നാടകീയ ട്വിസ്റ്റ്, രണ്ട് മണിക്കൂറിന് ശേഷം ആ ഗോള്‍ റദ്ദാക്കി, അര്‍ജന്റീനയെ തോല്‍പിച്ച് മൊറോക്കോ
പാരിസ് 2024 ഒളിമ്പിക്സിലെ അര്‍ജന്റീനയുടെ അരങ്ങേറ്റ മത്സരത്തില്‍ മൊറോക്കോയ്ക്കെതിരെ അവസാന നിമിഷങ്ങളില്‍ ക്രിസ്റ്റ്യന്‍ മെഡിന സമനില ഗോള്‍ നേടിയപ്പോള്‍ അര്‍ജന്റീന ആവേശത്തിലായിരുന്നു. എന്നാല്‍ ഏകദേശം രണ്ട് മണിക്കൂറിന് ശേഷം, ആ ഗോള്‍ അനുവദനീയമല്ലെന്ന് വാർ വിധിച്ചിരിക്കുകയാണ്. ഇതോടെ മത്സരം 2-1ന് മൊറോക്കോ ജയിച്ചു. .
മെഡിനയുടെ ഗോളിന് തൊട്ടുപിന്നാലെ, ഗ്രൗണ്ടിലേക്ക് ആരാധകര്‍ ഇരച്ചുകയറിയതിനെ തുടര്‍ന്ന് അര്‍ജന്റീന - മൊറോക്കോ ഗെയിം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു.. എന്നാല്‍ അധികസമയത്ത് മൊറോക്കൻ താരം ഹക്കിമി പരിക്കേറ്റുവീണു സമയനഷ്ടം സംഭവിച്ചതിനാൽ, റഫറി ഗ്ലെന്‍ നൈബര്‍ഗ് മത്സരത്തില്‍ കൂടുതല്‍ മിനിറ്റ് അധിക സമയം ചേര്‍ക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് പിന്നീട് വ്യക്തമായി. നിശ്ചിതസമയം കഴിഞ്ഞു ഇതിനകം 15 മിനിറ്റ് അധികസമയം നല്‍കിയിരുന്നതിനാൽ, മെഡിനയുടെ ഗോള്‍ മത്സരത്തിലെ അവസാന നീക്കമാണെന്ന് എല്ലാവരും കരുതി. എന്നാല്‍, ഇനിയും മത്സരം തീർന്നിട്ടില്ലെന്ന് കണക്കാക്കി റഫറിയും രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയും (IOC) ഗെയിം പുനരാരംഭിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
മത്സരം പൂര്‍ത്തിയാകാത്തതിനാല്‍, VAR-ല്‍ അര്‍ജന്റീനയുടെ രണ്ടാം ഗോള്‍ പരിശോധിക്കാന്‍ റഫറി തീരുമാനിച്ചു. മോണിറ്ററിലെ പ്ലേ റിവ്യൂ ചെയ്യുമ്പോള്‍, മെഡിന ഓഫ്സൈഡിലായതിനാല്‍ റഫറി സമനില ഗോൾ അനുവദിച്ചില്ല.
അര്‍ജന്റീനയുടെ സമനില ഗോള്‍ അനുവദനീയമല്ലാതായതോടെ മൊറോക്കോയുടെ ലീഡ് പുനഃസ്ഥാപിക്കുകയും ആരാധകര്‍ ഏകദേശം രണ്ട് മണിക്കൂര്‍ മുമ്പ് ഗ്രൗണ്ടിലേക്ക് ഇരച്ചുകയറുന്നതിന് മുമ്പ് നൈബര്‍ഗ് ചേര്‍ക്കാന്‍ ഉദ്ദേശിച്ച മൂന്ന് മിനിറ്റോടെ മത്സരം പുനരാരംഭിക്കുകയും ചെയ്തു. മറ്റൊരു സമനില ഗോള്‍ കണ്ടെത്താന്‍ ലാ അല്‍ബിസെലെസ്റ്റെയ്ക്ക് ഗെയിമിലെ ശേഷിച്ച സമയം പര്യാപ്തമായിരുന്നില്ല. അങ്ങനെ, അര്‍ജന്റീനയുടെ ഒളിമ്പിക് അരങ്ങേറ്റം ഒരു സമനിലയില്‍ അവസാനിക്കുമെന്ന് തോന്നിച്ചിടത്ത് നിന്ന് ഒരു വിചിത്രമായ തോല്‍വിയിലാണ് കലാശിച്ചത്.
പാരിസ് ഒളിമ്പിക്‌സില്‍ ഫുട്‌ബോളിന് വിവാദപരമായ തുടക്കമായിരുന്നു ഇത് എന്നത് പറയേണ്ടതില്ലല്ലോ. മെഡിനയുടെ ഗോളിനും VAR അവലോകനത്തിന് ശേഷമുള്ള റഫറിയുടെ തീരുമാനത്തിനും ഇടയില്‍ ഏകദേശം രണ്ട് മണിക്കൂര്‍ ഇടവേളയുണ്ടായിരുന്നു. ഗെയിം പുനരാരംഭിച്ചപ്പോഴേക്കും സ്റ്റേഡിയം കാലിയായി.