പെർത്തിലെ ആദ്യ ടെസ്റ്റിൽ ആർ അശ്വിനും രവീന്ദ്ര ജഡേജയും കളിക്കാത്തത് എന്തുകൊണ്ട്? ഒരു വിശദീകരണം
പെർത്തിൽ ഓസ്ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. പരിചയസമ്പന്നരായ ആർ അശ്വിനെയും രവീന്ദ്ര ജഡേജയെയും പുറത്തിരുത്തിയ ഇന്ത്യ, വാഷിംഗ്ടൺ സുന്ദറിനെ ഏക സ്പിന്നറായി ടീമിലെടുത്തത് ഏവരെയും ഞെട്ടിച്ചു. കൂടാതെ ഹർഷിത് റാണയും, നിതീഷ്‌കുമാർ റെഡ്ഢിയും ടീമിൽ അരങ്ങേറ്റം കുറിക്കും..
ആർ അശ്വിൻ സ്പെഷ്യലിസ്റ്റ് സ്പിന്നറായി ആദ്യടെസ്റ്റിൽ കളിക്കുമെന്ന് മാധ്യമ റിപ്പോർട്ടുകൾ അവകാശപ്പെട്ടിരുന്നെങ്കിലും, ഇന്ത്യ ഒരു ഞെട്ടിക്കുന്ന നീക്കത്തിലൂടെ അദ്ദേഹത്തെയും രവീന്ദ്ര ജഡേജയെയും പ്ലേയിംഗ് ഇലവനിൽ നിന്ന് ഒഴിവാക്കി. ഏവരും ഞെട്ടലോടെയാണ് ഈ വാർത്ത കണ്ടത്. നീക്കം ഓസ്‌ട്രേലിയയുടെ കയ്യിലേക്ക് മത്സരം വച്ചുകൊടുക്കലാണ് എന്ന നിലയിൽ വിമർശങ്ങളും വന്നു.
ക്യാപ്റ്റൻ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, നിതീഷ് കുമാർ റെഡ്ഡി എന്നിവർക്കൊപ്പം പേസർ ഹർഷിത് റാണയും ടീമിലെത്തുന്നതോടെ നാല് പേസർമാരുമായാണ് ഇന്ത്യ കളിക്കുക. ആഭ്യന്തര ക്രിക്കറ്റിലെ വമ്പൻ താരം സർഫറാസ് ഖാന് പകരം ധ്രുവ് ജുറലിനെയും ഇന്ത്യ ആദ്യ ഇലവനിലേക്ക് തിരഞ്ഞെടുത്തു. ഓസ്ട്രേലിയ എയ്‌ക്കെതിരായ പരിശീലന മത്സരത്തിൽ ഇരു ഇന്നിംഗ്‌സുകളിലും അർദ്ധസെഞ്ച്വറി നേടിയ ജുറൽ മികച്ച പ്രകടനം കാഴ്ചവെച്ചതാണ് താരത്തെ തുണച്ചത്.
ആർ അശ്വിനും രവീന്ദ്ര ജഡേജയും പെർത്ത് ടെസ്റ്റ് കളിക്കാത്തത് എന്തുകൊണ്ട്?
ആർ അശ്വിനെയും രവീന്ദ്ര ജഡേജയെയും ഒഴിവാക്കാനുള്ള നീക്കം പരിശോധിക്കാം. പച്ചപ്പ് നിറഞ്ഞ പെർത്തിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇന്ത്യയ്ക്ക് നാല് പേസർമാർ അനിവാര്യമായിരുന്നു. കൂടാതെ ഓസ്ട്രേലിയയ്ക്ക് നിരവധി ഇടംകൈയ്യൻ ബാറ്റർമാരുള്ളതിനാൽ ജഡേജ ആദ്യമേ പരിഗണനയിൽ ഇല്ലായിരുന്നു എന്ന് കരുതാം. വാഷിംഗ്ടൺ സുന്ദറിനും ആർ അശ്വിനും ഇടയിലായിരുന്നു മത്സരം, നിലവിൽ മികച്ച ഫോമിലുള്ള ബാറ്റർ കൂടിയായതിനാൽ സുന്ദറിന് അവസരം ലഭിച്ചു.
അതേസമയം, പരിക്കേറ്റ ശുഭ്മാൻ ഗില്ലിന് പകരം കെ.എൽ രാഹുൽ ഓപ്പണിംഗ് ചെയ്യും. ഗില്ലിന് പകരം ദേവ്ദത്ത് പടിക്കൽ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യും. രണ്ടാമത്തെ കുട്ടിയുടെ ജനനവുമായി ബന്ധപ്പെട്ട് രോഹിത് ശർമ്മ ലഭ്യമല്ലാത്തതിനാൽ പെർത്തിൽ ജസ്പ്രീത് ബുംറയാണ് ടീമിനെ നയിക്കുന്നത്.
ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു
പെർത്തിലെ പിച്ചിൽ ഇന്ത്യ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കളി പുരോഗമിക്കുമ്പോൾ വിക്കറ്റ് വേഗത്തിലാകുമെന്ന് പറഞ്ഞുകൊണ്ട് ബുംറ ആദ്യം ബാറ്റ് ചെയ്യാനുള്ള തീരുമാനത്തെ പിന്തുണച്ചു.
"ഞങ്ങൾ ആദ്യം ബാറ്റ് ചെയ്യാൻ പോകുന്നു, നല്ല വിക്കറ്റാണെന്ന് തോന്നുന്നു. ഞങ്ങളുടെ തയ്യാറെടുപ്പിൽ വളരെ ആത്മവിശ്വാസമുണ്ട്. 2018-ൽ ഞങ്ങൾ ഇവിടെ ഒരു ടെസ്റ്റ് മത്സരം കളിച്ചു, അതിനാൽ എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് ഞങ്ങൾക്കറിയാം. വിക്കറ്റ് വേഗത്തിലാകും. നിതീഷ് അരങ്ങേറ്റം കുറിക്കുന്നു. ഞങ്ങൾക്ക് 4 പേസർമാരുണ്ട്, വാഷി ഏക സ്പിന്നറായി ടീമിലുണ്ട്" ബുംറ പറഞ്ഞു.