പിങ്ക് ബോളിൽ അശ്വിനും ജഡേജയും കളിക്കുമോ? നിർണായക സൂചന നൽകി പരിശീലകൻ
കാൻബറ: പെർത്ത് ടെസ്റ്റിൽ കളിക്കാൻ അവസരം ലഭിക്കാത്തതിൽ രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയും നിരാശരായിരുന്നില്ലെന്ന് ഇന്ത്യൻ അസിസ്റ്റന്റ് കോച്ച് അഭിഷേക് നായർ. ടീമിന്റെ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുന്നവരാണ് ഇരുവരും. പിങ്ക് ബോൾ വാം അപ്പ് മത്സരത്തിന് മുന്നോടിയായി കാൻബറയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നായർ.
"സീനിയർ താരങ്ങൾക്ക് ടീമിന്റെ തീരുമാനം മനസ്സിലാകാത്തപ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. എന്നാൽ ജഡേജയെയും അശ്വിനെയും പോലുള്ള സീനിയർ താരങ്ങൾ ടീമിന്റെ താൽപ്പര്യങ്ങൾ മനസ്സിലാക്കുന്നവരാണ്. ടീം ഫസ്റ്റ് എന്ന നയത്തിലാണ് രോഹിതും ഗൗതിയും ഒരുപോലെ വിശ്വസിക്കുന്നത്." നായർ പറഞ്ഞു.
പേസ് സൗഹൃദ പിച്ച് ആയതിനാൽ പെർത്ത് ടെസ്റ്റിൽ ഒരു സ്പിന്നറെ മാത്രമേ കളിപ്പിക്കൂ എന്ന് നേരത്തെ തന്നെ ഏകദേശ ധാരണയുണ്ടായിരുന്നു. അശ്വിനെയും ജഡേജയെയും ഒഴിവാക്കി വാഷിംഗ്ടൺ സുന്ദറിനെയാണ് ടീം മാനേജ്മെന്റ് തിരഞ്ഞെടുത്തത്. ടീമിന്റെ തീരുമാനം അംഗീകരിച്ച ഇരുവരും യുവതാരങ്ങളെ സഹായിക്കുകയായിരുന്നുവെന്ന് നായർ പറഞ്ഞു.
"ടീമിന്റെ തീരുമാനം എല്ലാവരും അംഗീകരിച്ചു. ജഡേജയും അശ്വിനും യുവതാരങ്ങളെ സഹായിക്കുന്നത് കണ്ട് മാനേജ്‌മെന്റിന് സന്തോഷമായി. അവരോട് കാര്യങ്ങൾ വിശദീകരിക്കാൻ ബുദ്ധിമുട്ടുണ്ടായില്ല. ടീം ഇന്ത്യയുടെ വിജയമാണ് എല്ലാവരുടെയും ലക്ഷ്യം." നായർ കൂട്ടിച്ചേർത്തു.
അഡ്‌ലെയ്ഡിൽ നടക്കുന്ന പിങ്ക് ബോൾ ടെസ്റ്റിൽ സ്പിന്നർമാർക്ക് എന്തെങ്കിലും പങ്കുണ്ടാകുമോ എന്ന ചോദ്യത്തിന് നായർ വ്യക്തമായ മറുപടി നൽകിയില്ല.
"ക്രിക്കറ്റിൽ ആർക്കും എപ്പോഴും അവസരമുണ്ട്. സ്പിന്നർ ആയാലും ഫാസ്റ്റ് ബൗളർ ആയാലും എല്ലാവർക്കും അവസരമുണ്ട്. പിങ്ക് ബോളിൽ പ്ലാനുകൾ മാറും. പന്ത് എറിയുന്ന രീതിയും വേഗതയും മാറും. അതുകൊണ്ടുതന്നെ പിങ്ക് ബോളിൽ കൂടുതൽ പരിശീലിക്കേണ്ടതുണ്ട്." നായർ പറഞ്ഞു.
"ചുവന്ന പന്തിനെക്കാൾ അൽപ്പം വെല്ലുവിളി നിറഞ്ഞതാണ് പിങ്ക് ബോൾ. ടീം ഇന്ത്യ പിങ്ക് ബോളിൽ അധികം ബൗൾ ചെയ്തിട്ടില്ല എന്നതാണ് കാരണം. എന്നാൽ മികച്ച ഏതൊരു സ്പിന്നർക്കും പിങ്ക് ബോളിൽ നന്നായി തിളങ്ങാൻ അവസരമുണ്ട്" അദ്ദേഹം കൂട്ടിച്ചേർത്തു.
അഡ്‌ലെയ്ഡിൽ അവസാനമായി ഓസീസുമായി ഏറ്റുമുട്ടിയപ്പോൾ ഇന്ത്യ 36 റൺസിന് പുറത്തായിരുന്നു. ടെസ്റ്റ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ സ്കോർ ആയിരുന്നു അത്. എന്നാൽ പരിക്കേറ്റ നിരവധി താരങ്ങൾ ഇല്ലാതിരുന്നിട്ടും, പിന്നീടുള്ള മത്സരങ്ങളിൽ ശക്തമായി തിരിച്ചുവന്ന് പരമ്പര നേടികൊണ്ടാണ് അന്ന് ഇന്ത്യ ഓസീസിന് മറുപടി നൽകിയത്.