24 മണിക്കൂറിനുളളില്‍ ചെന്നൈയില്‍ ലാന്‍ഡ് ചെയ്ത് അശ്വിന്‍, ഊഷ്മള സ്വീകരണം
ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ച് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച രവിചന്ദ്രന്‍ അശ്വിന്‍ 24 മണിക്കൂറിനുള്ളില്‍ ചെന്നൈയില്‍ തിരിച്ചെത്തി. 14 വര്‍ഷത്തെ ക്രിക്കറ്റ് ജീവിതത്തിന് തിരശ്ശീല വീഴ്ത്തിയ അശ്വിനെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും അയല്‍ക്കാരും ചേര്‍ന്ന് ചെന്നൈ വിമാനത്താവളത്തിലും പിന്നീട് വീട്ടിലും ഊഷ്മളമായി സ്വീകരിച്ചു.
537 ടെസ്റ്റ് വിക്കറ്റുകളുമായാണ് അശ്വിന്‍ വിരമിക്കുന്നത്. അനില്‍ കുംബ്ലെയുടെ 619 വിക്കറ്റുകള്‍ക്ക് ശേഷം ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റ് നേടിയ രണ്ടാമത്തെ ബൗളറാണ് അശ്വിന്‍. അശ്വിന്റെ കാര്‍ താമസസ്ഥലത്തേക്ക് പ്രവേശിച്ചയുടന്‍ ട്രമ്പറ്റുകളും മേളങ്ങളും മുഴങ്ങി.
'ഞാന്‍ സിഎസ്‌കെക്കായി കളിക്കാന്‍ പോകുന്നു, കഴിയുന്നിടത്തോളം കാലം കളിക്കാന്‍ ശ്രമിക്കുന്നതില്‍ അതിശയിക്കേണ്ടതില്ല. അശ്വിന്‍ എന്ന ക്രിക്കറ്റര്‍ കളി നിര്‍ത്തിയെന്ന് ഞാന്‍ കരുതുന്നില്ല, അശ്വിന്‍ എന്ന ഇന്ത്യന്‍ ക്രിക്കറ്റര്‍ വിരമിച്ചു എന്നു മാത്രം' ചെന്നൈയിലെത്തിയ ശേഷം അശ്വിന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വിരമിക്കല്‍ തീരുമാനം 'സ്വപ്രേരണ' അനുസരിച്ചാണെന്നും 'ആശ്വാസവും സംതൃപ്തിയും' തോന്നുന്നുണ്ടെന്നും അശ്വിന്‍ പറഞ്ഞു.
'പലര്‍ക്കും ഇത് വൈകാരികമാണ്. ഒരുപക്ഷേ അത് മനസ്സിലാകും. പക്ഷേ എനിക്ക്, ഇത് വലിയ ആശ്വാസവും സംതൃപ്തിയുമാണ്… കുറച്ചു കാലമായി അത് എന്റെ മനസ്സിലൂടെ കടന്നു പോകുന്നുണ്ടായിരുന്നു, പക്ഷേ അത് വളരെ സഹജമായിരുന്നു. നാലാം ദിവസം ഞാന്‍ അത് അനുഭവപ്പെട്ടു, അഞ്ചാം ദിവസം പ്രഖ്യാപിച്ചു' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഴ മൂലം തടസ്സപ്പെട്ട ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് സമനിലയിലായതിന് പിന്നാലെയാണ് അശ്വിന്‍ പെട്ടെന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. അഞ്ച് മത്സരങ്ങളുടെ പരമ്പര നിലവില്‍ 1-1 എന്ന നിലയിലാണ്.