നടന്നത് ഭീകര ക്യാപ്റ്റന്‍സി മണ്ടത്തരം, സൂര്യയ്‌ക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യന്‍ താരങ്ങള്‍
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടി20യില്‍ ഇന്ത്യ മൂന്ന് വിക്കറ്റിന്റെ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ഇതോടെ നാല് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഒപ്പത്തിനൊപ്പമെത്തി. 125 റണ്‍സ് പിന്തുടര്‍ന്ന പ്രോട്ടീസ് ഒരു ഘട്ടത്തില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സെന്ന നിലയില്‍ പതറിയെങ്കിലും ട്രിസ്റ്റന്‍ സ്റ്റബ്സ് (47 നോട്ടൗട്ട്), ജെറാള്‍ഡ് കോയറ്റ്സി (19 നോട്ടൗട്ട്) എന്നിവര്‍ ചേര്‍ന്ന് ഇന്ത്യയുടെ വിജയമോഹങ്ങള്‍ക്ക് തടയിടുകയായിരുന്നു.
അതെസമയം ഇന്ത്യയുടെ പരാജയത്തിന് കാരണമായ സൂര്യകുമാര്‍ യാദവിന്റെ ക്യാപ്റ്റന്‍സി പിഴവാണെന്ന് വിലയിരുത്തുകയാണ് മുന്‍ ഇന്ത്യന്‍ താരങ്ങളായ ആകാശ് ചോപ്രയും പാര്‍ഥിവ് പട്ടേലും. വരുണ്‍ ചക്രവര്‍ത്തി ഹെയ്ന്റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍ എന്നിവരുടെ വിക്കറ്റുകള്‍ ഉള്‍പ്പെടെ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിച്ചിരുന്നു. രവി ബിഷ്‌ണോയ് ഒരു വിക്കറ്റും വീഴ്ത്തി.
സ്പിന്നര്‍മാര്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും, മൂന്നാമത്തെ സ്പിന്നറായ അക്സര്‍ പട്ടേലിന് ഒരു ഓവര്‍ മാത്രമാണ് നല്‍കിയത്. ഡര്‍ബനില്‍ നടന്ന ആദ്യ മത്സരത്തിലും അദ്ദേഹത്തിന് 6 പന്തുകള്‍ മാത്രമേ ലഭിച്ചുള്ളൂ. ഇതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായതെന്നാണ്് മുന്‍ താരങ്ഹള്‍ വിലയിരുത്തുന്നത്.
'അക്സര്‍ പട്ടേലിനെ എന്തുകൊണ്ട് കൂടുതല്‍ ഓവറുകള്‍ ഉപയോഗിച്ചില്ല എന്ന് എനിക്ക് മനസ്സിലാകുന്നില്ല. വരുണ്‍ ചക്രവര്‍ത്തിയും രവിയും മികച്ച പ്രകടനം കാഴ്ചവെച്ചു, പക്ഷേ സൂര്യകുമാര്‍ യാദവ് അക്സറിലേക്ക് തിരിച്ചുപോയില്ല. നിങ്ങള്‍ ഒരു അധിക സ്പിന്നറെ കളിപ്പിക്കുമ്പോള്‍, നിങ്ങള്‍ അദ്ദേഹത്തിന് കൂടുതല്‍ ഓവറുകള്‍ നല്‍കണം. അക്സര്‍ ഒരു നല്ല ബൗളറാണ്' ആകാശ് ചോപ്ര പറഞ്ഞു.
പാര്‍ഥിവ് പട്ടേലും ഇതേ തെറ്റ് ചൂണ്ടിക്കാട്ടി. 'ആകാശ് പറഞ്ഞത് ശരിയാണ്. അക്സര്‍ വിക്കറ്റ് വീഴ്ത്താന്‍ കഴിവുള്ള ബൗളറാണ്. നിങ്ങള്‍ അദ്ദേഹത്തെ കളിപ്പിക്കുകയാണെങ്കില്‍, നിങ്ങള്‍ അദ്ദേഹത്തെ ഉപയോഗിക്കണം. അക്സറിന് ഒരു ഓവര്‍ മാത്രം നല്‍കാന്‍ പോകുകയാണെങ്കില്‍ ഒരു അധിക ബാറ്ററെ ഉള്‍പ്പെടുത്തുന്നതയിരുന്നു നല്ലത്'
'സ്പിന്നര്‍മാര്‍ക്കെതിരെ ദക്ഷിണാഫ്രിക്ക പതറിയിരുന്നു, പക്ഷേ പേസ് ബൗളര്‍മാര്‍ വന്നതോടെ ട്രിസ്റ്റന്‍ സ്റ്റബ്സും ജെറാള്‍ഡ് കോയറ്റ്സിയും സ്വതന്ത്രമായി സ്‌കോര്‍ ചെയ്യാന്‍ തുടങ്ങി. അവസാന ഘട്ടത്തില്‍ സൂര്യകുമാര്‍ അക്സറിനെ കൊണ്ടുവന്നിരുന്നെങ്കില്‍ നന്നായിരുന്നു. ട്വന്റി 20യില്‍ നിങ്ങള്‍ ചിലപ്പോള്‍ ചൂതാട്ടം നടത്തേണ്ടതുണ്ട്' പാര്‍ഥിവ് പട്ടേല്‍ പറഞ്ഞു.
ഡര്‍ബനില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ 61 റണ്‍സിന് വിജയിച്ചിരുന്നു.