ജുവായിരുന്നു. 12 മത്സരങ്ങളില്‍ നിന്ന് 436 റണ്‍സാണ് സഞ്ജു നേടിയത്. മൂന്ന് സെഞ്ചറിയും ഒരു അര്‍ധ സെഞ്ചറിയും സഹിതമാണ് സഞ്ജുവിന്റെ സ്‌കോറിങ്. 111 ആണ് ഉയര്‍ന്ന സ്‌കോര്‍. 180 തിന് മുകളില്‍ സ്‌ട്രൈക്ക് റേറ്റ് സഞ്ജുവിനുണ്ട്.
കഴിഞ്ഞ അഞ്ച് ട്വന്റി 20 മത്സരങ്ങളില്‍ മൂന്ന് സെഞ്ചറിയാണ് സഞ്ജു നേടിയത്. ബംഗ്ലാദേശിനെതിരെ 47 പന്തില്‍ 111 റണ്‍സും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 107, 109 എന്നിങ്ങനെയായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്.