നാടകീയം, വിശ്വസിക്കാനാകാത്ത ഫിനിഷിംഗുമായി അശുതോഷ്, ഡല്‍ഹിയ്ക്ക് ഒരു വിക്കറ്റ് ജയം
ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരെ നാടകീയ ജയം സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്. അവേശകരമായ മത്സരത്തില്‍ ഒരു വിക്കറ്റിനാണ് ഡല്‍ഹി ലഖ്‌നൗവിനെ തകര്‍ത്തത്. ലഖ്നൗ ഉയര്‍ത്തിയ 209 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി ഒരു വിക്കറ്റ് മാത്രം അവശേഷിക്കെ ജയം നേടുകയായിരുന്നു.
മൂന്ന് പന്തുകള്‍ ശേഷിക്കെയായിരുന്നു ഡല്‍ഹിയുടെ വിജയ റണ്‍സ് പിറന്നത്. മത്സരത്തില്‍ ഡല്‍ഹിയുടെ വിജയശില്‍പ്പിയായത് അശുതോഷിന്റെ തകര്‍പ്പന്‍ ബാറ്റിംഗാണ്. 31 പന്തില്‍ 5 സിക്സറുകളും 5 ഫോറുകളും ഉള്‍പ്പെടെ 66 റണ്‍സാണ് അശുതോഷ് പുറത്താകാതെ നേടിയത്.
തകര്‍ന്നടിഞ്ഞ് മുന്‍നിര
209 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹിക്ക് തുടക്കത്തില്‍ത്തന്നെ തിരിച്ചടി നേരിട്ടു. മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ക്ക് മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാന്‍ കഴിഞ്ഞില്ല. ഫാഫ് ഡുപ്ലെസിസ് നേടിയ 29 റണ്‍സാണ് ഡല്‍ഹിയുടെ മുന്‍നിരയിലെ ഏക ഭേദപ്പെട്ട പ്രകടനം. എന്നാല്‍ മധ്യനിരയില്‍ ക്യാപ്റ്റന്‍ ഉള്‍പ്പെടെയുള്ള ബാറ്റ്സ്മാന്‍മാര്‍ മികച്ച പോരാട്ടം കാഴ്ച്ചവെച്ചു. അക്‌സര്‍ പട്ടേല്‍ 22 റണ്‍സും സ്റ്റമ്പ്‌സ് 34 റണ്‍സും വിപ്രജ് നിഗം 39 റണ്‍സും നേടി.
ലഖ്നൗവിന്റെ മികച്ച സ്‌കോര്‍
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലഖ്നൗ 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് നേടിയിരുന്നു. നിക്കോളാസ് പൂരന്റെയും മിച്ചല്‍ മാര്‍ഷിന്റെയും തകര്‍പ്പന്‍ ബാറ്റിംഗാണ് ലഖ്നൗവിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഓപ്പണറായി ഇറങ്ങിയ മാര്‍ഷ് 36 പന്തില്‍ 72 റണ്‍സും പൂരന്‍ 30 പന്തില്‍ 75 റണ്‍സും നേടി. ഡേവിഡ് മില്ലര്‍ 19 പന്തില്‍ 27 റണ്‍സുമായി പുറത്താകാതെ നിന്നു.
വാശിയേറിയ പോരാട്ടത്തില്‍ അവസാന ഓവര്‍ വരെ വിജയസാധ്യത ഇരുടീമുകള്‍ക്കുമുണ്ടായിരുന്നു. ഒടുവില്‍ അശുതോഷിന്റെ മികച്ച ബാറ്റിംഗിലൂടെ ഡല്‍ഹി വിജയം നേടുകയായിരുന്നു.