ഡബിള്‍ ഹാട്രിക്ക്, അന്താരാഷ്ട്ര ക്രിക്കറ്റിനെ ഞെട്ടിച്ച് യുവതാരം
ടി20 ക്രിക്കറ്റ് ചരിത്രത്തില്‍ പുതിയൊരദ്ധ്യായം എഴുതിച്ചേര്‍ത്ത് അര്‍ജന്റീനയുടെ മീഡിയം പേസര്‍ ഹെര്‍നന്‍ ഫെനല്‍. ഐസിസി ടി20 ലോകകപ്പ് അമേരിക്കന്‍ ക്വാളിഫയര്‍ മത്സരത്തില്‍ സിയാമന്‍ ഐലന്‍ഡ്‌സിനെതിരെ തുടര്‍ച്ചയായ നാല് പന്തുകളില്‍ നാല് വിക്കറ്റ് വീഴ്ത്തി ഫെനല്‍ ഡബിള്‍ ഹാട്രിക് എന്ന അപൂര്‍വ നേട്ടം സ്വന്തമാക്കി. ഇതോടെ, ടി20യില്‍ ഡബിള്‍ ഹാട്രിക് നേടിയ ലോകത്തിലെ ആറാമത്തെ ബൗളര്‍ എന്ന റെക്കോര്‍ഡും ഫെനലിന് സ്വന്തമായി.
മത്സരത്തിന്റെ അവസാന ഓവറുകളിലാണ് ഫെനലിന്റെ മാസ്മരിക പ്രകടനം അരങ്ങേറിയത്. മൂന്നാം പന്തില്‍ കെയ്മന്‍ ഐലന്‍ഡ് താരം ട്രോയ് ടെയ്‌ലറെ പുറത്താക്കിയ ശേഷം, തുടര്‍ച്ചയായി അലിസ്റ്റര്‍ ഇഫില്‍, റോണാള്‍ഡ് എബാങ്ക്സ്, അലസാന്ദ്രോ മോറിസ് എന്നിവരെയും ഫെനല്‍ പുറത്താക്കി ഡബിള്‍ ഹാട്രിക് പൂര്‍ത്തിയാക്കി. മത്സരത്തില്‍ വെറും 14 റണ്‍സ് മാത്രം വഴങ്ങി 5 വിക്കറ്റുകളാണ് ഫെനല്‍ നേടിയത്.
ടി20 ക്രിക്കറ്റില്‍ ഇതിനുമുമ്പ് ഈ നേട്ടം കൈവരിച്ച താരങ്ങള്‍ റാഷിദ് ഖാന്‍ (2019, അഫ്ഗാനിസ്ഥാന്‍), ലസിത് മലിംഗ (2019, ശ്രീലങ്ക), കര്‍ട്ടിസ് കാംഫര്‍ (2021, അയര്‍ലന്‍ഡ്), ജേസണ്‍ ഹോള്‍ഡര്‍ (2022, വെസ്റ്റിന്‍ഡീസ്), വസീം യാക്കൂബര്‍ (2023, ലെസോതോ) എന്നിവരാണ്. ശ്രദ്ധേയമായ കാര്യം, ഫെനല്‍ ഇതിനു മുന്‍പും ഒരു ഹാട്രിക് നേടിയിട്ടുണ്ട്; 2021ല്‍ പനാമക്കെതിരെയായിരുന്നു അത്.
എങ്കിലും, ഫെനലിന്റെ ഈ മികച്ച പ്രകടനം അര്‍ജന്റീനയുടെ വിജയത്തിന് മതിയായിരുന്നില്ല. സിയാമന്‍ ഐലന്‍ഡ്‌സ് 116 റണ്‍സിന് എല്ലാവരും പുറത്തായപ്പോള്‍, അര്‍ജന്റീനയുടെ മറുപടി 94 റണ്‍സില്‍ അവസാനിച്ചു. അതോടെ, 22 റണ്‍സിന്റെ തോല്‍വി അര്‍ജന്റീന ഏറ്റുവാങ്ങി.