പന്ത് പരിക്കേറ്റ് വീണു, സഞ്ജുവിന്റെ മാസ് വരവുണ്ടാകുമോ
ബംഗളൂരു ടെസ്റ്റില്‍ ഇന്ത്യ തുടര്‍ച്ചയായ തിരിച്ചടികള്‍ നേരിടുകയാണ്. ആദ്യം ബാറ്റിങ്ങില്‍ 46 റണ്‍സിന് ഓള്‍ ഔട്ടായതിന് പിന്നാലെ ന്യൂസിലന്‍ഡ് അതിശക്തമായ നിലയിലാണ്. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ന്യൂസിലന്‍ഡ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് എന്ന നിലയിലാണ്. ഇതോടെ ഏഴ് വിക്കറ്റ് അവശേഷിക്കെ ന്യൂസിലന്‍ഡിന് ഏഴ് വിക്കറ്റ് അവശേഷിക്കെ 134 റണ്‍സ് ലീഡുണ്ട്.
അതെസമയം ഇന്ത്യയ്ക്ക് മറ്റൊരു തിരിച്ചടി കൂടി ലഭിച്ചു. ഇന്ത്യയ്ക്ക് രണ്ടാം ഇന്നിംഗ്‌സില്‍ പ്രധാന ബാറ്ററാകേണ്ട വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനും പരിക്കേറ്റു. ന്യൂസിലാന്‍ഡ് ഇന്നിംഗ്സില്‍ കീപ്പിംഗ് ചെയ്യുന്നതിനിടെ രവീന്ദ്ര ജഡേജയുടെ പന്ത് കാലില്‍ കൊണ്ടാണ് പന്തിന് പരിക്കേറ്റത്.
ഡെവണ്‍ കോണ്‍വെയെ പുറത്താക്കാന്‍ ജഡേജ എറിഞ്ഞ പന്ത് പതിവിലും താഴ്ന്നു പോവുകയും പന്തിന്റെ കാല്‍മുട്ടിലെ പാഡില്ലാത്ത ഭാഗത്ത് കൊള്ളുകയുമായിരുന്നു. വേദന കാരണം കളി തുടരാനാകാതെ പന്ത് പിന്നീട് ഗ്രൗണ്ട് വിട്ടു.
പന്തിന്റെ അഭാവത്തില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റിരിക്കുകയാണ്. രണ്ടാം ഇന്നിംഗ്സില്‍ ശക്തമായി തിരിച്ചുവരണമെങ്കില്‍ മധ്യനിരയില്‍ പന്തിന്റെ സാന്നിധ്യം ഇന്ത്യക്ക് അനിവാര്യമാണ്. പകരക്കാരനായി ധ്രുവ് ജുറേല്‍ കീപ്പിംഗ് ഏറ്റെടുത്തെങ്കിലും പന്തിന്റെ അത്രയും മികവ് പ്രതീക്ഷിക്കാനാവില്ല. മാത്രമല്ല പകരക്കാരനായതിനാല്‍ ജുറേലിന് ബാറ്റ് ചെയ്യാനുമാകില്ല.
പന്തിന്റെ പരിക്കിന്റെ ഗൗരവം ഇതുവരെ വ്യക്തമല്ല. പരിക്ക് ഗുരുതരമാണെങ്കില്‍ ഇന്ത്യക്ക് വലിയ തിരിച്ചടിയാകും. പന്തിന്റെ അഭാവത്തില്‍ ഇന്ത്യ രണ്ടാം ടെസ്റ്റില്‍ ആരെ പരിഗണിക്കുമെന്ന് കണ്ട് തന്നെ അറിയണം. മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിലെത്തുമോയെന്ന് കണ്ട് തന്നെ അറിയണം.