അനിയന് വേണ്ടി ക്രിക്കറ്റ് ഉപേക്ഷിച്ചവന്‍, ഒടുവില്‍ രഞ്ജിയില്‍ തകര്‍ത്തിടിച്ച് ജയ്‌സ്വാളിന്റെ സഹോദരന്‍
ഇന്ത്യന്‍ ക്രിക്കറ്റ് താരം യശസ്വി ജയ്സ്വാളിന്റെ മൂത്ത സഹോദരന്‍ തേജസ്വി ജയ്സ്വാള്‍ അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന രഞ്ജി ട്രോഫി സീസണിന്റെ നാലാം റൗണ്ടില്‍ തന്റെ ആദ്യ ഫസ്റ്റ് ക്ലാസ് അര്‍ദ്ധസെഞ്ച്വറി നേടിയതിലൂടെയാണ് തേജസ്വി ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ നേടിയത്.
യശസ്വിയെപ്പോലെ ഇടംകൈയ്യന്‍ ബാറ്റ്‌സ്മാനാണ് തേജസ്വിയും. അഗര്‍ത്തലയില്‍ ബറോഡയ്ക്കെതിരായ രഞ്ജി മത്സരത്തില്‍ ത്രിപുരയ്ക്കുവേണ്ടി 82 റണ്‍സ് ആണ് നേടിയത്. മത്സരത്തില്‍ ഒരുവിക്കറ്റും ഈ ഓള്‍റൗണ്ടര്‍ വീഴ്ത്തിയിരുന്നു.
യശസ്വി ഇന്ത്യയുടെ ഓള്‍ ഫോര്‍മാറ്റ് ക്രിക്കറ്റ് താരമായി ഓസ്ട്രേലിയയിലേക്കുള്ള തന്റെ ആദ്യ ടെസ്റ്റ് പര്യടനത്തില്‍ പങ്കെടുക്കുമ്പോള്‍, തേജസ്വിയുടെ കഥ വ്യത്യസ്തമാണ്. തേജസ്വി ഒരിക്കല്‍ തന്റെ സഹോദരന്റെ ക്രിക്കറ്റ് സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ വേണ്ടി ക്രിക്കറ്റ് ഉപേക്ഷിച്ചവനാണ്.
അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍, താനും യശസ്വിയും സ്വപ്നങ്ങള്‍ പിന്തുടരാന്‍ മുംബൈയിലേക്ക് പോയെങ്കിലും ഒരാള്‍ക്ക് മാത്രമേ ഈ കായിക വിനോദം തുടരാന്‍ കഴിയുമായിരുന്നുള്ളൂ എന്ന് തേജസ്വി വെളിപ്പെടുത്തി.
'എനിക്കും ക്രിക്കറ്റ് കളിക്കണമായിരുന്നു, പക്ഷേ ഞങ്ങളുടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി നല്ലതായിരുന്നില്ല. യശസ്വി നന്നായി കളിച്ചു… അതിനാല്‍ 2013 അവസാനത്തോടെ ഞാന്‍ മുംബൈയും ക്രിക്കറ്റും ഉപേക്ഷിച്ച് ഡല്‍ഹിയിലേക്ക് പോയി, അവിടെ ഒരു ബന്ധു ഒരു കട നടത്തുന്നുണ്ട്' തേജസ്വി ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.
തന്റെ പ്രായം വ്യാജം ആണെന്ന് ആരോപിക്കപ്പെട്ടതായും യശസ്വിയുടെ അവസരങ്ങള്‍ അപകടത്തിലാക്കാന്‍ ആഗ്രഹിക്കാത്തതിനാലുമാണ് അക്കാലത്ത് ക്രിക്കറ്റ് ഉപേക്ഷിക്കാനുള്ള തന്റെ തീരുമാനം വളരെ എളുപ്പമാക്കിയെന്നും തേജസ്വി ഓര്‍ക്കുന്നു.
'ഹാരിസ് ഷീല്‍ഡില്‍ ഞാന്‍ ഒരു മത്സരം കളിക്കുകയും ഏഴ് വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. പിന്നെ ആളുകള്‍ പറയാന്‍ തുടങ്ങി, എനിക്ക് പ്രായ സംബന്ധമായ പ്രശ്‌നമുണ്ടെന്ന്. ഒന്നര വര്‍ഷത്തേക്ക് ഞാന്‍ ബെഞ്ചിലിരുന്നു. യശസ്വി വളരെ നന്നായി കളിച്ചു, എന്റെ കാരണം കൊണ്ട് അവന്റെ ഭാവി പ്രതീക്ഷകള്‍ നശിക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. എന്തായാലും, ഞങ്ങള്‍ രണ്ടുപേര്‍ക്കും മുംബൈ വളരെ ചെലവേറിയതായിരുന്നു. ഞങ്ങള്‍ രണ്ടുപേര്‍ക്കും ഒരു ദിവസം രണ്ട് നേരം ഭക്ഷണം കഴിക്കാന്‍ പ്രയാസമായിരുന്നു. ആ സമയത്ത് യശസ്വിയുടെ പരിശീലകനായ ജ്വാല സാര്‍ രംഗത്തില്ലായിരുന്നു' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ 27 വയസ്സുള്ള തേജസ്വി, 17-ാം വയസ്സില്‍ ഒരു സെയില്‍സ്മാനായി ജോലി ചെയ്യാന്‍ മുംബൈ വിട്ടിരുന്നു. തന്റെ വരുമാനത്തിന്റെ സഹായത്തോടെ തേജസ്വി തന്റെ രണ്ട് സഹോദരിമാരെയും വിവാഹം കഴിപ്പിച്ചു, മാത്രമല്ല മുംബൈയിലെ ജയ്സ്വാളിന് പോക്കറ്റ് മണിയും അയച്ചുകൊടുക്കുമായിരുന്നു.
'2021 ആയപ്പോഴേക്കും എന്റെ സഹോദരിമാര്‍ വിവാഹിതരായി, യശസ്വിക്ക് ഐപിഎല്‍ കരാര്‍ ലഭിച്ചു. അതിനുശേഷം ഞങ്ങള്‍ക്ക് ജീവിതം എളുപ്പമായി' തേജസ്വി പറഞ്ഞു നിര്‍ത്തി.