ഇനി പോയി മറുവശത്ത് നില്‍ക്ക്, അര്‍ഷദീപിനോട് ഹാര്‍ദ്ദിക്കിന്റെ കല്‍പന, വിവാദം കത്തുന്നു
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി 20യില്‍ ബാറ്റ് ചെയ്യുന്നതിനിടെ അര്‍ഷ്ദീപ് സിംഗിനോട് നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ പുലിവാല് പിടിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനം ആണ് ഹാര്‍ദ്ദിക്ക് പാണ്ഡ്യ നേരിടുന്നത്.
ഇന്ത്യയുടെ ബാറ്റിംഗ് തകര്‍ച്ചയ്ക്കിടെ 45 പന്തില്‍ നിന്ന് 39 റണ്‍സ് നേടിയ ഹാര്‍ദിക് മന്ദഗതിയിലുള്ള ഇന്നിംഗ്സ് ആണ് കളിച്ചത്. ആറ് പന്തില്‍ ഏഴ് റണ്‍സ് നേടിയ അര്‍ഷ്ദീപിനൊപ്പമാണ് ഹാര്‍ദിക് അവസാന ഓവറുകളില്‍ ബാറ്റ് ചെയ്തത്.
19-ാം ഓവറില്‍ അര്‍ഷ്ദീപ് സിംഗിള്‍ എടുത്തപ്പോള്‍, 'ഇനി മറുവശത്ത് നിന്ന് ആസ്വദിക്കൂ' എന്ന് ഹാര്‍ദിക് പറയുന്നത് സ്റ്റമ്പ് മൈക്കില്‍ പതിഞ്ഞു. ശേഷിച്ച 10 പന്തുകളും ഹാര്‍ദിക് തന്നെയാണ് കളിച്ചത്. അവസാന രണ്ട് ഓവറുകളില്‍ ഇന്ത്യയ്ക്ക് 9 റണ്‍സ് മാത്രമേ നേടാനായുള്ളൂ. സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാതെയും അര്‍ഷ്ദീപിന് ബാറ്റ് ചെയ്യാന്‍ അവസരം നല്‍കാതിരുന്നതിനും ഹാര്‍ദ്ദിക്ക് വലിയ വിമര്‍ശനമാണ് നേരിടുന്നത്.
വരുണ്‍ ചക്രവര്‍ത്തിയുടെ മികച്ച പ്രകടനം
ലെഗ് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുടെ കരിയറിലെ മികച്ച പ്രകടനം (17 റണ്‍സിന് 5 വിക്കറ്റ്) പാഴായി. 125 റണ്‍സ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയെ വരുണ്‍ 66/6 എന്ന നിലയിലെത്തിച്ചെങ്കിലും ട്രിസ്റ്റന്‍ സ്റ്റബ്സ് (47), ജെറാള്‍ഡ് കോയറ്റ്സി (19) എന്നിവര്‍ ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചു. ഇന്ത്യയുടെ തുടര്‍ച്ചയായ 11 മത്സര വിജയങ്ങളുടെ റെക്കോര്‍ഡിനും ഈ തോല്‍വി അവസാനമായി.
ഇന്ത്യയുടെ ബാറ്റിംഗ് തകര്‍ച്ച
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 124/6 എന്ന നിലയിലാണ് പുറത്തായത്. ആദ്യ നാല് ഓവറുകള്‍ക്കുള്ളില്‍ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് 15/3 എന്ന നിലയിലായിരുന്നു ഇന്ത്യ. അക്സര്‍ പട്ടേല്‍ (27), തിലക് വര്‍മ്മ (20), ഹാര്‍ദിക് പാണ്ഡ്യ (39) എന്നിവര്‍ ചേര്‍ന്ന് ഇന്നിംഗ്സ് പുനഃസ്ഥാപിച്ചു. ടോപ് ഓര്‍ഡര്‍ പരാജയപ്പെട്ടെങ്കിലും, പാണ്ഡ്യയുടെ പ്രകടനം ഇന്ത്യയെ മാന്യമായ സ്‌കോറിലെത്തിച്ചു.