ഈ നൂറ്റാണ്ടിലെ അവിശ്വസനീയം, കേരളത്തിന്റെ 10 വിക്കറ്റും അരിഞ്ഞെടുത്ത് ഹരിയാന പേസര്‍
രഞ്ജിയില്‍ കേരളത്തിനെതിരെ അപൂര്‍വ്വ നേട്ടം കൈവരിച്ച് ഹരിയാനയുടെ പേസ് ബൗളര്‍ അന്‍ഷുല്‍ കംബോജ്. കേരളത്തിനെതിരായ മത്സരത്തില്‍ ഒരു ഇന്നിംഗ്‌സില്‍ പത്ത് വിക്കറ്റുകളും വീഴ്ത്തിയാണ് കംബോജ് ചരിത്രമെഴുതിയത്. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന രഞ്ജി ട്രോഫി ചരിത്രത്തിലെ മൂന്നാമത്തെ ബൗളറായി മാറി കംബോജ്.
ലാഹ്ലിയില്‍ നടന്ന മത്സരത്തിന്റെ മൂന്നാം ദിനത്തിലാണ് കംബോജ് ഈ നേട്ടം കരസ്ഥമാക്കിയത്. കേരളത്തിന്റെ നാല് അര്‍ദ്ധസെഞ്ച്വറിക്കാരെയും പുറത്താക്കിയ കംബോജ്, 30.1 ഓവറില്‍ 49 റണ്‍സ് വഴങ്ങി 10 വിക്കറ്റുകള്‍ വീഴ്ത്തി. 19-ാമത്തെ ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ തന്നെ 50 വിക്കറ്റുകള്‍ എന്ന നേട്ടവും കംബോജ് സ്വന്തമാക്കി.
1956-57 സീസണില്‍ ബംഗാളിനു വേണ്ടി പ്രേമംഗ്സു മോഹന്‍ ചാറ്റര്‍ജിയും 1985-86 സീസണില്‍ വിദര്‍ഭയ്ക്കെതിരെ രാജസ്ഥാനു വേണ്ടി പ്രദീപ് സുന്ദരവും ആണ് ഈ നേട്ടം നേടിയ മറ്റ് രണ്ട് ബൗളര്‍മാര്‍. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഒരു ഇന്നിംഗ്‌സില്‍ പത്ത് വിക്കറ്റ് വീഴ്ത്തുന്ന ആറാമത്തെ ഇന്ത്യന്‍ ബൗളറാണ് കംബോജ്. അനില്‍ കുംബ്ലെ, സുഭാഷ് ഗുപ്‌തെ, ദേബാസിഷ് മൊഹന്തി എന്നിവരാണ് ഈ പട്ടികയിലെ മറ്റ് താരങ്ങള്‍.
അടുത്തിടെ ഒമാനില്‍ നടന്ന എസിസി എമര്‍ജിംഗ് ഏഷ്യാ കപ്പ് ടൂര്‍ണമെന്റില്‍ ഇന്ത്യ എ ടീമിനെ പ്രതിനിധീകരിച്ച കംബോജ്, ദുലീപ് ട്രോഫിയിലും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ടൂര്‍ണമെന്റിലെ രണ്ടാമത്തെ മത്സരത്തില്‍ എട്ട് വിക്കറ്റ് വീഴ്ത്തിയ കംബോജ്, ദുലീപ് ട്രോഫിയില്‍ എട്ട് വിക്കറ്റ് നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ പേസറായി. മൊഹന്തി (10/46), അശോക് ദിന്‍ഡ (8/123) എന്നിവരാണ് മറ്റ് രണ്ട് പേര്‍.
കഴിഞ്ഞ ആഭ്യന്തര സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കംബോജിനെ ഐപിഎല്‍ 2024 സീസണില്‍ മുംബൈ ഇന്ത്യന്‍സ് ടീമിലെത്തിച്ചിരുന്നു. ഹരിയാന ആദ്യമായി വിജയ് ഹസാരെ ട്രോഫി കിരീടം നേടിയപ്പോള്‍, 10 മത്സരങ്ങളില്‍ നിന്ന് 17 വിക്കറ്റുകള്‍ വീഴ്ത്തി കംബോജ് ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു.
15 ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്ന് 23 വിക്കറ്റുകളാണ് കംബോജിന്റെ പേരിലുള്ളത്. 2024 ല്‍ മുംബൈ ഇന്ത്യന്‍സിനായി ഐപിഎല്‍ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ്, ഒമ്പത് ടി20 മത്സരങ്ങളില്‍ മാത്രമാണ് കംബോജ് കളിച്ചിരുന്നത്.