മെസി മാജിക്ക് വീണ്ടും, കോപ്പ അമേരിക്ക നിലനിർത്താൻ അർജന്റീന ഒരുങ്ങിക്കഴിഞ്ഞു
തുടർച്ചയായ രണ്ടാമത്തെ കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കാമെന്ന പ്രതീക്ഷയോടെ ഇറങ്ങുന്ന അർജന്റീന അതിനു മുന്നോടിയായുള്ള തയ്യാറെടുപ്പുകൾ ഗംഭീരമായി പൂർത്തിയാക്കി. ഇന്ന് രാവിലെ നടന്ന സൗഹൃദമത്സരത്തിൽ ഗ്വാട്ടിമാലക്കെതിരെ ഗംഭീരവിജയമാണ് അർജന്റീന നേടിയത്. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് അർജന്റീന ഗ്വാട്ടിമാലയെ കീഴടക്കിയത്.
മത്സരത്തിന്റെ നാലാം മിനുട്ടിൽ തന്നെ ലിസാൻഡ്രോ മാർട്ടിനസിന്റെ സെൽഫ് ഗോളിൽ ഗ്വാട്ടിമാല മുന്നിലെത്തിയിരുന്നു. എന്നാൽ അവരുടെ സന്തോഷത്തിനു അധികം ആയുസുണ്ടായിരുന്നില്ല. ഗ്വാട്ടിമാല ഗോൾകീപ്പർ വരുത്തിയ പിഴവിൽ നിന്നും കരിയറിലെ ഏറ്റവും എളുപ്പമുള്ള ഗോൾ നേടി ലയണൽ മെസി അർജന്റീനയെ മത്സരത്തിൽ ഒപ്പമെത്തിച്ചു.
ആദ്യപകുതിയിൽ തന്നെ അർജന്റീന മുന്നിലെത്തി. അർജന്റീനക്ക് ലഭിച്ച പെനാൽറ്റി മെസി ലൗടാരോ മാർട്ടിനസിനു നൽകിയപ്പോൾ താരം പിഴവൊന്നും കൂടാതെ അത് വലയിലെത്തിച്ചു. അതിനു ശേഷം രണ്ടാം പകുതിയിൽ ഏഞ്ചൽ ഡി മരിയ അടക്കമുള്ള താരങ്ങൾ ഇറങ്ങിയതോടെ കളിക്ക് വേഗത കൂടി. അതിനു ഫലമുണ്ടാവുകയും ചെയ്‌തു.
അറുപത്തിയാറാം മിനുട്ടിൽ മെസി നൽകിയ പന്ത് ഒന്ന് വലയിലേക്ക് തൊട്ടു കൊടുക്കേണ്ട ആവശ്യം മാത്രമേ ലൗടാരോ മാർട്ടിനസിനു ഉണ്ടായിരുന്നുള്ളൂ. അതിനു ശേഷം എഴുപത്തിയേഴാം മിനുട്ടിൽ അവസാനത്തെ ഗോൾ പിറന്നു. മെസിയും ഏഞ്ചൽ ഡി മരിയയും ചേർന്ന് നടത്തിയ ഒരു നീക്കത്തിനൊടുവിൽ പിറന്ന ഗോൾ മത്സരത്തിലെ ഏറ്റവും മികച്ചതായിരുന്നു.
മെസിയും ലൗടാരോ മാർട്ടിനാസും രണ്ടു ഗോളുകൾ നേടിയ മത്സരം ടീമിന് ആത്മവിശ്വാസം നൽകുന്നതാണ്. അർജന്റീന ജേഴ്‌സിയിൽ കുറച്ചു കാലമായി പതറിയിരുന്ന ലൗടാരോ ഫോമിലെത്തിയതാണ് അതിൽ കൂടുതൽ സന്തോഷമുള്ള കാര്യം. എന്തായാലും കോപ്പ അമേരിക്കക്ക് അർജന്റീന തയ്യാറെടുത്തുവെന്ന് ഇതിൽ നിന്നും വ്യക്തമാണ്.