ഇന്ത്യന്‍ ടീമില്‍ തന്റെ പിന്‍ഗാമിയെ പ്രഖ്യാപിച്ച് ആര്‍ അശ്വിന്‍
ഇന്ത്യന്‍ സൂപ്്പര്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്റെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. ഗാബ ടെസ്റ്റിലെ സമനിലയ്ക്ക് തൊട്ടുപിന്നാലെയായിരുന്നു ഇന്ത്യന്‍ ഇതിഹാസ ഓള്‍റൗണ്ടറുടെ വിടവാങ്ങല്‍.
ഇതിനിടെ യുവ സ്പിന്നറും അശ്വിന്റെ പിന്‍ഗാമിയായി വിലയിരുത്തപ്പെടുന്ന വാഷിംഗ്ടണ്‍ സുന്ദറിന്റെ എക്‌സ് (ട്വിറ്റര്‍) പോസ്റ്റ് ശ്രദ്ധേയമായി. അശ്വിനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള സുന്ദറിന്റെ വാക്കുകള്‍ ഹൃദയസ്പര്‍ശിയായിരുന്നു.
''സ്പിന്‍ ബൗളിംഗിനെക്കുറിച്ച് താങ്കളില്‍ നിന്ന് ഒരുപാട് പഠിച്ചു, ഒരു ടീമംഗമെന്ന നിലയില്‍ മാത്രമല്ല, താങ്കളുടെ സമീപനം എനിക്ക് പ്രചോദനമായി,'' സുന്ദര്‍ കുറിച്ചു. ഒരേ സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരായതിനാല്‍, ചെപ്പോക്കില്‍ ഒരുമിച്ചും എതിരാളികളായും കളിച്ചത് തന്റെ കരിയറിനെ കൂടുതല്‍ മെച്ചപ്പെടുത്തിയെന്നും സുന്ദര്‍ കൂട്ടിച്ചേര്‍ത്തു. 'താങ്കളില്‍ നിന്ന് കടംകൊണ്ട കാര്യങ്ങള്‍ എന്റെ കരിയറിലെ സമ്പത്തായി നിലനില്‍ക്കും' എന്നും സുന്ദര്‍ എഴുതി.
സുന്ദറിന് മറുപടിയുമായി അശ്വിനും ഉടന്‍ തന്നെ എക്‌സില്‍ പ്രത്യക്ഷപ്പെട്ടു. വിജയ് നായകനായ 'ഗോട്ട്' സിനിമയിലെ ഒരു ഡയലോഗ് കടമെടുത്തായിരുന്നു അശ്വിന്റെ പ്രതികരണം. 'തുപ്പാക്കി പുടിങ്കാ വാഷി' (തോക്ക് പിടിച്ചോളൂ വാഷി) എന്ന വിജയ് കഥാപാത്രത്തിന്റെ ഡയലോഗ് പങ്കുവെച്ച് അശ്വിന്‍ ഒരു തലമുറ മാറ്റത്തിന്റെ സൂചനയും നല്‍കി. 'ഗോട്ടില്‍' വിജയ് കഥാപാത്രം ശിവകാര്‍ത്തികേയന്‍ കഥാപാത്രത്തിന് തോക്ക് കൈമാറുന്ന രംഗം, വിജയ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമ്പോള്‍ തമിഴ് സിനിമയിലെ 'ഗോട്ട്' പദവി ശിവകാര്‍ത്തികേയന് കൈമാറുന്നതായാണ് സിനിമാ ലോകം വിലയിരുത്തിയത്.
വിജയ് യുടെ പിന്‍ഗാമിയായി തമിഴ് സിനിമയില്‍ ശിവകാര്‍ത്തികേയനെയാണ് പലരും കാണുന്നത്. അശ്വിന്റെ ഈ ഡയലോഗ് പ്രയോഗവും സമാനമായ കൈമാറ്റത്തെയാണ് സൂചിപ്പിക്കുന്നതെന്നാണ് ആരാധകരുടെ പക്ഷം. അശ്വിന്‍ ഒഴിച്ചിട്ട സ്പിന്‍ സിംഹാസനം വാഷിങ്ടണ്‍ സുന്ദര്‍ ഏറ്റെടുക്കുമെന്ന സൂചനയായാണ് ആരാധകര്‍ ഇതിനെ കാണുന്നത്.
അശ്വിന്റെ വാക്കുകളിലൂടെ, തന്റെ പിന്‍ഗാമിയായി സുന്ദറിനെ അദ്ദേഹം അടയാളപ്പെടുത്തുന്നുവെന്ന വ്യക്തമായ സന്ദേശമാണ് ലഭിക്കുന്നത്. ക്രിക്കറ്റ് ലോകം ഇനി ഉറ്റുനോക്കുന്നത് സുന്ദര്‍ അശ്വിന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുമോ എന്നതാണ്.